പാകിസ്ഥാനെതിരായ യുദ്ധം അവസാനിപ്പിച്ചതിൽ ട്രംപിൻ്റെ വാദങ്ങൾ ഏറ്റെടുത്ത് മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി
ദില്ലി: ഇന്ത്യ - പാക് വെടിനിർത്തലുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉന്നയിച്ച വാദങ്ങൾ ഏറ്റെടുത്ത് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമേരിക്ക ആവശ്യപ്പെട്ടത് പ്രകാരം അഞ്ച് മണിക്കൂറിൽ പാകിസ്ഥാനെതിരായ ആക്രമണം കേന്ദ്രസർക്കാർ അവസാനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു. ബിഹാറിലെ വോട്ടർ അധികാർ യാത്രയുടെ ഭാഗമായി റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടൽ അമേരിക്ക വ്യാപാര രംഗത്ത് നിസഹകരണമെന്ന ഭീഷണിയിലൂടെ അവസാനിപ്പിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
'അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ഇന്ന് എന്താണ് പറഞ്ഞതെന്ന് നിങ്ങൾക്കറിയാമോ? പാകിസ്ഥാനുമായുള്ള സംഘർഷം മൂർധന്യത്തിൽ നിൽക്കുമ്പോൾ മോദിയെ വിളിച്ച് 24 മണിക്കൂറിൽ യുദ്ധം നിർത്താൻ ആവശ്യപ്പെട്ടാണ് അദ്ദേഹം പറഞ്ഞത്. നമ്മുടെ പ്രധാനമന്ത്രി മോദി അത് ഉടനടി അനുസരിച്ചു. അമേരിക്കൻ പ്രസിഡൻ്റ് 24 മണിക്കൂർ സമയം നൽകിയെങ്കിലും ആദ്യത്തെ അഞ്ച് മണിക്കൂറിൽ തന്നെ കേന്ദ്ര സർക്കാർ പാകിസ്ഥാനെതിരായ യുദ്ധം അവസാനിപ്പിച്ചു,' - രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
പാകിസ്ഥാനുമായുള്ള യുദ്ധം അവസാനിച്ചത് ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണെന്നും അമേരിക്ക ഇടപെട്ടിട്ടില്ലെന്നുമാണ് കേന്ദ്ര സർക്കാരിൻ്റെ വാദം. എന്നാൽ യുഎസ് പ്രസിഡൻ്റും അദ്ദേഹത്തിൻ്റെ അനുയായികളും ലോകത്തെ ആണവായുധത്തിൽ നിന്ന് രക്ഷിക്കാൻ പാകിസ്ഥാനെതിരായ ഏറ്റുമുട്ടലിൽ നിന്ന് ഇന്ത്യയെ പിൻവലിപ്പിച്ചുവെന്നും ഇതിനായി മധ്യസ്ഥ ശ്രമം നടത്തിയെന്നും ആവർത്തിക്കുകയാണ്.
ഏറ്റവുമൊടുവിൽ ഡോണാൾഡ് ട്രംപാണ് വീണ്ടും ഈ നിലപാട് ഉയർത്തി രംഗത്ത് വന്നത്. അമേരിക്കയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഞാൻ വളരെ ഭയങ്കരനായ ഒരു മനുഷ്യനോടാണ് സംസാരിച്ചത്, ഇന്ത്യയിലെ മോദി. നിങ്ങൾക്കും പാകിസ്ഥാനും എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ ചോദിച്ചു. പിന്നീട് ഞാൻ പാകിസ്ഥാനോട് വ്യാപാരത്തെക്കുറിച്ച് സംസാരിച്ചു. നിങ്ങൾക്കും ഇന്ത്യയ്ക്കും എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ അവരോടും ചോദിച്ചു. ഇത് വളരെക്കാലമായി നടക്കുന്നു, ചിലപ്പോൾ നൂറുകണക്കിന് വർഷങ്ങളായി വ്യത്യസ്ത പേരുകളിൽ,' - ട്രംപ് പറഞ്ഞു. നിങ്ങളുമായി ഒരു വ്യാപാര കരാർ ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് താൻ വ്യക്തമാക്കിയെന്നും ഈ ഭീഷണി മുഴക്കി അഞ്ച് മണിക്കൂറിൽ യുദ്ധം അവസാനിച്ചുവെന്നും ട്രംപ് പറഞ്ഞു.



