ശിവകുമാറിന് ബിജെപിയോട് മൃദുസമീപനമാണെന്ന് ആരോപിച്ച് സിദ്ധരാമയ്യ വിഭാഗം ഹൈക്കമാന്‍ഡിന് കത്തയച്ചു. മുഡ അഴിമതി കേസിലെ സിദ്ധരാമയ്യയുടെ പങ്ക് സൂചിപ്പിച്ച് ശിവകുമാര്‍ വിഭാഗവും തിരിച്ചടിച്ചു.
ദില്ലി: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാക്കി ഹൈക്കമാന്‍ഡിന് മുന്നില്‍ പരസ്പരം കുറ്റപത്രവുമായി സിദ്ധരാമയ്യ, ശിവകുമാര്‍ ക്യാമ്പുകള്‍. ശിവകുമാറിന് ബിജെപിയോട് മൃദുസമീപനമാണെന്ന് ആരോപിച്ച് സിദ്ധരാമയ്യ വിഭാഗം ഹൈക്കമാന്‍ഡിന് കത്തയച്ചു. മുഡ അഴിമതി കേസിലെ സിദ്ധരാമയ്യയുടെ പങ്ക് സൂചിപ്പിച്ച് ശിവകുമാര്‍ വിഭാഗവും തിരിച്ചടിച്ചു. കോണ്‍ഗ്രസ് പോര് തെരുവ് യുദ്ധമായി മാറുകയാണെന്നും ജനങ്ങളോട് കോണ്‍ഗ്രസിന് ഒരു പ്രതിബദ്ധതയുമില്ലെന്നും ബിജെപി കേന്ദ്ര നേതൃത്വം വിമര്‍ശിച്ചു.
കര്‍ണാടക പോര് കൂടുതല്‍ രൂക്ഷമാക്കുന്നതാണ് ഹൈക്കമാന്‍ഡിലേക്കുള്ള ഇരുക്യാമ്പുകളിലെയും പരാതി പ്രളയം. ഹൈക്കമാന്‍ഡ് നേതാക്കളില്‍ കൂടുതല്‍ ശിവകുമാറിനൊപ്പമെന്ന സൂചന വന്നതോടെ ബിജെപി ബാന്ധവമടക്കം ആരോപിച്ചുള്ള പരാതികളാണ് നേതൃത്വത്തിനയക്കുന്നത്. കുംഭമേളയില്‍ നിന്ന് പാർട്ടി നേതൃത്വം വിട്ടു നിന്നപ്പോള്‍ പ്രയാഗ് രാജില്‍ ശിവകുമാര്‍ കുളിച്ചത്, കഴിഞ്ഞ വര്‍ഷം ഇഷാ ഫൗണ്ടേഷന്‍റെ പരിപാടിയില്‍ അമിത്ഷാക്കൊപ്പം വേദി പങ്കിട്ടത്, കര്‍ണാടക നിയമസഭയില്‍ ആര്‍എസ്എസിന്‍റെ ഗണഗീതം പാടിയത് ഇങ്ങനെ കുറ്റങ്ങള്‍ ഒന്നൊന്നായി ചാര്‍ത്തി ശിവകുമാറിന് ബിജെപിയോട് മൃദു സമീപനമാണെന്ന് സ്ഥാപിക്കാനാണ് സിദ്ധരാമയ്യ ക്യാമ്പിന്‍റെ ശ്രമം.
മുഖ്യമന്ത്രി ഫോര്‍മുല നടപ്പിലായില്ലെങ്കില്‍ ശിവകുമാർ കോണ്‍ഗ്രസ് വിടുമെന്ന ആക്ഷേപവും സിദ്ധരാമയ്യ ക്യാമ്പ് പ്രചരിപ്പിക്കുന്നുണ്ട്. അതേ സമയം സിദ്ധരമായ്യയെ പൂട്ടാന്‍ ബിജെപി ആയുധമാക്കിയ മുഡ അഴിമതി കേസ് പൊടിതട്ടിയെടുത്താണ് ശിവകുമാര്‍ ക്യാമ്പിന്‍റെ നീക്കം. ഭൂമി അഴിമതിയില്‍ സിദ്ധരാമയ്യക്കും ഭാര്യക്കുമെതിരായ കേസ് പാര്‍ട്ടിക്ക് ബാധ്യതയാകുമെന്നാണ് മുന്നറിയിപ്പ്. കോണ്‍ഗ്രസ് നേതാക്കളെ അവഗണിച്ച് ഒപ്പമെത്തിയ ജനതാദളുകാരെ മാത്രമേ സിദ്ധരാമയ്യ പരിഗണിക്കുന്നുള്ളൂവെന്നും ശിവകുമാര്‍ ക്യാമ്പ് പരാതിപ്പെടുന്നു. അതേസമയം മുഖ്യമന്ത്രി പദത്തിലെ ടേം വ്യവസ്ഥ ഓര്‍മപ്പെടുത്താന്‍ വാക്കിന് വില വേണമെന്ന പരോക്ഷ മുന്നറിയിപ്പുമായി ശിവകുമാര്‍ സമൂഹമാധ്യമത്തിലിട്ട പോസ്റ്റിന് സിദ്ധരാമയ്യ സമൂഹമാധ്യമ പോസ്റ്റിലൂടെ തന്നെ നല്‍കിയ മറുപടിയും ചര്‍ച്ചയാകുകയാണ്. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തിയില്ലെങ്കില്‍ വാക്ക് കൊണ്ട് കാര്യമില്ലെന്ന് കര്‍ണാടകയില്‍ നടപ്പാക്കിയ പദ്ധതികള്‍ വിശദീകരിച്ച് സിദ്ധരാമയ്യ തിരിച്ചടിച്ചിരുന്നു. നേതാക്കളുടെ തമ്മിലടിയും, അവിശ്വാസത്തിനായി ബിജെപി നീക്കം തുടങ്ങിയതും ഹൈക്കമാന്‍ഡിന് സമ്മര്‍ദ്ദം കൂട്ടുകയാണ്.



