സെക്കന്തരാബാദിൽ സൈനിക ക്യാമ്പിൽനിന്ന് ആയുധങ്ങൾ മോഷണം പോയ സംഭവത്തിൽ മുൻ സൈനികൾ അറസ്റ്റിലായി. മഹബൂബ് നഗർ സ്വദേശിയായ ഉപ്പുതൊള്ള മല്ലേഷ് ആണ് പിടിയിലായത്. പ്രതിയെ മോഷണത്തിന് സഹായിച്ചവരും കസ്റ്റഡിയിലായി.

സെക്കന്തരാബാദ്: സെക്കന്തരാബാദിൽ കരസേനയുടെ മദ്രാസ് റെജിമെൻ്റിൻ്റെ ക്യാമ്പിൽനിന്ന് ആയുധങ്ങൾ മോഷണം പോയ സംഭവത്തിൽ മുൻ സൈനികൻ അറസ്റ്റിൽ. മുൻ ഹവിൽദാർ ഉപ്പുതൊള്ള മല്ലേഷിനെ ആണ് തെലങ്കാന പൊലീസ് പിടികൂടിയത്. പ്രതിയെ മോഷണത്തിന് സഹായിച്ച രണ്ടുപേർ കൂടി കസ്റ്റഡിയിലായി. മോഷണം പോയ മുഴുവൻ ആയുധങ്ങളും ഹൈദരാബാദിൽനിന്ന് കണ്ടെത്തി. പ്രതിയെ സർവീസിൽനിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട പകപോക്കലാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. തെലങ്കാന ഡിജിപി സി വി ആനന്ദ് ആണ് വാർത്താസമ്മേളനം വിളിച്ച് അറസ്റ്റ് അടക്കമുള്ള നടപടികൾ വിശദീകരിച്ചത്.

നേരത്തെ വിരമിക്കാനായി സമ്മർദം ചെലുത്തിയതിൽ മേലുദ്യേഗസ്ഥരോട് പ്രതിക്ക് പക ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. മഹബൂബ് നഗർ സ്വദേശിയായ ഉപ്പുതൊള്ള മല്ലേഷ്, ഇക്കഴിഞ്ഞ ജൂൺ മാസം 30നാണ് സർവീസിൽനിന്ന് വിരമിച്ചത്. 2010ലാണ് ഇയാൾ കരസേനയുടെ ഭാഗമായത്. 16 വർഷം സൈന്യത്തിൽ പ്രവർത്തിച്ച ഇയാൾ അച്ചടക്ക, ആരോഗ്യപ്രശ്നങ്ങൾ കാരണം നിർബന്ധിത വിരമിക്കലിന് തയ്യാറാകുകയായിരുന്നു. സർവീസിൽ നിന്നും നിർബന്ധിതമായി വിരമിക്കേണ്ടി വന്നതിലുള്ള അസംതൃപ്തിയാണ് മോഷണത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമികമായി വ്യക്തമാകുന്നതെന്ന് ഡിജിപി അറിയിച്ചു.

ഓഗസ്റ്റ് 30ന് രാത്രി 11 മണിയോടെ ബൊലാറത്തെ മദ്രാസ് റെജിമെൻ്റ് 20-ാം ബെറ്റാലിയൻ്റെ ക്യാമ്പിലെത്തിയ പ്രതി, ആയുധങ്ങളും തിരകളും മോഷ്ടിക്കുയായിരുന്നുവെന്ന് ഡിജിപി അറിയിച്ചു. കേസിൽ 100ലധികം പേരെ ചോദ്യം ചെയ്യുകയും 8.5 ലക്ഷത്തിലധികം മൊബൈൽ നമ്പറുകളുടെ സിഡിആർ പരിശോധിക്കുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചു. കാണാതായ നാല് എകെ-203 അസോൾട്ട് റൈഫിളുകളും ആറ് 9 എംഎം പിസ്റ്റലുകളും ഒരു ഇൻസാസ് റൈഫിളുകളും തിരകളും പൊലീസ് കണ്ടെത്തി. കരസേനയുടെ പരാതിയിൽ മൽക്കജ്ഗിരി പൊലീസ് കമ്മീഷണറേറ്റ് ആണ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നത്. സംഭവത്തിൽ കരസേനയുടെ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു.