പൊലീസ് വിളിപ്പിച്ചെന്നും വിശദമായി കാര്യങ്ങൾ പറഞ്ഞെന്നും ആര്യൻറെ പിതാവ് മഗാൻ സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ നിർണായക തെളിവായ ദൃശ്യങ്ങൾ പകർത്തിയത് 17 കാരനായ ആര്യനാണ്. വെറുതെ ടെറസിൽ നിൽക്കുമ്പോഴാണ് വിമാനം പറന്നുയർന്നത് ആര്യൻ കണ്ടത്. ഉടൻ തന്നെ ദൃശ്യങ്ങൾ തൻ്റെ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. നിർഭാഗ്യവശാൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ വിമാനം തകർന്നു വീണു. അപകടത്തിൻ്റെ ഈ ദൃശ്യങ്ങൾ ആര്യൻ്റെ കയ്യിൽ നിന്നാണ് പുറം ലോകമറിഞ്ഞത്. അപകടത്തിൻ്റെ തീവ്രത കണ്ട് ലോകം മുഴുവനും ഞെട്ടി.
അപകടം ഉണ്ടായി ദിവസങ്ങൾ പിന്നിടുമ്പോൾ പൊലീസ് 17കാരനേയും പിതാവിനേയും വിളിപ്പിച്ചു. ദൃശ്യങ്ങൾ പകർത്തിയതിനെ കുറിച്ച് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. സ്വാഭാവിക നടപടിക്രമം മാത്രമാണിത്. വിമാനത്താവളത്തിൽ നിന്ന് പറന്നു പൊങ്ങി വിമാനം നിയന്ത്രണം വിട്ട് മറിയുന്ന ദൃശ്യങ്ങൾ ടെറസിന് മുകളിൽ നിന്നാണ് ആര്യൻ പകർത്തിയതെന്ന് പൊലീസിനോട് വിശദീകരിച്ചു. നിലവിൽ ആര്യൻ ഗ്രാമത്തിലേക്ക് മടങ്ങിയെന്ന് പിതാവ് പറയുന്നു. പൊലീസ് വിളിപ്പിച്ചെന്നും വിശദമായി കാര്യങ്ങൾ പറഞ്ഞെന്നും ആര്യൻറെ പിതാവ് മഗാൻ സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മകനെയും തന്നെയും പൊലീസ് വിളിപ്പിച്ചിരുന്നുവെന്ന് വിമാനാപകട ദൃശ്യങ്ങൾ പകർത്തിയ ആര്യന്റെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിശദമായ സ്റ്റേറ്റ്മെൻറ് നൽകി. മറ്റൊന്നും പൊലീസ് പറഞ്ഞിട്ടില്ല. മകൻ ഗ്രാമത്തിൽ നിന്നും അവധിക്ക് തന്റെ കൂടെ വന്നതാണ്. ഒരു രസത്തിന് പകർത്തിയ വീഡിയോ ആണ്. നാളെ സ്കൂൾ ഉള്ളതുകൊണ്ട് തിരിച്ച് നാട്ടിലേക്ക് അയച്ചു എന്നും മഗൻ സിങ്ങ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, അഹമ്മദാബാദ് വിമാനാപകടത്തിൽ മരണസംഖ്യ 274 ന് ആയെന്ന് ഗുജറാത്ത് ആരോഗ്യ മന്ത്രി ഋഷികേശ് പട്ടേൽ പറഞ്ഞു. ഡിഎൻഎ പരിശോധനയിൽ 45 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായും മന്ത്രി അറിയിച്ചു. 294 മരിച്ചതായി ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. വിമാനത്തിലുണ്ടായിരുന്ന 241 പേരും പ്രദേശവാസികളും മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുമാണ് മരിച്ചത്.



