ദില്ലിയിൽ സുരക്ഷാ ക്രമീകരണങ്ങൾ കടുപ്പിച്ചതിൽ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ്. ഭയം മൂലമാണ് സർക്കാർ ഇതെല്ലാം ചെയ്തുകൂട്ടുന്നതെന്ന് ഖാർഗെ പറഞ്ഞു.

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജ്യ ആവശ്യപ്പെട്ട് കൂടുതൽ പ്രതിഷേധങ്ങൾക്ക് രാജ്യതലസ്ഥാനം വേദിയാകാനിരിക്കെ സുരക്ഷാ ക്രമീകരണങ്ങൾ കടുപ്പിച്ചതിൽ കേന്ദ്രസർക്കാരിനെതിരെ എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ. ഭയം മൂലമാണ് സർക്കാർ ഇതെല്ലാം ചെയ്തുകൂട്ടുന്നതെന്ന് ഖാർഗെ വിമർശിച്ചു. പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കണ്ട് ആശങ്കകൾ അറിയിക്കുമെന്നും ഖാർഗെ പറഞ്ഞു. ഗ്യാനേഷ് കുമാർ വരുത്തിയ തെറ്റുകൾ കാരണം രാജ്യത്ത് ഭയാനകമായ സാഹചര്യമാണെന്നും ജനാധിപത്യത്തെ അപകടത്തിലാക്കിയെന്നും ഖാർഗെ പറഞ്ഞു.

അവർ ഭയപ്പെടുന്നു. ഭയപ്പെടുന്ന ഒരാൾ ഇന്ന് അല്ലെങ്കിൽ നാളെ മരിക്കും. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനരീതി എന്നിവയിലുള്ള ആശങ്കകൾ പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ ധരിപ്പിക്കും. ഗ്യാനേഷ് കുമാർ വരുത്തിയ പിഴവുകൾ രാജ്യത്ത് ഭയാനകമായ സാഹചര്യം സൃഷ്ടിക്കുകയും ജനാധിപത്യത്തെ അപകടത്തിലാക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടാണ് തങ്ങൾ രാഷ്ട്രപതിയെ കണ്ട് അദ്ദേഹം ചെയ്ത കാര്യങ്ങളെക്കുറിച്ച് ധരിപ്പിക്കാൻ പോകുന്നതെന്ന് ഖാർഗെ പറഞ്ഞു.

മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരും ഈ പിഴവുകൾ ചൂണ്ടിക്കാട്ടി 10-15 തവണ കത്തുകൾ അയച്ചിരുന്നെങ്കിലും തിരുത്തൽ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ഖാര്‍ഗെ അവകാശപ്പെട്ടു.വോട്ട് ചോർച്ചയെക്കുറിച്ചും ഇവിഎമ്മുകളിലെ ക്രമക്കേടുകളെക്കുറിച്ചും രാഹുൽ ഗാന്ധി ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ഇന്ന് മാത്രമല്ല, വളരെക്കാലമായി തങ്ങൾ ഈ വിഷയങ്ങൾ ഉന്നയിച്ചുവരുന്നുണ്ട്. രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയാണ് തങ്ങൾ ഇത് ചെയ്യുന്നതെന്നും ഖാർഗെ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ആരോപിച്ച കെ സി വേണുഗോപാൽ എംപി, പ്രക്ഷോഭം തുടരുമെന്നും അറിയിച്ചു. ജനാധിപത്യ രാജ്യത്ത് പ്രക്ഷോഭങ്ങളും മാർച്ചുകളും നടക്കും. ഇതിൽ സർക്കാർ ഇടപെടലും ഉണ്ടാകും. എന്നാൽ, സർക്കാർ പൂർണമായും ഏകാധിപത്യ രീതിയിലാണ് പെരുമാറുന്നതെന്നും കെ സി വേണുഗോപാൽ വിമർശിച്ചു. അതേസമയം ദില്ലിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ചിടുന്നതടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ സുപ്രീംകോടതി എതിർപ്പ് അറിയിച്ചു. നിയന്ത്രണങ്ങൾ സാധാരണക്കാരെ, പ്രത്യേകിച്ച് പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ താൽപര്യമില്ലാത്തവരെ ബുദ്ധിമുട്ടിക്കുമെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, നിയന്ത്രണങ്ങൾ പുനപരിശോധിക്കാനും നിർദേശം നൽകി.