എട്ട് വർഷത്തിന് ശേഷം മെട്രോ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ

ദില്ലി: മെട്രോ നിരക്ക് വർദ്ധിപ്പിച്ച് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഇത് ആദ്യമായാണ് ഡിഎംആർസി ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നത്. ഇതിനുമുമ്പ് 2017ലാണ് നിരക്ക് വർദ്ധനവുണ്ടായത്. ഒരു രൂപ മുതൽ അഞ്ച് രൂപ വരെ വർദ്ധിക്കും. ഇന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നെന്ന് ഡിഎംആർസി അറിയിച്ചു.

"നിരക്ക് വർദ്ധനവ് ചെറിയ തോതിലായിരിക്കും. ഒരു രൂപ മുതൽ നാല് രൂപ വരെയാണ് നിരക്ക് വർദ്ധിക്കുക. എയർപോർട്ട് ലൈനിലെ നിരക്കുകൾ 5 രൂപ വരെ വർദ്ധിക്കും"- എന്നാണ് ഡിഎംആർസി അറിയിച്ചത്.

പുതിയ നിരക്ക് ഇങ്ങനെ: രണ്ട് കിലോമീറ്റർ വരെ 11 രൂപ, 2 മുതൽ 5 കി.മീ വരെ 21 രൂപ, 5 മുതൽ 12 കി.മീ വരെ 32 രൂപ, 12 മുതൽ 21 കി.മീ വരെ 43 രൂപ, 21 മുതൽ 32 കി.മീ വരെ 54 രൂപ, 32 കി.മീന് മുകളിലേക്ക് 64 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ. ഞായറാഴ്ചകളിലും ദേശീയ അവധി ദിവസങ്ങളിലും നിരക്കിൽ വ്യത്യാസമുണ്ട്. 2 കിലോ മീറ്റർ മുതൽ 5 കിലോ മീറ്റർ വരെ 11 രൂപ, 5-12 കി.മീ 21 രൂപ, 12-21 കി.മീ 32 രൂപ, 21-32 കി.മീ 43 രൂപ, 32 കി.മീന് മുകളിലേക്ക് 54 രൂപ എന്നിങ്ങനെയാണ് നിരക്ക്.

നിരക്ക് വർദ്ധനവിനെതിരെ യാത്രക്കാർ രംഗത്തെത്തി- "എന്തിനാണ് നിരക്ക് വർദ്ധിപ്പിക്കുന്നത്? എന്തെങ്കിലും അധിക സൗകര്യങ്ങളോ ആനുകൂല്യങ്ങളോ നൽകുമോ?" എന്നാണ് യാത്രക്കാരുടെ ചോദ്യം. "ഞാൻ ഡിഎംആർസിക്ക് ദിവസവും 130 രൂപ നൽകുന്നു, ഇനി അത് 140 രൂപയാകും. എന്നാൽ എന്‍റെ ശമ്പളത്തിൽ ആ വർദ്ധനയുണ്ടാകുന്നില്ല" എന്നാണ് മറ്റൊരു യാത്രക്കാരൻ പറഞ്ഞത്. ഇതെന്താണ് മുന്നറിപ്പൊന്നുമില്ലാതെ പെട്ടെന്നൊരു വർദ്ധനവ് എന്നും ഡിഎംആർസിയുടെ പോസ്റ്റിനടിയിൽ കമന്‍റുകൾ കാണാം. ഇതിന് മുൻപ് 2017-ലാണ് ഡിഎംആർസി നിരക്ക് വർദ്ധിപ്പിച്ചത്. ഞായറാഴ്ച വരെ കുറഞ്ഞ നിരക്ക് 10 രൂപയും കൂടിയ നിരക്ക് 60 രൂപയുമായിരുന്നു.

Scroll to load tweet…