ബംഗളൂരു: കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പിന്‍റെ നടപടിക്രമങ്ങള്‍ തിങ്കളാഴ്ച പൂര്‍ത്തിയായേക്കും. ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്താമെന്ന കോണ്‍ഗ്രസിന്‍റെ നിലപാട് സ്പീക്കര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന്, തിങ്കളാഴ്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി ഉറപ്പ് നല്‍കുകയായിരുന്നു. വിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച പൂര്‍ത്തിയാകാതെ സഭ ഇന്നും പിരിഞ്ഞു. തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് സഭ വീണ്ടും ചേരും.

വിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച തിങ്കളാഴ്ച അവസാനിപ്പിച്ച് ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്താമെന്നാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നേരത്തെ സ്പീക്കറെ അറിയിച്ചത്. അത് അംഗീകരിക്കാനാവില്ലെന്ന് സ്പീക്കര്‍ നിലപാടെടുക്കുകയായിരുന്നു.

Read Also: 'കര്‍നാടകം' തുടരുന്നു; ഇന്നും വിശ്വാസവോട്ടെടുപ്പ് ഇല്ല

വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ ഇന്നുതന്നെ പൂര്‍ത്തിയാക്കണമെന്ന് ഗവര്‍ണര്‍ രണ്ടുതവണ നിര്‍ദ്ദേശിച്ചെങ്കിലും സ്പീക്കര്‍ വഴങ്ങിയിരുന്നില്ല. തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ പോന്ന ആരും ജനിച്ചിട്ടില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. ഗവര്‍ണറുടെ ഇടപെടല്‍ കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരമാണെന്നായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമിയുടെ ആരോപണം. 

Read Also:ഈ 'പ്രേമലേഖനം' വേദനിപ്പിക്കുന്നു,എന്നെ രക്ഷിക്കണം; നിയമസഭയില്‍ കുമാരസ്വാമി

അതിനിടെ മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്‍ഗ്രസും സുപ്രീംകോടതിയെ സമീപിച്ചു. വിപ്പ് സംബന്ധിച്ച കോടതിവിധിയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ടാണ് കുമാരസ്വാമി കോടതിയെ സമീപിച്ചിരിക്കുന്നത്. വിപ്പ് നല്‍കാനുള്ള അവകാശം വേണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്. 

Read Also: വിശ്വാസവോട്ടെടുപ്പ്; ഗവര്‍ണറെ തള്ളി സ്പീക്കര്‍