തൊഴിലാളികളും അവരുടെ കുട്ടികളുമാണ് മരിച്ചത്. ബെംഗളൂരുവിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
തുംകൂരു: കർണാടകയിലെ തുംകൂരുവിൽ ട്രെക്കുമായി വാൻ കൂട്ടിയിടിച്ച് വൻ അപകടം. വ്യാഴാഴ്ച പുലർച്ചെ നടന്ന അപകടത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദേശീയപാതയിൽ കളംബെല്ലയ്ക്ക് സമീപം പുലർച്ചെ നാല് മണിയോടെയാണ് അപകടം. തൊഴിലാളികളും അവരുടെ കുട്ടികളുമാണ് മരിച്ചത്. ബെംഗളൂരുവിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സൂപ്രണ്ട് രാഹുൽ കുമാർ ഷഹപൂർവാദ് അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാർ സഞ്ചരിച്ച ടെമ്പോ ട്രാക്‌സിൽ 24 യാത്രക്കാരുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുമായും പൊലീസ് സൂപ്രണ്ടുമായും സംസാരിച്ചതായും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാൻ നിർദ്ദേശം നൽകിയതായും തുംകുരു ജില്ലാ ചുമതലയുള്ള കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രസ്താവനയിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎംഎൻആർഎഫിൽ നിന്ന് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും സഹയം പ്രഖ്യാപിച്ചു.
ഡിഗ്രി പ്രവേശനത്തിന് പോകുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ബുള്ളറ്റ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മണിയൂർ സ്വദേശിയായ വിദ്യാർഥി മരിച്ചു. മണിയൂർ എലിപ്പറമ്പത്തുമുക്ക് ഹോമിയോ ഡിസ്പൻസറിക്ക് സമീപം പരേതനായ വിനോദിന്റെയും വടകര വാട്ടർ അഥോറിറ്റിയിൽ ജോലി ചെയ്യുന്ന ശ്രീകലയുടെയും മകൻ ശ്രീരാഗ് (18 )ആണ് മരിച്ചത്. പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ശ്രീരാഗ് സഞ്ചരിച്ച ബുള്ളറ്റ് പേരാമ്പ്ര റോഡ് അട്ടക്കുണ്ട് പാലം ചിറക്കര റോഡ് കഴിഞ്ഞ ഉടനെ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നി മാറി സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു.
തെരുവുനായ കുറുകെ ചാടിയതോടെയാണ് ബുളറ്റ് നിയന്ത്രണ വിട്ടതെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
