ഫരീദാബാദിൽ 19കാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച തന്‍റെയും സഹോദരിമാരുടെയും അശ്ലീല ചിത്രങ്ങൾ കാട്ടി ബ്ലാക്ക്മെയിൽ ചെയ്ത് പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഭവം. 

ഫരീദാബാദ്: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് രൂപമാറ്റം വരുത്തിയ തന്‍റെയും മൂന്ന് സഹോദരിമാരുടെയും അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതിനെത്തുടർന്ന് 19കാരൻ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഡി എ വി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ രാഹുൽ ഭാരതി കഴിഞ്ഞ 15 ദിവസമായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്നും ഭക്ഷണം കഴിക്കാതെ മുറിക്കുള്ളിൽ നിശബ്‍ദനായി ഇരിക്കുകയായിരുന്നുവെന്നും പിതാവ് മനോജ് ഭാരതി പറഞ്ഞു. രണ്ടാഴ്ച മുമ്പ് ആരോ രാഹുലിന്‍റെ ഫോൺ ഹാക്ക് ചെയ്യുകയും, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് രാഹുലിന്‍റെയും സഹോദരിമാരുടെയും അശ്ലീല ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കുകയും ചെയ്തതായി പിതാവ് പറയുന്നു.

20,000 രൂപ ആവശ്യപ്പെട്ടു, ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു

രാഹുലുമായി നടത്തിയ ചാറ്റിൽ 'സാഹിൽ' എന്ന് പേരുപറഞ്ഞ പ്രതി, ഈ ദൃശ്യങ്ങൾ അയച്ചുകൊടുക്കുകയും 20,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. പണം നൽകിയില്ലെങ്കിൽ എല്ലാ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്ന് 'സാഹിൽ' അവസാന സംഭാഷണത്തിൽ ഭീഷണിപ്പെടുത്തി. ഇതിനുപുറമെ, രാഹുലിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുകയും, മരണം സംഭവിക്കാൻ സാധ്യതയുള്ള ചില വസ്തുക്കളെക്കുറിച്ച് വിവരിക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്.

കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന രാഹുൽ ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ചില ഗുളികകൾ കഴിച്ചു. രാഹുലിന്‍റെ നില വഷളായതിനെ തുടർന്ന് കുടുംബം ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. കുടുംബത്തിന്‍റെയും പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രണ്ട് പേർക്കെതിരെ കേസെടുത്തു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)