ദാദ്ര നഗർ ഹവേലിയിലും ദാമൻ ദിയുവിലും നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതിൽ ഗുരുതര ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. ആകെയുള്ള 122 സീറ്റുകളിൽ 91-ലും ബിജെപി എതിരില്ലാതെ വിജയിച്ചതാണ് വിവാദമായത്.
മുംബൈ: ദാദ്ര നഗർ ഹവേലിയിലും ദാമൻ ദിയുവിലും തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തിന് പിന്നാലെ ഗുരുതര ക്രമക്കേട് നടന്നെന്ന് ആരോപിച്ച് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സഹായത്തോടെ ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ആകെയുള്ള 122 സീറ്റിൽ 91 ലും ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിലാണ് വിവാദം.
കോൺഗ്രസിൻ്റെ സ്ഥാനാർത്ഥികളിൽ 80 ശതമാനം പേരുടെയും പത്രികകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്നാണ് ആരോപണം. ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കോൺഗ്രസ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. നാളെയാണ് മത്സരം നടക്കുന്ന വാർഡുകളിൽ വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
ഈ കേന്ദ്ര ഭരണ പ്രദേശത്തെ 48 അംഗ ജില്ലാ പഞ്ചായത്തിൽ 35 എണ്ണത്തിലും ബിജെപി എതിരില്ലാതെ ജയിച്ചു. കഴിഞ്ഞ തവണ ഒൻപത് സീറ്റുകളിൽ ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലത്താണ് ഇപ്പോൾ 35 സീറ്റിലേക്കുള്ള കുതിപ്പ്. 44 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ 30 എണ്ണത്തിലും 30 മുനിസിപ്പാലിറ്റി സീറ്റുകളിൽ 26ഉം സമാനമായ നിലയിൽ എതിരാളികളില്ലാതെ ബിജെപി വിജയിച്ചു.
അഞ്ച് വർഷം മുൻപ് നടന്ന തെരഞ്ഞെടുപ്പിൽ ഇവിടുത്തെ ആകെയുള്ള 150 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ 84 എണ്ണത്തിൽ എതിരാളികളില്ലാതെയാണ് അംഗങ്ങൾ പ്രതിനിധികളായത്. 47 എണ്ണത്തിൽ സ്വതന്ത്രരും വിജയിച്ചു. കൊവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.
ഇക്കുറി ദാമൻ ജില്ലാ പഞ്ചായത്തിലെ 16 സീറ്റുകളിൽ 10 എണ്ണത്തിലും, ദാമൻ മുനിസിപ്പാലിറ്റിയിലെ 15 വാർഡുകളിൽ 12 എണ്ണത്തിലും, 16 ഗ്രാമപഞ്ചായത്തുകളിൽ 10 എണ്ണത്തിലും ബിജെപി സ്ഥാനാർത്ഥികളെ എതിരില്ലാതെ വിജയികളായി പ്രഖ്യാപിച്ചു. ദിയുവിൽ, എട്ട് ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ, അഞ്ചെണ്ണത്തിൽ ബിജെപി സ്ഥാനാർത്ഥികളെ വിജയികളായി പ്രഖ്യാപിച്ചു. സർപഞ്ച് സോളവാഡി, ബുച്ചാർവാഡ ഗ്രാമപഞ്ചായത്തുകൾ ബിജെപി എതിരില്ലാതെ ജയിച്ചുകയറി. ദാദ്ര, നാഗർ ഹവേലി ജില്ലാ പഞ്ചായത്തിൽ, 26 സീറ്റുകളിൽ 20 എണ്ണത്തിലും, 15 മുനിസിപ്പാലിറ്റി വാർഡുകളിൽ 14 എണ്ണത്തിലും, 26 ഗ്രാമപഞ്ചായത്തുകളിൽ 18 എണ്ണത്തിലും ബിജെപി സ്ഥാനാർത്ഥികളെ എതിരില്ലാതെ വിജയികളായി പ്രഖ്യാപിച്ചു


