ഗോപാൽ ഗോഡ്സെ തന്റെ മുത്തച്ഛനാണെന്നും സാത്യകി വിശദമാക്കി. സവർക്കർ, ഗോഡ്സെ കുടുംബങ്ങൾ തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും സാത്യകി കോടതിയിൽ സ്ഥിരീകരിച്ചു.

പൂനെ: മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെ ആർഎസ്എസിന്റെ സജീവ പ്രവർത്തകനായിരുന്നുവെന്ന് വി ഡി സവർക്കറുടെ ഉറ്റബന്ധു കോടതിയിൽ വ്യക്തമാക്കി. വി ഡി സവർക്കർക്കെതിരായ രാഹുൽ ഗാന്ധിക്കെതിരെ പ്രസംഗത്തിൽ വി ഡി സവർക്കറുടെ ബന്ധുവായ സാത്യകി സവർക്കർ നൽകിയ ക്രിമിനൽ അപകീർത്തി കേസ് പരിഗണിക്കുമ്പോഴാണ് സുപ്രധാന വെളിപ്പെടുത്തൽ. മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിൽ ഗൂഡാലോചനയ്ക്ക് ശിക്ഷിക്കപ്പെട്ട ഗോപാൽ ഗോഡ്സെയും ആർഎസ്എസിന്റെ സജീവ പ്രവർത്തകരായിരുന്നുവെന്നാണ് സാത്യകി പൂനെ കോടതിയിൽ വ്യക്തമാക്കിയത്. ഗോപാൽ ഗോഡ്സെ തന്റെ മുത്തച്ഛനാണെന്നും സാത്യകി വിശദമാക്കി. സവർക്കർ, ഗോഡ്സെ കുടുംബങ്ങൾ തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും സാത്യകി കോടതിയിൽ സ്ഥിരീകരിച്ചു.

ഗാന്ധി വധക്കേസിൽ നാഥുറാം ഗോഡ്സെയ്ക്ക് പുറമെ ഗോപാൽ ഗോഡ്സെയും വി. ഡി. സവർക്കറും പ്രതി ചേർക്കപ്പെട്ടിരുന്ന കാര്യവും സാത്യകി സ്ഥിരീകരിച്ചു. ഗാന്ധിവധത്തിന് വളരെ മുമ്പ് തന്നെ നാഥുറാം ഗോഡ്സെ ആർഎസ്എസ് വിട്ടിരുന്നു എന്ന സംഘടനയുടെ ദീർഘകാല അവകാശവാദത്തിന് വിരുദ്ധമാണ് കോടതിയിലെ ഈ വെളിപ്പെടുത്തൽ. 2023 മാർച്ചിൽ ലണ്ടനിൽ വെച്ച് രാഹുൽ ഗാന്ധി വി. ഡി. സവർക്കർക്കെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് കേസ്. വിചാരണയുടെ ഭാഗമായി ലണ്ടനിലെ പ്രസംഗത്തിലെ ശബ്ദവുമായി ഒത്തുനോക്കുന്നതിനായി രാഹുൽ ഗാന്ധിയുടെ ശബ്ദ സാമ്പിൾ ശേഖരിക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടും സാത്യകി കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

രാഹുൽ ഗാന്ധിയുടെ അഭിഭാഷകനായ മിലിന്ദ് പവാർ നടത്തിയ ക്രോസ് വിസ്താരത്തിലാണ് സാത്യകി ചരിത്രപരമായ ഈ വിവരങ്ങൾ സ്ഥിരീകരിച്ചത്.വി ഡി സവർക്കറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഒരിക്കൽ ഒരു മുസ്ലിം വ്യക്തിയെ മർദ്ദിക്കുകയും അതിൽ സന്തോഷിക്കുകയും ചെയ്തുവെന്ന് സവർക്കർ ഒരു പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്നായിരുന്നു രാഹുൽ അവകാശപ്പെട്ടെന്നാണ് കേസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം