മാതാപിതാക്കളുടെ എതിർപ്പ് മറികടന്ന് പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ ഭർതൃവീട്ടിലെത്തിയ മാതാപിതാക്കൾ തട്ടിക്കൊണ്ടുപോയി. ഭർത്താവിൻ്റെ വീട്ടുകാരെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച ശേഷമാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു
ഹൈദരാബാദ്: ഭർതൃഗൃഹത്തിൽ നിന്ന് നവവധുവിനെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയതായി പരാതി. ഹൈദരാബാദിലെ നർസംപള്ളിക്കടുത്തുള്ള കീസരയിലാണ് സംഭവം നടന്നത്. കീസര സ്വദേശി ശ്വേതയെയാണ് ഭർത്താവായ പ്രവീണിൻ്റെ വീട്ടിൽ നിന്ന് ബന്ധുക്കൾ തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കളുടെ എതിർപ്പ് മറികടന്ന് വിവാഹം കഴിച്ച യുവതിയെയാണ് ഭർത്താവിൻ്റെ വീട്ടിലെത്തിയ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. ഭാര്യയെ തട്ടിക്കൊണ്ടുപോയെന്നും തങ്ങളെ വീടുകയറി മർദിച്ചെന്നും മുളകുപൊടി വാരിയെറിഞ്ഞുവെന്നും ആരോപിച്ച് യുവതിയുടെ ഭർത്താവ് കീസര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നാല് മാസം മുൻപായിരുന്നു ഇരുവരുടെയും വിവരം. ഇരുവരും ബന്ധുക്കളാണ്, ഒരേ ജാതിയിൽ നിന്നുള്ളവരുമാണ്. എന്നാൽ വരന് നല്ല ജോലിയില്ലെന്നതായിരുന്നു വധുവിൻ്റെ കുടുംബം വിവാഹം എതിർക്കാൻ കാരണം. വിവാഹത്തിന് ശേഷം ഭർതൃവീട്ടിൽ ഇരുവരും തിരിച്ചെത്തിയപ്പോഴാണ് വധുവിൻ്റെ കുടുംബം ഇവിടേക്ക് സംഘടിച്ച് എത്തിയത്. രണ്ട് കുടുംബാംഗങ്ങളും തമ്മിൽ ഇവിടെ വച്ച് വഴക്കുണ്ടാവുകയും പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.
അയൽക്കാർ ഓടിയെത്തുന്നതും സ്ത്രീയ ബലമായി പിടിച്ചുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഭർത്താവിൻ്റെ പരാതിയിൽ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ കേസെടുത്തിട്ടുണ്ട്. എന്നാൽ താൻ തൻ്റെ പിതാവിനൊപ്പമാണെന്നും നാളെ സ്റ്റേഷനിൽ ഹാജരാകാമെന്നും യുവതി പറഞ്ഞതായാണ് പൊലീസ് പറയുന്നത്.



