ടിവികെ സ്ഥാനാർത്ഥിക്കെതിരായ പരാമർശത്തിൽ എം കെ സ്റ്റാലിന് രൂക്ഷ വിമർശനുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. സ്റ്റാലിൻ നടത്തിയത് അങ്ങേയറ്റം മോശമായ പരാമർശങ്ങളാണെന്ന് വിജയ് പറഞ്ഞു.
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെയുടെ വനിതാ സ്ഥാനാർത്ഥിയെ അധിക്ഷേപിച്ചെന്നാരോപിച്ച് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. ഒരു വനിതാ സ്ഥാനാർത്ഥിക്കെതിരെ മുൻ മുഖ്യമന്ത്രി കൂടിയായ സ്റ്റാലിൻ നടത്തിയത് അങ്ങേയറ്റം മോശമായ പരാമർശങ്ങളാണെന്ന് വിജയ് ആരോപിച്ചു. ധാരാപുരം മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ടിവികെയുടെ പി സത്യഭാമയ്ക്കെതിരായ സ്റ്റാലിൻ്റെ പരാമർശത്തിനെതിരെ ആണ് വിജയ് രംഗത്തെത്തിയത്. ഒക്ടോബർ ആറിന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുതിയ വിവാദം ചൂടുപിടിക്കുന്നത്.
ഡിഎംകെയെ തിന്മയുടെ ശക്തി എന്ന് വിശേഷിപ്പിച്ച വിജയ്, സത്യഭാമയുടെ ശരീരപ്രകൃതിയെ സ്റ്റാലിൻ പരിഹസിച്ചെന്നും വളരെ മോശമായ രീതിയിലാണ് അവരെക്കുറിച്ച് സംസാരിച്ചതെന്നും കുറ്റപ്പെടുത്തി. ധാരാപുരം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ യോഗമെന്ന വ്യാജേന, തിന്മയുടെ ശക്തിയായ ഡിഎംകെ അവരുടെ നേതാവ് എം കെ സ്റ്റാലിനിലൂടെ അപവാദങ്ങളും അശ്ലീലവും നിറഞ്ഞ ഒരു യോഗമാണ് നടത്തിയത്. നമ്മുടെ സ്ഥാനാർത്ഥിയായ സഹോദരി സത്യഭാമയുടെ ശരീരപ്രകൃതിയെ പരിഹസിച്ചും അവരെക്കുറിച്ച് അങ്ങേയറ്റം അശ്ലീലമായി സംസാരിച്ചും എം കെ സ്റ്റാലിൻ സാഡിസ്റ്റ് ആനന്ദം കണ്ടെത്തുകയാണെന്നും വിജയ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കുറ്റപ്പെടുത്തി.
"ഡിഎംകെക്കാർ ജനാധിപത്യത്തിന്റെ ശത്രുക്കളാണെന്ന് തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് പണ്ടേ അറിയാം. അശ്ലീലവും വിദ്വേഷവും വൈകൃതവുമൊക്കെ അവരുടെ ഡിഎൻഎയിലും ചിന്താഗതിയിലും ആഴത്തിൽ വേരൂന്നിയതാണ്. വിവാദങ്ങൾക്ക് ധാരാപുരത്തെ വോട്ടർമാർ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകും. സ്ത്രീകളെക്കുറിച്ച് അശ്ലീലം പറയാൻ മിടുക്കരായ ഈ ദുഷ്ടസംഘത്തിന് തമിഴ്‌നാട്ടിലെ ജനങ്ങളും ധാരാപുരം മണ്ഡലത്തിലെ വോട്ടർമാരും തക്കതായ പാഠം പഠിപ്പിക്കും. തമിഴ്‌നാട്ടിലെ സ്ത്രീകളുടെ ഒരു മകനായും സഹോദരനായും അനുജനായും നിന്നുകൊണ്ട്, സ്ത്രീകൾക്കെതിരെ നിരന്തരം അശ്ലീലം പറയുന്ന ഡിഎംകെ എന്ന തിന്മയുടെ ശക്തിയെ ഞാൻ ശക്തമായി അപലപിക്കുന്നു" - വിജയ് പറഞ്ഞു.
ഇക്കഴിഞ്ഞ ദിവസം ധാരാപുരത്ത് ഡിഎംകെ സ്ഥാനാർത്ഥി എസ് സുകന്യയുടെ പ്രചാരണ യോഗത്തിൽ പങ്കെടുക്കവെ ആണ് എം കെ സ്റ്റാലിൻ ടിവികെ സ്ഥാനാർത്ഥി സത്യഭാമയ്ക്കെതിരെ പരാമർശങ്ങൾ നടത്തിയത്. അണ്ണാ ഡിഎംകെ എംഎൽഎയായിരുന്ന പി സത്യഭാമ രാജിവെച്ച് ടിവികെയിൽ ചേർന്നതാണ് ധാരാപുരത്ത് ഉപതെരഞ്ഞെടുപ്പിന് വഴിവെച്ചത്. ടിവികെ കുതിരക്കച്ചവടം നടത്തിയെന്ന് ആരോപിച്ച് തുടങ്ങിയ പ്രസംഗമാണ് അധിക്ഷേപ പരാമർശത്തിലേക്ക് വഴിവെച്ചത്. സത്യഭാമയെ 'സ്യൂട്ട്കേസ് ഭാമ' എന്നും 'സോമർസോൾട്ട് ഭാമ' എന്നുമായിരുന്നു സ്റ്റാലിൻ്റെ പരിഹാസം. ഈ ഒരു ശരീരപ്രകൃതി വെച്ച് അവർ എങ്ങനെ സോമർസോൾട്ട് ചെയ്യുമെന്നും സ്റ്റാലിൻ ചോദിച്ചു. സ്റ്റാലിൻ്റെ ഈ പരാമർശം ബോഡി ഷെയ്മിംഗ് ആണെന്നാണ് ടിവികെ നേതാക്കളുടെ ആരോപണം. സ്റ്റാലിൻ്റെ പരാമർശത്തിനെതിരെ ആരോഗ്യമന്ത്രി അരുൺ രാജും രംഗത്തെത്തിയിട്ടുണ്ട്.


