ഒരു ബ്രിട്ടീഷ് വ്ലോഗറുടെ വൈറൽ വീഡിയോ, ഇന്ത്യൻ പുരാവസ്തുക്കൾ ബ്രിട്ടീഷ് മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടു. കൊളോണിയൽ കാലഘട്ടത്തിൽ കടത്തിയ അമൂല്യവസ്തുക്കൾ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
ദില്ലി: ഇന്ത്യൻ പുരാവസ്തുക്കൾ ബ്രിട്ടീഷ് മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്നതിനെക്കുറിച്ചുള്ള വർഷങ്ങളായുള്ള ചർച്ചകൾക്ക് വീണ്ടും തീപിടിക്കുന്നു. ഒരു ബ്രിട്ടീഷ് വ്ലോഗറും സഹയാത്രികയും തമ്മിലുള്ള സംഭാഷണം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ ചര്‍ച്ചകൾ വീണ്ടും ശക്തമായിരിക്കുന്നത്. ബ്രിട്ടീഷ് വ്ലോഗറായ അലക്‌സ് ദില്ലിയിലെ നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യ സന്ദർശിക്കുന്നതിനിടെയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഗാലറികളിലൂടെ നടക്കുമ്പോൾ അലക്‌സ് തന്‍റെ സഹയാത്രികയായ അമിനയോട് ചോദിച്ചു: “നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യയിൽ എന്തുകൊണ്ടാണ് ഇത്രയും കുറഞ്ഞ പുരാവസ്തുക്കൾ ഉള്ളതെന്ന് നിങ്ങൾക്ക് അറിയാമോ?”അമിനയുടെ മറുപടി വളരെ ശക്തമായിരുന്നു: 'അതെല്ലാം ലണ്ടനിലാണെന്ന് ഞാൻ കരുതുന്നു'. ഉടൻ തന്നെ അലക്‌സ് അത് ശരിവെച്ച് തലയാട്ടി, 'ഓ, അതെ, എനിക്കോർമ്മയുണ്ട്' എന്നും പറഞ്ഞു.
കൊളോണിയൽ കാലത്തെ കവർച്ച
ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടു. കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്ക് കടത്തിയ നിരവധി അമൂല്യ വസ്തുക്കൾ ഇപ്പോഴും അവിടെ തുടരുന്നതിനെക്കുറിച്ചുള്ള 'നോവുന്ന സത്യം' ഈ സംഭാഷണം വെളിപ്പെടുത്തുന്നുവെന്ന് നിരവധി ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഏറ്റവും പ്രശസ്തമായ ഇന്ത്യൻ നിധികളിൽ ചിലതാണ് ലണ്ടൻ ടവറിൽ സൂക്ഷിച്ചിട്ടുള്ള കോഹിനൂർ വജ്രം, അമരാവതി മാർബിളുകൾ, ടിപ്പു സുൽത്താൻ്റെ സ്വകാര്യ വസ്‌തുക്കൾ എന്നിവ. 18-ഉം 19-ഉം നൂറ്റാണ്ടുകളിൽ ശേഖരിച്ച ആയിരക്കണക്കിന് പുരാവസ്തുക്കൾ ഇപ്പോഴും യുകെയിൽ ഉണ്ടെന്നാണ് വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ.
കോഹിനൂർ
പേർഷ്യൻ ഭാഷയിൽ 'പ്രകാശത്തിന്‍റെ പർവ്വതം' എന്നറിയപ്പെടുന്ന കോഹിനൂർ (Koh-i-Noor) 105 കാരറ്റ് വജ്രമാണ്. ഇന്ത്യയിലെ ഭരണാധികാരികളുടെ കൈവശമുണ്ടായിരുന്ന ഈ വജ്രം, പഞ്ചാബ് പിടിച്ചടക്കിയതിനെത്തുടർന്ന് മഹാരാജാ രഞ്ജിത് സിംഗിന്‍റെ നിധിശേഖരത്തിൽ നിന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്വന്തമാക്കി. പിന്നീട് ഇത് വിക്ടോറിയ രാജ്ഞിക്ക് സമർപ്പിക്കുകയായിരുന്നു. തങ്ങളുടെ സാംസ്കാരിക സ്വത്തുക്കൾ തിരികെ കൊണ്ടുവരാനായി ഇന്ത്യ സമീപ വർഷങ്ങളിൽ ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.


