രാജ്യത്തെ എല്ലാ ഭക്ഷ്യവ്യാപാരികളും എഫ്എസ്എസ്എഐ ലൈസൻസ്/രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ക്യൂആർ കോഡിനൊപ്പം പ്രദർശിപ്പിക്കണമെന്ന് FSSAI നിർദ്ദേശം. 

തിരുവനന്തപുരം: രാജ്യത്തെ റെസ്റ്റോറന്‍റുകൾ, കഫേകൾ, ധാബകൾ, വഴിയോര ഭക്ഷണശാലകൾ എന്നിവയുൾപ്പെടെയുള്ള ഭക്ഷ്യവ്യാപാരികൾ (FBOs) അവരുടെ എഫ്എസ്എസ്എഐ ലൈസൻസ് അല്ലെങ്കിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഒരു ക്യൂആർ കോഡിനൊപ്പം പ്രദർശിപ്പിക്കണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പുതിയ നിർദ്ദേശം പുറത്തിറക്കി. ഭക്ഷ്യസുരക്ഷ, ശുചിത്വം, തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഉൽപ്പന്ന ലേബലുകൾ എന്നിവ സംബന്ധിച്ച് പരാതികൾ ഫയൽ ചെയ്യുന്നത് എളുപ്പമാക്കുന്നതിനും വേണ്ടിയാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.

ലൈസൻസിന്‍റെ നിർബന്ധിത ഭാഗമായ ക്യൂആർ കോഡ് പ്രവേശന കവാടങ്ങൾ, ബില്ലിംഗ് കൗണ്ടറുകൾ, ഡൈനിംഗ് ഭാഗങ്ങൾ എന്നിങ്ങനെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ കാണാൻ കഴിയുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കണം. ഉപഭോക്താക്കൾക്ക് സ്മാർട്ട്ഫോൺ ഉപയോഗിച്ച് ക്യൂആ‍ർ കോഡ് സ്കാൻ ചെയ്യാനും അതുവഴി ഫുഡ് സേഫ്റ്റി കണക്ട് ആപ്പിലേക്ക് പ്രവേശിക്കാനും കഴിയും. അവിടെ അവർക്ക് പരാതികൾ സമർപ്പിക്കുകയോ ഔട്ട്ലെറ്റിന്‍റെ രജിസ്‌ട്രേഷൻ നിലയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ കാണുകയോ ചെയ്യാം.

ആപ്പ് വഴി ഒരു പരാതി സമർപ്പിച്ചാൽ, അത് വേഗത്തിൽ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട അധികാര സ്ഥാപനത്തിലേക്ക് സ്വയമേവ കൈമാറും. ഈ നേരിട്ടുള്ള പ്രതിവിധി സംവിധാനം സമയം ലാഭിക്കാനും, ഉദ്യോഗസ്ഥ കാലതാമസം ഒഴിവാക്കാനും, ഭക്ഷ്യമേഖലയിലെ ഉത്തരവാദിത്തം വർദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ സംരംഭം ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഭക്ഷ്യസുരക്ഷ ഒരു മുൻഗണനയായി നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു വലിയ ശ്രമത്തിന്‍റെ ഭാഗമാണെന്ന് എഫ്എസ്എസ്എഐ ഒരു പ്രസ്താവനയിൽ പറഞ്ഞു. ശുചിത്വ, സുരക്ഷാ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ മാത്രമല്ല, ഒരു ഭക്ഷണശാല ഔദ്യോഗികമായി രജിസ്റ്റർ ചെയ്തതാണോ ലൈസൻസുള്ളതാണോ എന്ന് പരിശോധിക്കാനും ഈ ആപ്പ് ഉപയോക്താക്കളെ സഹായിക്കുന്നു.

കൂടാതെ, എല്ലാ ഭക്ഷ്യവ്യാപാരികളോടും അവരുടെ വെബ്സൈറ്റുകളിലും ഓൺലൈൻ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളിലും ഉൾപ്പെടെ എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ക്യൂആർ കോഡ് സംയോജിപ്പിക്കാനും എഫ്എസ്എസ്എഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ പോലും വിവരങ്ങൾ പരിശോധിക്കാനും പരാതികൾ റിപ്പോർട്ട് ചെയ്യാനും ഉപഭോക്താക്കളെ അനുവദിക്കും.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾക്ക് എഫ്എസ്എസ്എഐ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നിയമം വരുന്നത്. ഈ പ്ലാറ്റ്‌ഫോമുകളും ഉപഭോക്താക്കൾക്ക് നൽകുന്ന എല്ലാ രസീതുകളിലും ഇൻവോയിസുകളിലും ക്യാഷ് മെമോകളിലും അവരുടെ എഫ്എസ്എസ്എഐ ലൈസൻസ് അല്ലെങ്കിൽ രജിസ്‌ട്രേഷൻ നമ്പറുകൾ വ്യക്തമായി പ്രദർശിപ്പിക്കേണ്ടതുണ്ട്.