Asianet News MalayalamAsianet News Malayalam

'ജനാധിപത്യ പാര്‍ട്ടിയിൽ മത്സരം നല്ലത്'; അധ്യക്ഷനാവാൻ മത്സരിക്കുമെന്ന സൂചനയുമായി തരൂര്‍

അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്തും. പുറത്തു നിന്നൊരാൾക്ക് അധ്യക്ഷസ്ഥാനത്തേക്ക് വരാൻ സാധിക്കുമെങ്കിൽ വരട്ടെ. 

Tharoor hints about contesting for AICC Chief post
Author
First Published Aug 30, 2022, 4:55 PM IST

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂര്‍ മത്സരിക്കാൻ സാധ്യത. തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിൽ നിന്നും ആരും മത്സരിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പുറത്ത് നിന്നുള്ള ഒരാൾക്ക് സാധ്യത തെളിയുന്നത്. ഗാന്ധി കുടുംബത്തിൻ്റെ ആശീര്‍വാദത്തോടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും എന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. 

കൊച്ചിയിൽ മാധ്യമങ്ങളെ കണ്ട ശശി തരൂര്‍ എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും എന്നുള്ള വാര്‍ത്തകൾ തള്ളിയില്ല. ഗാന്ധി കുടുംബത്തിൽ നിന്ന് ആരും മത്സരിക്കില്ലെന്ന് അവർ തന്നെ വ്യക്തമാക്കി കഴിഞ്ഞതാണെന്നുംസോണിയ ഗാന്ധിയുടെ ചുമലിൽ വലിയ ബാധ്യത കൊടുക്കുന്നത് ശരിയല്ലെന്നും തരൂര്‍ പറഞ്ഞു. ഒരു ജനാധിപത്യ പാർട്ടിയിൽ തെരഞ്ഞെടുപ്പ് നല്ലതാണെന്നും തെരഞ്ഞെടുപ്പ് നടക്കട്ടേയെന്നും പറഞ്ഞ തരൂര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടന്നാൽ അതു പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും പുറത്തു നിന്നൊരാൾ വരട്ടേയെന്നും കൂട്ടിച്ചേര്‍ത്തു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിന് മൂന്നാഴ്ച കഴിഞ്ഞു കാണാം എന്നായിരുന്നു തരൂരിൻ്റെ മറുപടി. 


ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നയിക്കാൻ അധ്യക്ഷ സ്ഥാനത്ത് ഗാന്ധി കുടുംബാംഗമുണ്ടാകില്ലെന്ന് ഉറപ്പായി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബം മത്സരിക്കില്ലെന്നാണ് എഐസിസി വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകില്ല. താൻ മത്സരിക്കാനില്ലെന്ന് രാഹുൽ അറിയിച്ചതായാണ് എഐസിസി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ആര് മത്സരിക്കുന്നതിനെയും ഗാന്ധി കുടുംബം എതിർക്കില്ലെന്നും എഐസിസി വൃത്തങ്ങൾ അറിയിച്ചു.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടിൽ ഉറച്ച് നിർക്കുകയാണ് രാഹുൽ ഗാന്ധി. പദവി ഏറ്റെടുക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യമുന്നയിച്ചെങ്കിലും നിലപാടിൽ മാറ്റമില്ലെന്ന് രാഹുൽ അടുപ്പക്കാരോട് പറഞ്ഞതായാണ് വിവരം. കുടുംബ പാർട്ടി എന്ന വിമർശനം ശക്തമാകുമെന്നതിനാൽ പ്രിയങ്കയും അധ്യക്ഷസ്ഥാനത്തേക്ക് ഉണ്ടാകില്ല. ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.  എന്നാൽ തരൂര്‍ മത്സരിക്കുമെങ്കിൽ അതിനെ സ്വാഗതം ചെയ്യുമെന്നാണ് കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച ഗുലാം നബി ആസാദും പ്രതികരിച്ചത്. 

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബം മത്സരിക്കാനില്ലെന്ന് ഉറപ്പായതോടെ മറ്റ് മുതിര്‍ന്ന നേതാക്കളിലേക്ക് സാധ്യതകളെത്തുകയാണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പേര് ഒരു വശത്ത് നിന്നും ഉയ‍ര്‍ന്ന് കേൾക്കുമ്പോൾ ജി 23 യുടെ പ്രതീക്ഷ ശശി തരൂരിലാണ്. ഗാന്ധി കുടുംബത്തിൽ നിന്നും ആരും ഇല്ലെങ്കിൽ സ്ഥാനാർത്ഥിയെ നിർത്തണമെന്നത് തന്നെയാണ് ജി 23 താൽപ്പര്യപ്പെടുന്നത്. ശശി തരൂരിനൊപ്പം മനീഷ് തിവാരിയുടെ പേരും അഭ്യൂഹങ്ങളിൽ മുന്നിലുണ്ട്. രാഹുലോ പ്രിയങ്കയോ മത്സരിക്കുകയാണെങ്കിൽ വോട്ട് പൂർണമായും ഏകീകരിക്കപ്പെടുമെങ്കിലും ഗെലോട്ടിന്റെ കാര്യത്തിൽ അതുണ്ടാകില്ലെന്നാണ് ജി 23 യുടെ പ്രതീക്ഷ.

Follow Us:
Download App:
  • android
  • ios