കൊച്ചിൻ ദേവസ്വം ബോർഡും ചിന്മയ മിഷനും തമ്മിലുള്ള കേസിൽ കേരള ഹൈക്കോടതിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. എതിര്‍കക്ഷിയെ കേള്‍ക്കാതെ തീരുമാനമെടുത്തത് സ്വാഭാവിക നീതിക്ക് എതിരായ നടപടിയെന്നും വിമർശനം.

ദില്ലി: കേരള ഹൈക്കോടതിക്കെതിരെ വീണ്ടും സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. ഹര്‍ജിയിലെ ആവശ്യങ്ങള്‍ക്കും ഉന്നയിച്ച വിഷയങ്ങള്‍ക്കുമപ്പുറം ഹൈക്കോടതി അമ്പരിപ്പിക്കുന്ന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. എതിര്‍കക്ഷിയെ കേള്‍ക്കാതെ തീരുമാനമെടുത്തത് സ്വാഭാവിക നീതിക്ക് എതിരായ നടപടിയാണെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡും ചിന്മയ മിഷനും തമ്മിലുള്ള കേസിലാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. നീതിന്യായ വ്യവസ്ഥയെയും നിയമവാഴ്ചയെയും ഗുരുതരമായി ബാധിക്കുന്ന നടപടിയാണിത്. കോടതികളെ സമീപിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമോ എന്ന് ഹര്‍ജിക്കാര്‍ ഭയപ്പെടും, ഇത്തരം സമീപനം നീതിന്യായ വ്യവസ്ഥയെക്കുറിച്ച് തെറ്റായ പ്രതിച്ഛായയുണ്ടാകുമെന്നും ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.