നീതി നടപ്പാക്കി എന്നാണ് സൈന്യത്തിന്‍റെ ആദ്യ പ്രതികരണം.

ദില്ലി: പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യ നടത്തിയ തിരിച്ചടിയിൽ 12 ഭീകരർ കൊല്ലപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യം ഇന്ത്യൻ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നീതി നടപ്പാക്കി എന്നാണ് സൈന്യത്തിന്‍റെ ആദ്യ പ്രതികരണം.

ബുധനാഴ്ച പുലർച്ചെ 1.44 ഓടെയാണ് മിസൈലുകൾ ഉപയോഗിച്ച് ഇന്ത്യ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും 9 ഭീകര താവളങ്ങൾ ആക്രമിച്ചത്. 9 പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു തകർത്തതായി കരസേന അറിയിച്ചു. ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയിട്ടില്ല. ബഹാവൽപൂരിലും മുസാഫറബാദിലും കോട്ലിയിലും മുറിഡ്കെയിലും ആക്രമണം നടന്നു. മിസൈൽ ആക്രമണമാണ് നടന്നതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആറ് പ്രദേശങ്ങളിലായി ആകെ 24 ആക്രമണങ്ങളാണ് ഉണ്ടായതെന്നാണ് പാകിസ്ഥാൻ സൈന്യം പറയുന്നത്.

തിരിച്ചടിയുടെ കൂടുതൽ വിവരങ്ങൾ ഇന്ത്യൻ സൈന്യം രാവിലെ 10 മണിയോടെ നൽകും. അറുനൂറോളം ഭീകരരെ ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളെ നടന്നതെന്താണെന്ന് ഇന്ത്യ അറിയിച്ചു.