ജാതി സെൻസസിൻ്റെ ക്രഡിറ്റിനെ ചൊല്ലി കോൺഗ്രസിനെതിരെ ബിജെപി, സ്വകാര്യ മേഖലയിലും സംവരണം നടപ്പാക്കണമെന്ന് കോൺഗ്രസ്

ദില്ലി: ജാതി സെൻസസ് ഉൾപ്പെടുത്തിയുള്ള പൊതു സെൻസസ് ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ജാതി സെൻസസ് രാജ്യത്ത് നടക്കുന്നത് അധികാരത്തിലിരുന്നപ്പോൾ തടഞ്ഞ കോൺഗ്രസ് ക്രെഡിറ്റെടുക്കാൻ ശ്രമിക്കുന്നത് ആക്ഷേപകരമെന്ന് ബിജെപി കുറ്റപ്പെടുത്തി. സംവരണ പരിധി ഉയർത്തൽ, സ്വകാര്യ മേഖലയിലെ ക്വോട്ട എന്നിവയ്ക്കായി സമ്മർദ്ദം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം.

ജാതി സെൻസസ് നടത്താനുള്ള ചരിത്ര പ്രഖ്യാപനത്തിനു പിന്നാലെ ഇതെന്ന് യാഥാർത്ഥ്യമാകുമെന്ന ചോദ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഈ വർഷം സെൻസസ് നടത്താനുള്ള തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് സർക്കാരിൻറെ വിശദീകരണം. ജൂണിന് ശേഷം ഇതിനുള്ള നടപടികൾ തുടങ്ങാനാണ് സാധ്യത. സെൻസസിന് ആവശ്യമായ തുകയുടെ മൂന്നിലൊന്നാണ് സർക്കാർ ഇക്കൊല്ലം നീക്കി വച്ചത്. എന്നാൽ ബാക്കിയുള്ള തുക കണ്ടെത്താൻ തടസ്സമില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ജാതി കണക്കെടുപ്പും കൂടി സെൻസസിനൊപ്പം നടത്താനുള്ള നടപടിക്രമം വൈകാതെ നിശ്ചയിക്കും.

ബിഹാർ തെരഞ്ഞെടുപ്പിന് മുമ്പ് നടപടി പൂർത്തിയാക്കാനും ആലോചനയുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷം ജാതി സെൻസസിനെ എതിർത്ത കോൺഗ്രസ് ഇപ്പോൾ അവകാശവാദം ഉന്നയിക്കുന്നത് പരിഹാസ്യമെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി. കോൺഗ്രസ് സംസ്ഥാന സർക്കാരുകൾ നടപ്പാക്കിയ സർവ്വെ പ്രഹസനമെന്നും പ്രധാൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. രാഹുൽ ഗാന്ധി ജാതി സെൻസസ് എന്ന നിലപാട് ഉയർത്തിയപ്പോൾ പ്രധാനമന്ത്രി ഇതിനെ എതിർക്കുകയാണ് ചെയ്തതെന്ന് കോൺഗ്രസ് ഓർമമിപ്പിച്ചു. പിന്നാക്ക വിഭാഗങ്ങൾക്ക് നിലവിലുള്ള 50 ശതമാനം സംവരണ പരിധി ഉയർത്തുകയെന്ന ആവശ്യം ശക്തമാക്കാനാണ് കോൺഗ്രസിൻറെ തീരുമാനം. സർക്കാർ നിയമനങ്ങൾക്ക് മാത്രമല്ല സ്വകാര്യ മേഖലയിലും സംവരണം കർശനമാക്കണം എന്ന വാദവും കോൺഗ്രസ് ഉന്നയിക്കും.

ജാതി സെൻസസ് കേന്ദ്രം പ്രഖ്യാപിച്ചതിൻറെ ആശ്വാസത്തിലാണ് എൻഡിഎ സഖ്യകക്ഷികളായ ജെഡിയുവും തെലുങ്കുദേശവും. എൻഡിഎയെ ഇത് ശക്തിപ്പെടുത്തും എന്നാണ് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പ്രതികരിച്ചത്. അപ്രതീക്ഷിത സമയത്ത് ഇത് പ്രഖ്യാപിച്ചത് വഴി പ്രതിപക്ഷം മുതലെടുപ്പ് നടത്തുന്നത് തടയാനായി എന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം.