ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 2 സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ലാൻസ് നായ്‌ക് പ്രിത്‌പാൽ സിങ്, ശിപായ് ഹർമിന്ദർ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. സൈന്യത്തിൻ്റെ ചിനാൽ കോർപ്സിൽ ഭാഗമായിരുന്ന ഇരുവരുടെയും മരണത്തിൽ സൈന്യം അനുശോചിച്ചു.
തുടർച്ചയായ ഒൻപതാം ദിവസത്തിലേക്ക് കടന്ന ഏറ്റുമുട്ടലിലാണ് സൈനികർ കൊല്ലപ്പെട്ടത്. മേഖലയിൽ നടന്ന സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റവും നീണ്ട ഏറ്റുമുട്ടലുകളിൽ ഒന്നായി ഇത് മാറി. 'വീരചരമം പ്രാപിച്ച ജവാന്മാരുടെ ധൈര്യം എന്നും ഞങ്ങളെ പ്രചോദിപ്പിക്കും. ഇന്ത്യൻ സൈന്യം ജവാന്മാരുടെ കുടുംബങ്ങൾക്കൊപ്പം. ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഓപ്പറേഷൻ അഖൽ തുടരുകയാണ്,' - ചിനാർ കോർപ്സ് ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ കുറിച്ചു.
ഇതുവരെ രണ്ട് ഭീകരരാണ് ഓപ്പറേഷൻ അഖലിനിടെ കൊല്ലപ്പെട്ടത്. 11 സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരിക്കേറ്റുയ. ഇവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി. രഹസ്യാന്വേഷണ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് ഓഗസ്റ്റ് ഒന്നിന് കുൽഗാമിലെ വനമേഖലയായ അഖലിലെത്തിയ സുരക്ഷാ ജീവനക്കാർക്ക് നേരെ ഭീകരർ വെടിയുതിർത്തത്.

