നമ്മളൊരു ജനാധിപത്യ സംവിധാനത്തിന്‍റെ ഭാഗമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുന്നത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി
ദില്ലി: രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ നല്‍കുന്നതിനെ വീണ്ടും വിമര്‍ശിച്ച് സുപ്രീംകോടതി. സാമ്പത്തിക രംഗത്തു നിന്നു ധനനഷ്ടമുണ്ടാകുന്നതും ജന ക്ഷേമവും പൊതു ഖജനാവിന്‍റെ സാമ്പത്തിക ഞെരുക്കവും തമ്മില്‍ ഒരു സന്തുലിതാവസ്ഥ ഉണ്ടായിരികണമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന്‍റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാനാകില്ല. നമ്മളൊരു ജനാധിപത്യ സംവിധാനത്തിന്‍റെ ഭാഗമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുന്നത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി.
'ജനക്ഷേമവും ഖജനാവിന്‍റെ സാമ്പത്തിക ഞെരുക്കവും തമ്മില്‍ സന്തുലിതാവസ്ഥ ഉണ്ടായിരിക്കണം' സുപ്രീം കോടതി
തെരഞ്ഞെടുപ്പു കമ്മീഷന്‍ നിലവിലുള്ളപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ നല്‍കുന്നത് കോടതികള്‍ക്ക് ഏതു പരിധി വരെ ഇടപെടാമെന്നതും പരിശോധിക്കേണ്ട വിഷയമാണ്. തെരഞ്ഞെടുപ്പു കമ്മീഷന്‍ ഒരു സ്വതന്ത്ര സംവിധാനമാണ്. നിയന്ത്രണങ്ങള്‍ എങ്ങനെ ഏര്‍പ്പെടുത്താമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും അവരവരുടെ യുക്തിക്കനുസരിച്ചു തീരുമാനം എടുക്കാവുന്നതാണ്. സൗജന്യങ്ങള്‍ നല്‍കുന്നത് തീര്‍ച്ചയായും ഒരു ഗുരുതര പ്രശ്‌നം തന്നെയാണ്. സാമ്പത്തിക അച്ചടക്കം ഉണ്ടായേ തീരും. പക്ഷേ, ഇന്ത്യയെ ദാരിദ്ര്യം നിലവിലുള്ള ഒരു രാജ്യത്ത് തീര്‍ത്തും ഇക്കാര്യം തീര്‍ത്തും അവഗണിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് പൊതുതാൽപര്യ ഹർജി പരിഗണിച്ചു കൊണ്ടു പറഞ്ഞു.
പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ നല്‍കുന്നത് പരിശോധിക്കാന്‍ നീതി ആയോഗ്, ധനകാര്യ കമ്മീഷന്‍, ലോ കമ്മീഷന്‍, റിസര്‍വ് ബാങ്ക്, ഭരണപക്ഷ-പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതതല സമിതി രൂപീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും തെരഞ്ഞെടുപ്പു കമ്മീഷനും ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ സത്യവാങ്മൂലം കോടതിയില്‍ എത്തും മുന്‍പ് തന്നെ പത്രങ്ങളിൽ വാര്‍ത്തയായതിന് ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.
ബുധനാഴ്ച രാത്രി വരെ തെരഞ്ഞെടുപ്പു കമ്മീഷന്റെ സത്യവാങ്മൂലം കോടതിയില്‍ എത്തിയിട്ടില്ല എന്നാല്‍, രാവിലെ പത്രത്തില്‍ അതേക്കുറിച്ചു വായിച്ചു എന്നാണ് ചീഫ് ജസ്റ്റീസ് പറഞ്ഞത്. പത്രങ്ങള്‍ക്ക് നിങ്ങൾ കൊടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കൊടുത്തോളൂ. പക്ഷേ, പത്രങ്ങള്‍ക്ക് കിട്ടുന്നത് എന്തു കൊണ്ട് കോടതിയില്‍ എത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു. സത്യവാങ് മൂലം ഇതിനോടകം സമര്‍പ്പിച്ചു കഴിഞ്ഞു എന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. കേസിൽ ഇനി വാദം അടുത്ത ബുധനാഴ്ച്ച വീണ്ടും തുടരും.
