മമത ബാനർജിയെ ഒഴിവാക്കിയാൽ 'ഇന്ത്യ' മുന്നണിയിൽ ചേരാമെന്ന് റിതാബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി. മമത ബിജെപിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ ഈ ഉപാധി വെച്ചത്
കൊൽക്കത്ത: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയിൽ ചേരാൻ തയ്യാറാണെന്നും എന്നാൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയെ സഖ്യത്തിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യമുന്നയിച്ച് റിതാബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്. മമത ബാനർജിയെ സഖ്യത്തിൽ നിന്ന് നീക്കം ചെയ്യാൻ തയ്യാറായാൽ പ്രതിപക്ഷ സഖ്യത്തിന് പിന്തുണ നൽകുമെന്നും സഖ്യത്തെ ശക്തിപ്പെടുത്തുമെന്നും ഡി.ടി.സി ചീഫ് വിപ്പ് എം.ഡി. അഖ്റുസ്സമാൻ ആവശ്യപ്പെട്ടു. കോൺഗ്രസ് ദേശീയ നേതൃത്വത്തിന് മുന്നിലാണ് ഡിടിസി ഉപാധി വെച്ചത്.
ബിജെപിക്ക് അനുകൂലമായ നിലപാടുകളാണ് മമത ബാനർജി സ്വീകരിക്കുന്നതെന്നും അതിനാൽ മമതയെ സഖ്യത്തിൽ നിന്ന് മാറ്റിനിർത്തണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി എന്നിവരോട് അഖ്റുസ്സമാൻ ആവശ്യപ്പെട്ടു. ബി.ജെ.പിക്കെതിരെ യഥാർത്ഥ പോരാട്ടം നയിക്കാൻ താല്പര്യമുണ്ടോ എന്ന് പ്രതിപക്ഷ സഖ്യം തീരുമാനിക്കണം. മമത ബാനർജിയുമായി അകലം പാലിച്ചുകൊണ്ട് പ്രതിപക്ഷ നിരയിൽ സ്വന്തമായ ഇടം കണ്ടെത്താനാണ് റിതാബ്രത ബാനർജി വിഭാഗത്തിന്റെ നീക്കം.
പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസ് പിളർന്നതും ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ് രൂപീകൃതമായതും. മുതിർന്ന നേതാവ് അരൂപ് റോയിയെ ചെയർമാനാക്കിക്കൊണ്ട് വിമത വിഭാഗം പാർട്ടിയിൽ സമാന്തര സംഘടനാ സംവിധാനം ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും മമത ബാനർജി ക്യാമ്പ് ഈ നീക്കങ്ങളെ പൊളിച്ചു. പാർട്ടിയുടെ എല്ലാ ഘടകങ്ങളും പിരിച്ചുവിട്ട മമത പിളർപ്പ് തടയാൻ ശ്രമിച്ചെങ്കിലും അത് സാധിച്ചില്ല. ഇതോടെ വിമത വിഭാഗം പുതിയ പാർട്ടിയുണ്ടാക്കി തങ്ങൾക്കാണ് ചിഹ്നവും ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിൻ്റെ ആസ്തികളും അവകാശപ്പെട്ടതെന്ന് നിലപാടെടുത്തു. ചിഹ്നവും ആസ്തികളും സംബന്ധിച്ച് മമത ബാനർജി വിഭാഗവും വിമത വിഭാഗവും തമ്മിൽ നിയമ പോരാട്ടങ്ങൾ നിലനിൽക്കുന്നുണ്ട്. നിലവിൽ മമതയിൽ നിന്ന് അകന്നുനിൽക്കുന്ന വിമത വിഭാഗത്തെ നയിക്കുന്നത് റിതബ്രത ബാനർജിയാണ്. സംസ്ഥാനത്ത് പാർട്ടി സംവിധാനം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇവർ.


