ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ പല്ലവി എന്ന 19കാരിയായ നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. സംഭവത്തിൽ കോളേജ് അധികൃതർക്ക് വീഴ്ചയുണ്ടായെന്ന് കുടുംബം ആരോപിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്ന് ചാടി നഴ്സിങ് വിദ്യാർത്ഥിനി ജീവനൊടുക്കി. കുപ്പം പിഇഎസ് കോളേജ് ബിഎസ്‌സി നഴ്‌സിങ് വിദ്യാർത്ഥിനി 19കാരിയായ പല്ലവിയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് പെൺകുട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വെള്ളിയാഴ്ച രാവിലെയോടെ പെൺകുട്ടി മരിച്ചു.

താഴെ വീണ കുട്ടിയുടെ അടുത്തേക്ക് ജീവനക്കാരും കുട്ടികളും ഓടിയടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് മേൽനോട്ട കുറവുണ്ടായെന്ന് പല്ലവിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പല്ലവിയുടെ മരണം കോളേജിലെ വിദ്യാർത്ഥികളെയും മാനസീകമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.

ഈ മാസം ആദ്യം ചിറ്റൂരിലെ ശ്രീനിവാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻ്റ് മാനേജ്മെൻ്റ് സ്റ്റഡീസിലെ രണ്ട് വിദ്യാർത്ഥികൾ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇവരിലൊരാൾ മരിച്ചു. മറ്റൊരാൾ അത്യാസന്ന നിലയിൽ ചികിത്സയിലാണ്. ശ്രീകാകുളം ജില്ലയിൽ 20 വയസുള്ള എഞ്ചിനീയറിങ് വിദ്യാർത്ഥിയും കഴിഞ്ഞ ആഴ്ച ജീവനൊടുക്കിയിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)