പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അവതരിപ്പിച്ച ആദ്യ ബജറ്റിൽ തൊഴിൽരഹിതരായ യുവാക്കൾക്ക് 3000 രൂപ വരെ പ്രതിമാസ ധനസഹായം നൽകുന്ന 'ഭരോസ' പദ്ധതി പ്രഖ്യാപിച്ചു. സ്ത്രീക്ഷേമം, ഒരു ലക്ഷത്തോളം പുതിയ സർക്കാർ നിയമനങ്ങൾ, നാല് പുതിയ വിമാനത്താവളങ്ങൾ എന്നിവയും ബജറ്റിലെ പ്രധാന ആകർഷണങ്ങളാണ്. 

കൊൽക്കത്ത: ജോലിയില്ലാത്ത ബിരുദധാരികൾക്ക് പ്രതിമാസം 3000 രൂപ ധനസഹായം നൽകാൻ പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ തീരുമാനിച്ചു. ബംഗാളിലെ ബിജെപി സർക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി സ്വപൻ ദാസ് ഗുപ്തയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സാമൂഹിക ക്ഷേമ പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും തൊഴിലിനും ഊന്നൽ നൽകിയ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

21 മുതൽ 45 വയസ്സ് വരെയുള്ള തൊഴിൽരഹിതരായ യുവാക്കൾക്കായി 'ഭരോസ' പദ്ധതിയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഈ പദ്ധതി പ്രകാരം ബിരുദമുള്ള തൊഴിൽരഹിതർക്ക് പ്രതിമാസം 3000 രൂപയും ബിരുദമില്ലാത്ത തൊഴിൽരഹിതർക്ക് 2000 രൂപയും വീതമായിരിക്കും അലവൻസ് നൽകുകയെന്ന് മന്ത്രി വ്യക്തമാക്കി. സ്ത്രീക്ഷേമത്തിനായി വൻ തുക ബജറ്റിൽ മാറ്റിവെച്ചിട്ടുണ്ട്. സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്രയൊരുക്കാൻ 550 കോടി രൂപയും അന്നപൂർണ യോജന എന്ന ധനസഹായ പദ്ധതിക്കായി 36000 കോടി രൂപയും വകയിരുത്തി. കൂടാതെ അവിവാഹിതരായ യുവതികൾക്ക് ഉപരിപഠനത്തിനായി 50000 രൂപയുടെ ഒറ്റത്തവണ ഗ്രാന്റും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വൻതോതിലുള്ള നിയമനങ്ങൾ നടത്തുമെന്നും പ്രഖ്യാപനമുണ്ട്. പൊലീസ് വകുപ്പിൽ 20000 ഒഴിവുകളും അധ്യാപക തസ്തികകളിൽ 50000 ഒഴിവുകളും നികത്തും. വിവിധ സർക്കാർ വകുപ്പുകളിലായി ആകെ ഒരു ലക്ഷത്തോളം നിയമനങ്ങൾ നടത്തുമെന്നും ഇതിൽ 33 ശതമാനം തസ്തികകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു.

നാല് പുതിയ വിമാനത്താവളങ്ങൾ

വിദ്യാഭ്യാസ രംഗത്ത് വടക്കൻ ബംഗാളിന് നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. വടക്കൻ ബംഗാളിൽ ഉടൻ തന്നെ മേഖലയിലെ ആദ്യത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റും സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കൊൽക്കത്ത വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കുന്നതിനായി കല്യാണിയിൽ പുതിയ വിമാനത്താവളം നിർമ്മിക്കാൻ 1000 മുതൽ 1500 ഏക്കർ വരെ ഭൂമി കണ്ടെത്തുമെന്നതാണ് പ്രധാന പ്രഖ്യാപനം. കൂടാതെ കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതിക്ക് കീഴിൽ പുരുലിയ, ബാലുർഘട്ട്, മാൽഡ എന്നിവിടങ്ങളിൽ പുതിയ വിമാനത്താവളങ്ങൾ സ്ഥാപിക്കുമെന്നും കൂച്ച് ബെഹാർ വിമാനത്താവളം വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിരമിച്ച മാധ്യമപ്രവർത്തകർക്ക് പ്രതിമാസം 5000 രൂപ പെൻഷൻ നൽകുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. ഇതോടൊപ്പെ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ 20 ശതമാനം വർദ്ധനവ് വരുത്തുമെന്നും പുതുക്കിയ ക്ഷാമബത്ത ഈ വർഷം ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി അറിയിച്ചു.