ദില്ലിയിൽ വായുമലിനീകരണം രൂക്ഷമായതിനെ തുടർന്ന് സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സർക്കാർ, സ്വകാര്യ ഓഫീസുകളിലെ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകാൻ നിർദേശിച്ചു. 

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ തൊഴിലിടങ്ങളിൽ ക്രമീകരണവുമായി സർക്കാർ. സർക്കാർ, സ്വകാര്യ ഓഫീസുകളിൽ പകുതി ജീവനക്കാർ മാത്രം നേരിട്ട് ഓഫീസിലെത്തി ജോലി ചെയ്താൽ മതി. ബാക്കിയുള്ള 50 ശതമാനം പേർക്ക് വർക്ക് ഫ്രം ഹോം നൽകണമെന്നാണ് നിർദേശം. എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് കമ്മീഷന്‍റെ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ ലെവൽ 3 പ്രകാരമാണ് ഈ നിർദേശം.

വായുവിൻ്റെ ഗുണനിലവാരം അതീവ മോശമാകുമ്പോൾ കുട്ടികളെ തുറസ്സായ സ്ഥലങ്ങളിൽ കളിക്കാൻ അനുവദിക്കരുത് എന്നത് ഉൾപ്പെടെയുള്ള ചില നിയന്ത്രണങ്ങൾ സ്കൂളുകൾക്കായി ദില്ലി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ വർഷങ്ങളിലും ശൈത്യകാലത്ത് ദില്ലിയിൽ വായുമലിനീകരണം രൂക്ഷമായിരുന്നു. വായു നിലവാര സൂചിക, കാലാവസ്ഥ എന്നിവയുടെ ശരാശരി കണക്കാക്കിയാണ് നടപടിയെടുക്കുന്നത്.

ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ ലെവൽ 1 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക വായു നിലവാര സൂചിക 201 നും 300 നും ഇടയിലായിരിക്കുമ്പോൾ ആണ്. ലെവൽ 2 നിയന്ത്രണങ്ങൾ 301 നും 400 നും ഇടയിലായിരിക്കുമ്പോഴാണ് പ്രാബല്യത്തിൽ വരിക. ലെവൽ 3 നിയന്ത്രണങ്ങൾ എയർ ക്വാളിറ്റി ഇൻഡക്സ് 401 നും 450 നും ഇടയിലായിരിക്കുമ്പോൾ നിലവിൽ വരും. ലെവൽ 4 നിയന്ത്രണങ്ങൾ എക്യുഐ 451 കടക്കുമ്പോൾ ഏർപ്പെടുത്തും.

എല്ലാ മലിനീകരണ നിയന്ത്രണ നടപടികളും പൂർണ്ണ ഗൗരവത്തോടെ സർക്കാർ നടപ്പാക്കുന്നുണ്ടെന്ന് ദില്ലി പരിസ്ഥിതി മന്ത്രി മൻജീന്ദർ സിംഗ് സിർസ പറഞ്ഞു. മാലിന്യങ്ങളും ജൈവവസ്തുക്കളും തുറന്ന സ്ഥലത്ത് കത്തിക്കുന്നത് ഒഴിവാക്കാനും ജാഗ്രത പാലിക്കാനും സർക്കാർ നിർദേശം നൽകി. നിയമലംഘനങ്ങൾ 'ഗ്രീൻ ഡൽഹി ആപ്പ്' വഴി റിപ്പോർട്ട് ചെയ്യാനും സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

വായുമലിനീകരത്തിനെതിരെ ജെൻസി പ്രതിഷേധം

ദില്ലിയിൽ വായുമലിനീകരത്തിന് എതിരായ പ്രതിഷേധത്തില്‍ അറസ്റ്റിലായവരിൽ മലയാളികളും. തൃശ്ശൂർ, മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്. ദില്ലിയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിലായാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടു പേരേയും പട്യാല കോടതിയിൽ ഹാജരാക്കി. ഒരാൾ നിയമ ബിരുദ വിദ്യാർത്ഥിയും ഒരാൾ നിയമ ബിരുദം പൂർത്തിയാക്കിയ ആളുമാണ്. വായുമലിനീകരണത്തിനെതിരെ കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തിയവർ അർബൻ നക്സലുകളാണെന്നാണ് ദില്ലി പൊലീസ് പറയുന്നത്. പ്രതിഷേധക്കാർ മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന് കോടതിയിൽ പൊലീസ് അറിയിച്ചു. വായുമലിനീകരണത്തിന് എതിരായ പ്രതിഷേധം അല്ല ഇവർ ഉദ്ദേശിച്ചതെന്നും പൊലീസിനെ ആക്രമിച്ചെന്നും കോടതിയെ അറിയിച്ചു.

ജെൻ സി പ്രക്ഷോഭത്തിൽ പ്രതിഷേധക്കാരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കുകയാണ് ദില്ലി പൊലീസ്. ഇന്ത്യ ഗേറ്റിൽ നടന്ന പ്രതിഷേധത്തിൽ മാവോയിസ്റ്റ് നേതാവിന്റെ ചിത്രവും പേരും അടങ്ങിയ പ്ലക്കാർഡുകൾ പ്രദർശിപ്പിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം. പ്രതിഷേധത്തിനിടെ പൊലീസിനു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച 15 പേരെ അറസ്റ്റ് ചെയ്തതായും ദില്ലി പൊലീസ് അറിയിച്ചു. ദില്ലി കോർഡിനേഷൻ കമ്മിറ്റി ഫോർ ക്ലീൻ എയർ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം ഇന്ത്യ ഗേറ്റിന് മുന്നിൽ വായുമലിനീകരണത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ സമയത്ത് ഉയർത്തിപ്പിടിച്ച പോസ്റ്ററുകളിൽ ഒന്നിൽ ഈയിടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് കമാൻഡർ മാധ്വി ഹിദ്മയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതാണ് കൂടുതൽ അന്വേഷണങ്ങളിലേക്ക് വഴിവെച്ചത്.

പ്രതിഷേധത്തിൽ പങ്കെടുത്ത യുവാക്കളുടെ രാഷ്ട്രീയ പശ്ചാത്തലം സംബന്ധിച്ച് ദില്ലി പൊലീസ് അന്വേഷണം നടത്തുകയാണ്. ബിർസാ മുണ്ട മുതൽ മാധ്വി ഹിദ്മ വരെ വനം സംരക്ഷിക്കാനുള്ള പോരാട്ടം നടത്തി എന്നായിരുന്നു പോസ്റ്ററിലെ വാചകം. മാവോയിസ്റ്റ് അനുകൂല സംഘടനകളുമായി പ്രതിഷേധക്കാർക്കുള്ള ബന്ധമാണ് പ്രാഥമിക ഘട്ടത്തിൽ അന്വേഷിക്കുന്നത്. ജെൻയുവിലെയും ദില്ലി സ‍ർവ്വകലാശാലയിലെയും വിദ്യാർത്ഥികളാണ് പ്രതിഷേധത്തിന് എത്തിയവരിൽ കൂടുതലും. സംഭവത്തിൽ 15 ലധികം പേരെ അറസ്റ്റ് ചെയ്തു. പൊലീസിനെ ആക്രമിച്ചതിനും കുരുമുളക് സ്പ്രേ പ്രയോഗിച്ചതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും വിവിധ വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു.