ഇന്ത്യാ-പാകിസ്ഥാൻ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് വിരുദ്ധ പ്രസ്താവനയുടെ പേരിൽ തന്നെയാരും താക്കീത് ചെയ്‌തിട്ടില്ലെന്ന് ശശി തരൂർ
തിരുവനന്തപുരം: ഇന്ത്യാ - പാകിസ്ഥാൻ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് വിരുദ്ധമായ അഭിപ്രായം പറഞ്ഞെന്ന പേരിൽ തന്നെയാരും താക്കീത് ചെയ്തിട്ടില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. താൻ കൂടി പങ്കെടുത്ത പാർട്ടി മീറ്റിംഗിൽ തന്നോട് നേരിട്ടോ, അല്ലാതെയോ ആരും താക്കീത് ചെയ്തിട്ടില്ല. ഇതിന് എന്തെങ്കിലും തെളിവുണ്ടെങ്കിൽ, ഒരു രേഖ കാണിക്കൂ. ഞാൻ പാർട്ടി വക്താവല്ല. വ്യക്തിപരമായി വിദേശ കാര്യങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. പാർട്ടി ചോദിച്ചാൽ ഞാൻ വ്യക്തത നൽകും. പാർട്ടി പുനഃസംഘടനയിൽ രാഹുൽ ഗാന്ധി അഭിപ്രായം ചോദിച്ചിരുന്നു. അത് താൻ പറയുകയും ചെയ്തു. പിന്നീട് ഹൈക്കമാൻഡ് തീരുമാനം വന്നു. ഇനി എന്തു പറയാനാണ്? ഞാൻ വിവാദക്കാരനല്ല. രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ എന്തോ എല്ലാം വിവാദമാകുന്നു. ഞാൻ പങ്കെടുത്ത ഒരു മീറ്റിംഗിലും എന്നെ കുറിച്ച് ചർച്ച നടന്നിട്ടില്ല. കെ.മുരളീധരൻ പങ്കെടുത്ത ഏതെങ്കിലും മീറ്റിംഗിൽ ചർച്ച നടന്നോയെന്ന് അറിയില്ലെന്നും ശശി തരൂർ പറഞ്ഞു.


