മുംബൈ: വഴിയോര കച്ചവടക്കാരനായ മലയാളിയെ മുംബൈയില്‍ തലക്കടിച്ചു കൊലപ്പെടുത്തി. ബോംബെ മെട്രോ ഹോസ്പിറ്റലിന് മുൻപിൽ ഇളനീർ കച്ചവടം നടത്തുന്ന പാലക്കാട് സ്വദേശി മുഹമ്മദാലിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

മുഹമ്മദാലിയുടെ കടയ്ക്ക് മുൻപിൽ മദ്യപിക്കുകയും ലഹരി മരുന്ന് ഉപയോഗിക്കുകയും ചെയ്തതു  ചോദ്യം ചെയ്തതിനെ തുടർന്ന് മഹാരാഷ്ട്ര സ്വദേശികളായ യുവാക്കളുമായി മുഹമ്മദാലി തര്‍ക്കത്തിലായി. തര്‍ക്കം മൂത്തതോടെ യുവാക്കള്‍ ഇന്റർലോക്ക് ഇഷ്ടിക കൊണ്ടു മുഹമ്മദാലിയെ തലയ്ക്ക് പുറകിൽ അടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

സംഭവത്തില്‍ കേസെടുത്ത ആസാദ് മൈതാന്‍ പൊലീസ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മുഹമ്മദാലിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.