ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വാർത്തകൾ... ഒറ്റനോട്ടത്തിലറിയാം... ചുവടെ

1മിൽമ റിച്ചിന്റെ വിലവർധന പിൻവലിച്ചു, മിൽമ സ്മാർട്ട് വില വർധന തുടരും; മിൽമക്ക് തെറ്റുപറ്റിയെന്ന് മന്ത്രി

എതി‍ർപ്പുകൾക്കിടെ മിൽമ റിച്ചിന്റെ (പച്ച കവ‍ർ പാൽ) വില വർധന പിൻവലിച്ചു. മിൽമ സ്മാർട്ട് വില വർധന തുടരും. രണ്ട് രൂപയാണ് പാൽ ലിറ്ററിന് കൂട്ടിയിരുന്നത്. എതിർപ്പുയ‍ര്‍ന്ന സാഹചര്യത്തിൽ പിൻവലിക്കുകയായിരുന്നു. മിൽമക്ക് തെറ്റുപറ്റിയെന്നും വില വർധനക്ക് മുമ്പ് സർക്കാരിന്റെ അനുമതി വാങ്ങേണ്ടിയിരുന്നെന്നും മന്ത്രി ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. മറ്റ് പാല് ഇനങ്ങളെ അപേക്ഷിച്ച് വെറും അഞ്ച് ശതമാനം ആവശ്യക്കാര്‍ മാത്രമാണ് ഈ രണ്ട് ഇനങ്ങൾക്കുമുള്ളതെന്നും അതുകൊണ്ട് പൊതുജങ്ങളെ വല്ലാതെ ബാധിക്കില്ലെന്നുമായിരുന്നു വിലവ‍‍ര്‍ധനയിൽ മിൽമയുടെ ന്യായം. മാത്രമല്ല മറ്റ് ഉത്പന്നങ്ങൾക്ക് വില കൂട്ടിയപ്പോഴും റിച്ചിനും സ്മാര്‍ടിനും വില കൂട്ടിയിരുന്നില്ലെന്നും മിൽമ പറഞ്ഞിരുന്നു.

2കർണാടക തെരഞ്ഞെടുപ്പ്: താരപ്രചാരകരെ പ്രഖ്യാപിച്ച് ബിജെപിയും കോൺഗ്രസും, കെസിക്കും ചെന്നിത്തലക്കുമൊപ്പം തരൂരും

കർണാടക തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരെ പ്രഖ്യാപിച്ച് ബിജെപിയും കോൺഗ്രസും. പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, സ്മൃതി ഇറാനി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, ബിജെപി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈ എന്നിവർ ബിജെപിയുടെ താരപ്രചാരകരുടെ പട്ടികയിലുണ്ട്. കോൺഗ്രസ് താരപ്രചാരകരിൽ സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയുമുണ്ട്. കെ സി വേണുഗോപാലിനൊപ്പം കേരളത്തിൽ നിന്ന് ശശി തരൂർ, രമേശ് ചെന്നിത്തല എന്നിവരും താരപ്രചാരകരുടെ പട്ടികയിൽ ഇടം പിടിച്ചു.

3'ഫയലുകൾ തീർപ്പാക്കുന്നതിൽ അലംഭാവം, സെക്രട്ടേറിയറ്റിൽ പോലും 50 ശതമാനം ഫയൽ കെട്ടിക്കിടക്കുന്നു'; മുഖ്യമന്ത്രി

സർക്കാർ പദ്ധതികൾ ഉദ്യോഗസ്ഥ അലംഭാവം കൊണ്ട് അട്ടിമറിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി. ഫയലുകൾ തീർപ്പാക്കുന്നതിൽ ഉദ്യോഗസ്ഥര്‍ക്ക് അലംഭാവമാണ്. സെക്രട്ടേറിയറ്റിൽ പോലും 50 ശതമാനം ഫയൽ കെട്ടിക്കിടക്കുന്നുവെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രിയുടെ വിമർശനം ഉന്നയിച്ചു. ഓരോ ഫയലും ജീവിതമാണെന്നാണ് സർക്കാർ നയം. ഫയലുകളെ ജീവിപ്പിക്കാനും കൊല്ലാനും ഉദ്യോഗസ്ഥർക്ക് കഴിയും. അണ്ടർ സെക്രട്ടറിമാർ മുതൽ സ്പെഷ്യൽ സെക്രട്ടറിമാർ വരെയുള്ളവരുടെ യോഗമാണ് വിളിച്ചത്. ഏഴ് വർഷത്തെ അനുഭവത്തിലാണ് സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

4'വൈദ്യുതി ഉപയോഗം വർധിച്ചത് ആശങ്കപ്പെടുത്തുന്നു', ക്രമാതിതമായി ഉയർന്നാൽ നിയന്ത്രണം വേണ്ടിവരും: വൈദ്യുതിമന്ത്രി

വൈദ്യുതി ഉപയോഗം വർധിച്ചത് ബോർഡിനെ ആശങ്കപ്പെടുത്തുന്നുവെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. ഉയർന്ന വില കൊടുത്താണ് ഇന്നലെ വൈദ്യുതി വാങ്ങിയത്. പത്ത് രൂപയ്ക്ക് വാങ്ങുന്ന വൈദ്യുതി 20 രൂപയ്ക്ക് വാങ്ങി. വൈദ്യുതി നിയന്ത്രണമില്ലാത്ത ഏക സംസ്ഥാനം കേരളമാണ്. ഉപയോഗം (കമാതീതമായി ഉയർന്നാൽ നിയന്ത്രണങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വൈകുന്നേരങ്ങളിലെ ഉപയോഗം ജനങ്ങൾ കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

5സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്. താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിന് അടുത്തും കൊല്ലം, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസിന് അടുത്തും തുടരും. കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസിന് അടുത്തായിരിക്കും.

6സ്വവർഗ വിവാഹം: കേന്ദ്ര സർക്കാർ നിലപാടിൽ വിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

സ്വവർഗ വിവാഹത്തിൽ കേന്ദ്ര സർക്കാർ കൈകൊണ്ട നിലപാടിൽ വിമർശനവുമായി ചീഫ് ജസ്റ്റിസ്. സ്വവർഗ വിവാഹം എന്നത് നഗര കേന്ദ്രീകൃത വരേണ്യ വർഗത്തിന്റെ സങ്കൽപ്പമാണെന്ന് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു. ഇതിനെയാണ് ഹൈക്കോടതി വിമർശിച്ചത്. സ്വവർഗ വിവാഹം നഗര പ്രഭുത്വത്തിൻ്റെ സങ്കൽപമെന്ന് കാണിക്കുന്ന ഒരു വിവരവും സർക്കാരിൻ്റെ കൈയിൽ ഇല്ലെന്ന് കോടതി വിമർശിച്ചു. വ്യക്തിക്ക് നിയന്ത്രിക്കാനാകാത്ത സ്വഭാവത്തിൻ്റെ പേരിൽ ഭരണകൂടത്തിന് വിവേചനം കാട്ടാനാകില്ലെന്നും സഹജമായ സ്വഭാവത്തെ എങ്ങനെ ആ രീതിയിൽ വാഖ്യാനിക്കാനാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

7'നിരത്തുകളിലെ എഐ ക്യാമറകളിൽ ആശങ്ക വേണ്ട, നിയമം ലംഘിക്കാതിരുന്നാല്‍ മതി': ഗതാഗത കമ്മീഷണ‍ര്‍

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനക്ഷമമാകുന്നതിൽ പൊതുജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും നിയമം ലംഘിക്കാതിരുന്നാൽ മതിയെന്നും ഗതാഗത കമ്മീഷണ‍ര്‍ എസ്. ശ്രീജിത്ത് പറഞ്ഞു. നിയമലഘനം നടക്കുന്ന വാഹനങ്ങളാണ് ക്യാമറയിൽ പതിയുക. നിരത്തിലൂടെ പോകുന്ന എല്ലാ വാഹനങ്ങളും ചിത്രീകരിക്കുകയെന്നത് ലക്ഷ്യമല്ല. മോട്ടോർ വാഹന വകുപ്പാണ് നിയമലംഘനത്തിന് നോട്ടീസ് നൽകുന്നതും പിഴയീടാക്കുന്നതും. ഇരുചക്രവാഹനങ്ങളിൽ രണ്ട് പേരിൽ കൂടുതൽ യാത്ര ചെയ്യുന്നത് നിയമലംഘനമാണ്. മൂന്നാമത്തെ യാത്രക്കാരൻ കുട്ടിയാണെങ്കിലും ഇളവുണ്ടാകില്ല. കാറുകളിൽ ഗർഭിണികൾക്കും സീറ്റ് ബെൽറ്റിൽ ഇളവുണ്ടാകില്ല. പിറകിലിരിക്കുന്നവർക്കൊപ്പമായിരിക്കണം കൈകുഞ്ഞുങ്ങൾ. നിരത്തിലെ അപകട മരണം 20 ശതമാനം കുറക്കുകയാണ് എഐ ക്യാമറകളിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ഗതാഗത കമ്മീഷണ‍ര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.

8ജോണി നെല്ലൂർ യുഡിഎഫ് വിട്ടു, രാജി യുഡിഎഫിനെ ബാധിക്കില്ലെന്ന് വി ഡി സതീശൻ

ജോണി നെല്ലൂർ കേരള കോൺഗ്രസ്‌ പാർട്ടി വിട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വംവും ജോണി നെല്ലൂർ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള ഒരു സെക്യുലർ ദേശീയ പാർട്ടി രൂപീകരിക്കാൻ ആലോചന നടക്കുന്നു. പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നതിന് മുമ്പ് പാർട്ടി പ്രഖ്യാപനം ഉണ്ടായേക്കും. പുതിയ പാർട്ടിക്ക് ബിജെപി അടക്കം ആരുമായും അയിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജോണി നെല്ലൂർ രാജി വച്ചത് യുഡിഎഫിനെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കേരള കോൺ​ഗ്രസ് നേതാവാണ് ജോണി നെല്ലൂർ. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അസംതൃപ്തൻ ആയിരുന്നു. ജോണി നെല്ലൂർ രാജി വച്ചാൽ കേരള കോൺ​ഗ്രസ് നൽകുന്ന ആ സ്ഥാനത്ത് കൊണ്ടു വരും. ശക്തനായ നേതാവല്ല ജോണി നെല്ലൂരെന്നും വിഡി സതീശൻ പറഞ്ഞു.

9നമ്പർ വൺ; ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്നു

ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്നെന്ന് റിപ്പോർട്ട്. ജൂണോടുകൂടി ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി. ഈ സമയം, ചൈനയുടെ ജനസംഖ്യ 142.57 കോടിയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയേക്കാൾ 29 ലക്ഷം ജനം ഇന്ത്യയിൽ കൂടുതലായി. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ സ്റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യ‌ക്തമാക്കുന്നത്. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ചൈനയുടെ ജനസംഖ്യ കഴിഞ്ഞ വർഷം കുറഞ്ഞിരുന്നു. ജൂണിൽ ആഗോള ജനസംഖ്യ 8.045 ബില്യണിലെത്തുമെന്നും റിപ്പോർട്ട് പറയുന്നു.

10ലോക ക്രിക്കറ്റിന്‍റെ നെറുകയില്‍ ഹര്‍മന്‍പ്രീത് കൗര്‍; വിസ്‌ഡൺ ക്രിക്കറ്റർ ഓഫ് ദി ഇയര്‍ പുരസ്‌കാരം

വിസ്‌ഡൺ ക്രിക്കറ്റർ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹ‍ർമൻപ്രീത് കൗർ. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് ഹ‍ർമൻപ്രീത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന മികവിനാണ് ഹ‍ർമൻപ്രീത് കൗറിന് വിസ്ഡന്‍റെ ക്രിക്കറ്റർ ഓഫ് ദി ഇയർ അംഗീകാരം ലഭിച്ചത്. ഇംഗ്ലണ്ടിൽ ഏകദിന പരമ്പര വിജയത്തിലേക്കും കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡലിലേക്കും ഇന്ത്യയെ നയിച്ച പ്രകടനംഹര്‍മന് നേട്ടമായി. മാത്യു പോട്സ്, ബെൻ ഫോക്‌സ്, ഡാരില്‍ മിച്ചൽ, ടോം ബ്ലൻഡൽ എന്നിവരടങ്ങിയ അഞ്ചംഗ പട്ടികയിലെ ഏക വനിതാ താരവും ഹർമൻപ്രീതാണ്. സൂര്യകുമാർ യാദവിനെ ലീഡിംഗ് പുരുഷ ട്വന്‍റി 20 ക്രിക്കറ്ററായി തെരഞ്ഞെടുത്തു. ലീഡിംഗ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സിനാണ്.

YouTube video player