കൊല്ലം കൊട്ടാരക്കര റെയില്‍വെ സ്റ്റേഷനിൽ വെച്ച് ട്രെയിനിന് അടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കടയ്ക്കൽ സ്വദേശി മിനി ആണ് മരിച്ചത്. ലഗേജ് വെച്ച് തിരിച്ചിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്
കൊല്ലം: കൊല്ലത്ത് ട്രെയിനിന് അടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കൊല്ലം കൊട്ടാരക്കര റെയില്‍വെ സ്റ്റേഷനിൽ വെച്ചാണ് അപകടമുണ്ടായത്. കടയ്ക്കൽ സ്വദേശി മിനി (42) ആണ് മരിച്ചത്. മകളെ യാത്രയയക്കാനായി റെയിൽവേ സ്റ്റേഷനിലെത്തി ലഗേജ് വച്ച് തിരിച്ചിറങ്ങുന്നതിനിടെയാണ് ദാരുണാപകടമുണ്ടായത്. ട്രെയിൻ മുന്നോട്ട് എടുത്തപ്പോൾ മിനി വീഴുകയായിരുന്നു. ലഗേജ് ട്രെയിനിൽ വെച്ചശേഷം മകളോട് യാത്രപറഞ്ഞ് തിരിച്ചിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇതിനിടെ, കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി പരിക്കേറ്റ യുവാവ് മരിച്ചു. കമ്പിക്കൈപറമ്പിൽ വിജീഷ് (40) ആണ് മരിച്ചത്. കൊയിലാണ്ടി റെയിൽവെമേൽപ്പാലത്തിനടിയിൽ വെച്ചാണ് അപകടമുണ്ടായത്. ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ വിജീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്.


