ശ്രീന​ഗർ: അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ഭീകരാക്രമണത്തിന് നീക്കങ്ങൾ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത തുടരുന്നു. പാകിസ്ഥാൻ സൈന്യം വൻ ഭീകരാക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായാണ് സുരക്ഷാ സേന മുന്നറിയിപ്പ് നൽകിയത്. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അതീവ ജാ​ഗ്രതാ നിർദ്ദേശമാണ് സർക്കാർ നൽകിയത്.

അമർനാഥ്‌ തീർഥാടന വഴിയിൽ നിന്ന് സുരക്ഷാ സേന ഇന്നലെ വൈകിട്ടോടെ ആയുധങ്ങളും കുഴി ബോംബുകളും കണ്ടെടുത്തിരുന്നു. ഭീകരർക്ക് പാക് സൈന്യത്തിന്‍റെ സഹായം ലഭിച്ചിട്ടുണ്ടെന്നും സുരക്ഷാ സേന മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് വിളിച്ചു ചേര്‍ത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സേനാവക്താക്കള്‍ ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ നിർമിത ആയുധങ്ങളിലൊന്ന് ഭീകരത്താവളങ്ങളിലുണ്ടായിരുന്നതായി സൈന്യം വെളിപ്പെടുത്തിയിട്ടുണ്ട്.

വായിക്കാം;ഭീകരാക്രമണ സാധ്യത: കശ്മീരിന് പിന്നാലെ പഞ്ചാബിലും അതീവ ജാഗ്രത; ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെന്ന് ഒമര്‍

അമർനാഥിൽ നിന്ന് വൻ സ്ഫോടക ശേഖരം കണ്ടെത്തിയതിനെ തുടർന്ന് താഴ്‌വരയിൽ നിന്ന് ഒഴിഞ്ഞു പോകാൻ തീർഥാടകർക്കും കശ്മീരിലെ വിനോദ സഞ്ചാരികൾക്കും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കര, വ്യോമ സേനയ്ക്കും കേന്ദ്ര സർക്കാർ ജാഗ്രതാ നിർദേശം നൽകി.  കശ്മീരിലെ രാഷ്ട്രീയ നേതാക്കളോട് സംയമനം പാലിക്കണമെന്ന് ഗവർണർ സത്യപാൽ മാലിക് ആവശ്യപ്പെട്ടു.

വായിക്കാം; പാക് ഭീകരർ അമർനാഥ് തീർത്ഥാടകരെ ലക്ഷ്യമിടുന്നെന്ന് സൈന്യം, അതീവ ജാഗ്രത

അതേസമയം,  ഈ മാസം 15 വരെ ജമ്മു കശ്മീരിലേക്കുള്ള വിമാനടിക്കറ്റുകൾ മാറ്റിയെടുക്കാനോ റദ്ദാക്കാനോ തുക ഈടാക്കില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇൻഡിഗോയും ഗോ എയറും സമാനമായ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ശ്രീനഗറിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾക്ക് തയ്യാറാകാൻ ഡിജിസിഎ വിമാന കമ്പനികൾക്ക് നിർദേശം നൽകി.