ഡെറാഡൂൺ എയർപോർട്ടിലെ മുൻ സീനിയർ മാനേജർ രാഹുൽ വിജയ് 232 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ സിബിഐ അറസ്റ്റ് ചെയ്തു. ഔദ്യോഗിക രേഖകൾ ദുരുപയോഗം ചെയ്ത് വ്യാജ അക്കൗണ്ടുകൾ വഴി പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കണ്ടെത്തൽ.

റെറാഡൂണ്‍: സ്വന്തം അക്കൗണ്ടിലേക്ക് വൻ തുക മാറ്റിയ എയർപോര്‍ട്ട് അതോറിറ്റി മാനേജറെ അറസ്റ്റ് ചെയ്ത് സിബിഐ. 232 കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതിന ചൊവ്വാഴ്ചയാണ് രാഹുൽ വിജയ് എന്ന സീനിയര്‍ മാനേജര്‍ പിടിയിലായത്. ഡെറാഡൂൺ എയർപോർട്ടിൽ ജോലി ചെയ്യുമ്പോൾ, ഔദ്യോഗിക രേഖകൾ ദുരുപയോഗം ചെയ്തും മാറ്റങ്ങൾ വരുത്തിയും രാഹുൽ വിജയ് തട്ടിപ്പ് നടത്തിയതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ സിബിഐക്ക് പരാതി നൽകിയിരുന്നു.

സിബിഐയുടെ അന്വേഷണത്തിൽ, 2019-2020 മുതൽ 2022-2023 വരെയുള്ള കാലയളവിൽ രാഹുൽ വിജയ് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുകയും അവയുടെ മൂല്യം പെരുപ്പിച്ച് കാണിക്കുകയും ചെയ്തുവെന്ന് കണ്ടെത്തി. ഇത് വഴി 232 കോടി രൂപ പൊതു ഖജനാവിൽ നിന്ന് സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയതായി അന്വേഷണ ഏജൻസി പറഞ്ഞു. ഈ തുക പിന്നീട് വിവിധ വ്യാപാര അക്കൗണ്ടുകളിലേക്ക് മാറ്റിയതായും സിബിഐ അറിയിച്ചു.

റെയ്ഡിൽ നിർണായക രേഖകൾ കണ്ടെത്തി

ഓഗസ്റ്റ് 28-ന് സിബിഐ സംഘം രാഹുൽ വിജയുടെ ജയ്പൂരിലെ ഔദ്യോഗിക, താമസ സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. റെയ്ഡിൽ ഭൂമിയുടെയും മറ്റ് സെക്യൂരിറ്റികളുടെയും രേഖകൾ കണ്ടെടുത്തു. പൊതു ഫണ്ടുകൾ ദുരുപയോഗം ചെയ്തതിനും ക്രിമിനൽ കുറ്റങ്ങൾക്കും ഉദ്യോഗസ്ഥനെതിരെ കേസെടുത്തിട്ടുണ്ട്. അറസ്റ്റിലാകുമ്പോൾ, രാഹുൽ വിജയ് ജയ്പൂർ എയർപോർട്ടിൽ എഎഐയുടെ ഫിനാൻസ് ഇൻചാർജ് ആയി ജോലി ചെയ്യുകയായിരുന്നു. കോൾ ഇന്ത്യയിലും അദ്ദേഹം നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്.