രാമചന്ദ്രന്റെ മൃതശരീരം ഇന്ന് രാത്രി കൊച്ചിയിൽ എത്തിക്കും.

ശ്രീന​ഗർ: പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ. രാമചന്ദ്രന്റെ സംസ്കാരം വെള്ളിയാഴ്ച നടത്തും. വെള്ളിയാഴ്ച രാവിലെ ഏഴുമണി മുതൽ ഒമ്പതുമണിവരെ മൃതശരീരം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനത്തിന് വെക്കും. 9.30 ഓടെ വീട്ടിൽ എത്തിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ചങ്ങമ്പുഴ പൊതുശ്മശാനത്തിലാണ് സംസാകാരം നടത്തുക. രാമചന്ദ്രന്റെ മൃതശരീരം ഇന്ന് രാത്രി കൊച്ചിയിൽ എത്തിക്കും.

എറണാകുളം ജില്ലയിലെ ഇടപ്പള്ളി സ്വദേശിയാണ് രാമചന്ദ്രൻ. അദ്ദേഹത്തിന്റെ വിയോഗത്തിൽ നാടും വീടും വിറങ്ങലിച്ച അവസ്ഥയിലാണ്. അച്ഛൻ തന്റെ മുന്നിൽ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടെന്ന് മകൾ ആരതിയാണ് ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. അവധിക്കാലം ആഘോഷിക്കാൻ പേരക്കുട്ടികളുമൊത്തുള്ള യാത്രയിലാണ് ഭീകരർ രാമചന്ദ്രനെ പോയിന്റ് ബ്ലാങ്കിൽ വെടിവച്ചു കൊന്നത്. 

Read More:2 പ്രാദേശിക ഭീകരരെ തിരിച്ചറിഞ്ഞു, അഫ്ഗാൻ ഭാഷയായ പഷ്തോ സംസാരിക്കുന്നവരും സംഘത്തിലുണ്ടായിരുന്നെന്ന് അന്വേഷണ സംഘം

മൂന്ന് ദിവസം മുൻപ് സന്തോഷത്തിന്റെ മുറ്റമായിരുന്നു ഇടപ്പള്ളിയിലെ നീരാഞ്ജനം. ഇന്ന് രാജ്യം നടുങ്ങിയ ഭീകരാക്രമണത്തിന്റെ ഇരുട്ട് കയറിയ ഇടമായി അവിടം മാറി. അവധിക്കാലത്ത് മക്കളുടേയും പേരക്കുട്ടികളുടേയും ആനന്ദത്തിൽ പങ്കു ചേർന്നാണ് ഭൂമിയിലെ സ്വർഗത്തിലേക്ക് അറുപത്തിയഞ്ചിന്റെ ചെറുപ്പത്തിൽ മങ്ങാട്ട് രാമചന്ദ്രനും കുടുംബവും യാത്ര തിരിച്ചത്. ഹൈദരാബാദ് വഴി ശ്രീനഗറിലെത്തിയ കുടുംബം അവിടെ നിന്ന് പഹൽഗാമിലെത്തുകയായിരുന്നു. ആരോഗ്യ പ്രശനമുള്ളതിനാൽ രാമചന്ദ്രന്റെ ഭാര്യ ഷീല വാഹനത്തിൽ തുടർന്നു. അദ്ദേഹം പേരക്കുട്ടികളുമൊത്ത് കുതിരപ്പുത്ത് ബൈസരൺ താഴ്‌വരയിലേക്ക് പോയി. പിന്നീട് എല്ലാം വളരെ പെട്ടന്നായിരുന്നു. ഭീകരരുടെ കൊടും ക്രൂരതയിൽ സ്വർഗ കവാടമായ ഇടം അശാന്തിയിൽ അമർന്നു.

ബിജെപി പ്രവർത്തകനായ രാമചന്ദ്രൻ ഇടപ്പള്ളിയിൽ അറിയപ്പെടുന്ന പൊതു പ്രവർത്തകനുമാണ്. 1992 ൽ എറണാകുളം ജില്ലാ കൗൺസിലിലേക്ക് മത്സരിച്ചിട്ടുണ്ട്. പിന്നീട് ജോലിയുമായി ഏറെക്കാലം പ്രവാസി ജീവിതം നയിച്ചു. 5 വർഷം മുൻപാണ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം