തെലങ്കാനയിലെ കൊങ്കള വെള്ളച്ചാട്ടത്തിൽ സെൽഫിയെടുക്കുന്നതിനിടെ 18-കാരനായ ബിരുദ വിദ്യാർത്ഥി മുങ്ങിമരിച്ചു. വീട്ടുകാരോട് പഠിക്കുകയാണെന്ന് കള്ളം പറഞ്ഞാണ് കെ. വെങ്കട നാഗ സായ് മൂർത്തി സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര പോയത്.

ഹൈദരാബാദ്: തെലങ്കാനയിൽ വെള്ളച്ചാട്ടത്തിനടുത്ത് സെൽഫിയെടുക്കുന്നതിനിടെ ബിരുദ വിദ്യാർത്ഥി മുങ്ങിമരിച്ചു. തെലങ്കാന മുളുഗു ജില്ലയിലെ വസീദു മണ്ഡലത്തിലെ കൊങ്കള വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്. തെലങ്കാന ഉപ്പൽ രാമന്തപൂർ സ്വദേശിയും ബിരുദ വിദ്യാർത്ഥിയുമായ കെ. വെങ്കട നാഗ സായ് മൂർത്തി (18) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പഠിക്കുകയാണെന്ന് വീട്ടുകാരോട് നുണ പറഞ്ഞ് വെള്ളച്ചാട്ടം കാണാൻ പോയപ്പോഴാണ് അത്യാഹിതം സംഭവിച്ചത്.

തനിക്കൊപ്പം പഠിക്കാനായി ചില സുഹൃത്തുക്കൾ എത്തിയിട്ടുണ്ടെന്നും തങ്ങൾ പെൻ്റ്ഹൗസിലുണ്ടെന്നുമാണ് വീട്ടുകാരോട് യുവാവ് പറഞ്ഞത്. വെള്ളിയാഴ്ച രാവിലെ ഇവരെ കാണാനായി ഇവിടെയെത്തിയ വെങ്കട നാഗ സായ് മൂർത്തിയുടെ പിതാവിന് ആരെയും കാണാനായില്ല. ഇദ്ദേഹം മകനെ ഫോണിൽ വിളിച്ചപ്പോൾ താൻ സുഹൃത്തുക്കൾക്കൊപ്പം ബിർള മന്ദിറിൽ വന്നിരിക്കുകയാണെന്നാണ് മറുപടി പറഞ്ഞത്.

എന്നാൽ പിന്നീട് മകൻ്റെ സുഹൃത്ത് ഇദ്ദേഹത്തെ വിളിച്ച് സത്യം പറഞ്ഞു. വസീഡുവിലെ കൊങ്കള വെള്ളച്ചാട്ടത്തിലേക്ക് ഒരു വിനോദയാത്ര വന്നതാണെന്നും വെള്ളച്ചാട്ടത്തിന് സമീപം സെൽഫി എടുക്കുന്നതിനിടെ മൂർത്തി അപകടത്തിൽപെട്ട് മുങ്ങിമരിച്ചുവെന്നുമാണ് അറിയിച്ചത്.

അപകട വിവരമറിഞ്ഞ് പൊലീസും ഇവിടെയെത്തി. എടൂർ നഗരത്തിലെ സിഎച്ച്സി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം തങ്ങളുടെ മകൻ്റേതാണെന്ന് പിതാവടക്കം ബന്ധുക്കൾ സ്ഥിരീകരിച്ചു. മകൻ അപകടത്തിൽപെടാൻ ഇടയായ സാഹചര്യം അന്വേഷിക്കണമെന്ന് ഇവർ പൊലീസിനോട് ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.