നിലവിൽ ബിഹാർ സർക്കാരിൽ പൊതുമരാമത്ത്, നഗരവികസനം എന്നീ വകുപ്പുകളിൽ മന്ത്രിയാണ് നാലാം വട്ടം എംഎൽഎ ആയ നിതിൻ നബീൻ. അടുത്ത പാർട്ടി അദ്ധ്യക്ഷനായി നിതിൻ നബീൻ എത്താനാണ് സാധ്യത.
ദില്ലി: ബിഹാറിലെ മന്ത്രി നിതിൻ നബീനെ ദേശീയ വർക്കിംഗ് പ്രസിഡൻ്റായി നിയോഗിച്ച് ബിജെപി പാർലമെൻ്ററി ബോർഡ്. പാർട്ടി അദ്ധ്യക്ഷൻ ജെപി നദ്ദയുടെ പിൻഗാമിയെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് വർക്കിംഗ് പ്രസിഡൻ്റിനെ നിയമിച്ചു കൊണ്ടുള്ള ബിജെപിയുടെ അപ്രതീക്ഷിത നീക്കം. അടുത്ത പാർട്ടി അദ്ധ്യക്ഷനായി നിതിൻ നബീൻ എത്താനാണ് സാധ്യത.
പുതിയ ബിജെപി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരു ചർച്ചയിലും ഉയർന്ന് വരാത്ത ഒരു നേതാവിനെയാണ് ബിജെപി ഇപ്പോൾ പാർട്ടിയുടെ വർക്കിംഗ് പ്രസിഡൻ്റായി നിയോഗിച്ചിരിക്കുന്നത്. ബിജെപി പാർലമെൻ്ററി ബോർഡ് യോഗം ചേർന്നാണ് നിതിൻ നബീനെ ഈ സ്ഥാനത്തേക്ക് നിയമിക്കാൻ നിശ്ചയിച്ചത്. നിലവിൽ ബിഹാർ സർക്കാരിൽ പൊതുമരാമത്ത്, നഗരവികസനം എന്നീ വകുപ്പുകളിൽ മന്ത്രിയാണ് നാലാം വട്ടം എംഎൽഎ ആയ നിതിൻ നബീൻ. 2019 ആദ്യം ദേശീയ വർക്കിംഗ് പ്രസിഡൻ്റായ ശേഷമാണ് ജെപി നദ്ദ പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. നദ്ദ തല്ക്കാലം അദ്ധ്യക്ഷനായി തുടരും എന്ന സൂചനയാണ് തീരുമാനം നല്‍കുന്നത്. വർക്കിംഗ് പ്രസിഡൻ്റായ നിതിൻ നബിൻ പിന്നീട് ഈ സ്ഥാനത്തേക്ക് എത്താനുള്ള സാധ്യത ഏറുകയാണ്. നാല്പത്തഞ്ചുകാരനായ നിതിൻ നബിനെ നിശ്ചയിച്ചത് വഴി യുവാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള നയം കൂടി ബിജെപി പ്രകടമാക്കുകയാണ്.
മുതിർന്ന ബിജെപി നേതാവ് നബിൻ കിഷോർ സിൻഹയുടെ മകനായ നിതിൻ നബീൻ്റെ പേര് ആർഎസ്എസുമായി കൂടി ആലോചിച്ച ശേഷമാണ് നരേന്ദ്ര മോദി നിർദ്ദേശിച്ചതെന്നാണ് സൂചന. രണ്ടായിരത്തി ആറിൽ ഇരുപത്തിയാറാം വയസിലാണ് നിതിൻ നബീൻ പറ്റ്ന വെസ്റ്റ് മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിൽ എത്തിയത്. പിന്നീട് രണ്ടായിരത്തി പത്തു മുതൽ ബങ്കിപൂർ സീറ്റിൽ നിന്ന് മൂന്ന് തവണ വിജയിച്ചു. ഛത്തീസ്ഗഡിൻ്റെ ചുമതല ബിജെപി കേന്ദ്ര നേതൃത്വം നബീന് നല്‍കിയിരുന്നു. യുവാക്കൾ പാർട്ടിയിൽ നിന്ന് അകലുന്നു എന്ന പ്രചാരണത്തിനിടെയാണ് ബിഹാർ സംസ്ഥാന രാഷ്ട്രീയത്തിലൊതുങ്ങി നിന്ന നബീനെ ബിജെപി ഉന്നത നേതൃത്വത്തിലേക്ക് എത്തിക്കുന്നത്.



