100 കോടി രൂപ മുടക്കി നിർമ്മിച്ച റോഡിന്‍റെ നടുവിൽ മരങ്ങൾ നിലനിർത്തിയത് അപകടങ്ങൾക്ക് കാരണമാകുന്നു. വനം വകുപ്പിന്‍റെ ആവശ്യം നിറവേറ്റാൻ കഴിയാത്തതിനാലാണ് ജില്ലാ ഭരണകൂടം ഈ വിചിത്രമായ നീക്കം നടത്തിയത്.
പാറ്റ്ന: 100 കോടി രൂപ മുടക്കി നിര്‍മ്മിച്ച റോഡിന്‍റെ നടുവിൽ മരങ്ങൾ നിന്നാൽ എന്ത് സംഭവിക്കും? കേൾക്കുമ്പോൾ തമാശയാണെന്ന് തോന്നുമെങ്കിലും ഇത് യഥാര്‍ഥത്തിൽ സംഭവിച്ച കാര്യമാണ്. ബിഹാറിൽ പാറ്റ്നയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ജെഹാനാബാദിൽ 100 കോടി രൂപയുടെ റോഡ് വികസന പദ്ധതി പാളിയപ്പോൾ സംഭവിച്ചത് ഇതാണ്.
പാറ്റ്ന - ഗയ പ്രധാന റോഡിൽ, 7.48 കിലോമീറ്റർ നീളമുള്ള ഭാഗത്ത് നടുവിലായി മരങ്ങൾ തലയുയർത്തി നിൽക്കുകയാണ്. ഇത് യാത്രക്കാരെ അപകടങ്ങളിലേക്ക് തള്ളിവിടുന്നുമുണ്ട്. ഈ മരങ്ങൾ ഒറ്റരാത്രികൊണ്ട് വളർന്നതല്ല, സംഭവിച്ചത് പറഞ്ഞാൽ പക്ഷേ വിചിത്രമായി തോന്നാം. ജില്ലാ ഭരണകൂടം 100 കോടി രൂപയുടെ റോഡ് വികസന പദ്ധതി ഏറ്റെടുത്തപ്പോൾ, മരങ്ങൾ നീക്കം ചെയ്യാൻ അനുമതി തേടി വനം വകുപ്പിനെ സമീപിച്ചു.
എന്നാൽ ഈ ആവശ്യം നിരസിക്കപ്പെട്ടു. ഇതിന് പകരമായി, 14 ഹെക്ടർ വനഭൂമിക്ക് നഷ്ടപരിഹാരം നൽകണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. എന്നാൽ ജില്ലാ ഭരണകൂടത്തിന് ഈ ആവശ്യം നിറവേറ്റാൻ കഴിഞ്ഞില്ല. ഇതോടെ വിചിത്രമായ ഒരു നീക്കം നടത്തി, മരങ്ങൾ നിർത്തി തന്നെ റോഡ് നിര്‍മ്മാണം നടത്തി. മരങ്ങൾ നേർരേഖയിലല്ല നിൽക്കുന്നത്. അതുകൊണ്ട് തന്നെ ഡ്രൈവർമാർക്ക് ഇവയെ എളുപ്പത്തിൽ ഒഴിവാക്കാൻ കഴിയില്ല.
വളഞ്ഞും തിരിഞ്ഞും വേണം മരങ്ങൾക്കിടയിലൂടെ വാഹനമോടിക്കാൻ. ഇത് 100 കോടി രൂപയുടെ മരണക്കെണിയാക്കി മാറ്റിയിരിക്കുകയാണ്. റോഡിന്‍റെ നടുവിലുള്ള മരങ്ങൾ കാരണം ഇതിനകം നിരവധി അപകടങ്ങൾ സംഭവിച്ചതായി യാത്രക്കാർ പറയുന്നു. പക്ഷേ, മരങ്ങൾ നീക്കം ചെയ്യാൻ ജില്ലാ ഭരണകൂടം വ്യക്തമായ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഒരു വലിയ അപകടം സംഭവിക്കുകയും ആരെങ്കിലും മരണപ്പെടുകയും ചെയ്താൽ ആര് ഉത്തരവാദിയാകും? ഉത്തരം കിട്ടാത്ത ഈ ചോദ്യം, പരിഹരിക്കപ്പെടാത്ത ഈ പ്രശ്നം പോലെ അവശേഷിക്കുന്നു.


