ചെന്നൈ: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാർ ജയിലിൽ ആരാച്ചാരാകാൻ സന്നദ്ധത അറിയിച്ച് പൊലീസുകാരൻ. തമിഴ്‍നാട്ടിലെ പൊലീസ് പരിശീലന കേന്ദ്രത്തിലെ ഹെഡ് കോണ്‍സ്റ്റബിളായ എസ്. സുബാഷ് ശ്രീനിവാസനാണ് ആരാച്ചാരാകാൻ തയ്യാറായി രം​ഗത്തുവന്നത്.  തിഹാർ ജയിലിന്റെ ഡയറക്ടർ ജനറലിനെ അഭിസംബോധന ചെയ്തുകൊണ്ട് അയച്ച കത്തിലാണ് സുബാഷ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

തിഹാർ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാർ ഇല്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സുബാഷ് ആരാച്ചാരുടെ ജോലി ചെയ്യാൻ സന്നദ്ധനായി രംഗത്തുവന്നത്. പ്രതിഫലം വേണ്ടെന്നും സുബാഷ് കത്തില്‍ പറയുന്നു.

“എനിക്കവിടെ പ്രതിഫലം വേണ്ട. ആരാച്ചാരുടെ ജോലി പൂര്‍ണ ഉത്തരവാദിത്തത്തോടെ ചെയ്യുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. അതിനാൽ എന്നെ അവിടെ ജോലി ചെയ്യാൻ അനുവദിക്കണമെന്ന് നിങ്ങളോട് ഞാൻ താഴ്മയോടെ ആവശ്യപ്പെടുന്നു“-സുബാഷ് കത്തില്‍ പറയുന്നു. 

Read Also: 'എന്നെ ആരാച്ചാരായി നിയമിക്കൂ'; നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാന്‍ തയ്യാറാണെന്ന് രാഷ്ട്രപതിക്ക് കത്ത്

1997 ബാച്ചിലെ പൊലീസ് കോൺസ്റ്റബിളാണ് സുബാഷ് ശ്രീനിവാസൻ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാരില്ലെന്ന മാധ്യമ റിപ്പോർട്ടുകൾ കണ്ടുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ആരാച്ചാരായി സേവനമനുഷ്ഠിക്കാന്‍ താൻ തയ്യാറായതെന്നും സുബാഷ് കത്തിൽ കുറിക്കുന്നു.  ഗുരുതരമായ കുറ്റകൃത്യം ചെയ്യുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്ത തടവുകാർക്ക് ആരാച്ചാരില്ലാത്തതിനാൽ  ശിക്ഷ നടപ്പാക്കാതിരിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.