ഡൽഹിയിൽ ചേരുന്ന 'ഇന്ത്യ' മുന്നണി യോഗം കടുത്ത രാഷ്ട്രീയ തർക്കങ്ങൾക്ക് വേദിയാകുമെന്ന് സൂചന. ഡിഎംകെയുടെ ബഹിഷ്കരണം, കോൺഗ്രസിനെതിരായ സിപിഎം, ജെഎംഎം കക്ഷികളുടെ അതൃപ്തി, തൃണമൂലിന്റെ പുതിയ നീക്കങ്ങൾ എന്നിവ യോഗത്തിലെ പ്രധാന വെല്ലുവിളികളാണ്. സമീപകാല തെരഞ്ഞെടുപ്പ് തോൽവികളുടെ പശ്ചാത്തലത്തിൽ സഖ്യത്തിന്റെ ഭാവി തന്ത്രങ്ങൾ യോഗം ചർച്ച ചെയ്യും.
ന്യൂഡൽഹി: തിങ്കളാഴ്ച ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ഉച്ചയ്ക്ക് 12 മണിക്ക് ചേരുന്ന പ്രതിപക്ഷ 'ഇന്ത്യ' മുന്നണിയുടെ യോഗം കടുത്ത രാഷ്ട്രീയ അസ്വാരസ്യങ്ങൾക്കും തർക്കങ്ങൾക്കും വേദിയായേക്കുമെന്ന് റിപ്പോർട്ടുകൾ. മണ്ഡല പുനർനിർണ്ണയം, വനിതാ സംവരണം എന്നിവയുമായി ബന്ധപ്പെട്ട ബില്ലുകളിൽ പാർലമെന്‍റിലെ തന്ത്രങ്ങൾ മെനയാൻ കഴിഞ്ഞ ഏപ്രിൽ 15ന് സഖ്യം ഒടുവിലായി യോഗം ചേർന്ന സാഹചര്യത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ കൂടിക്കാഴ്ച. സമീപകാല നിയമസഭാ തെരഞ്ഞെടുപ്പുകളിലേറ്റ കനത്ത തിരിച്ചടികളും സഖ്യകക്ഷികൾക്കിടയിലെ മാറിയ സമവാക്യങ്ങളും പ്രതിപക്ഷ നിരയുടെ ശക്തി കുറച്ചിരിക്കുകയാണ്.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സഖ്യം പിരിയാൻ കോൺഗ്രസ് തീരുമാനിച്ചതിൽ പ്രതിഷേധിച്ച് ഡിഎംകെ ഇത്തവണത്തെ യോഗത്തിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുകയാണ്. കോൺഗ്രസ് നേതൃത്വം ജോസഫ് വിജയ്‌യുടെ ടിവികെ (തമിഴക വെട്രി കഴകം) പാർട്ടിയുമായി ചേർന്ന് തമിഴ്‌നാട്ടിൽ ഭരണത്തിൽ പങ്കാളിയായതോടെയാണ് ഡിഎംകെ കടുത്ത നിലപാടിലേക്ക് നീങ്ങിയത്. വിജയ്‍യുടെ ടിവികെ ഇന്ത്യ മുന്നണിയിൽ എത്തുമോ എന്നതും വലിയ ആകാംക്ഷയാണ്.
അതേസമയം, പശ്ചിമ ബംഗാളിൽ ഭരണം നഷ്ടപ്പെടുകയും പാർട്ടിയിൽ വലിയൊരു വിഭാഗം എംഎൽഎമാരുടെയും എംപിമാരുടെയും അതൃപ്തി കാരണം സംഘടന തകർച്ചയുടെ ഭീഷണി നേരിടുകയും ചെയ്യുന്ന തൃണമൂൽ കോൺഗ്രസ് ഇത്തവണ കൂടുതൽ സജീവമായ പങ്കുവഹിക്കാനാണ് ശ്രമിക്കുന്നത്. മമത ബാനർജിയും അഭിഷേക് ബാനർജിയും ഡൽഹിയിലെത്തിയിരിക്കുന്നത് തങ്ങളുടെ പാർലമെന്‍ററി പാർട്ടിയിലെ ഭിന്നതകൾ പരിഹരിക്കാനും 'ഇന്ത്യ' മുന്നണിയുടെ പിന്തുണയോടെ ബിജെപിക്കെതിരെ ശക്തമായി നിലയുറപ്പിക്കാനുമാണ്.
കോൺഗ്രസിന്‍റെ ഏകപക്ഷീയമായ പ്രവർത്തന ശൈലിക്കെതിരെ സിപിഎം, ജെഎംഎം (ജാർഖണ്ഡ് മുക്തി മോർച്ച) തുടങ്ങിയ പ്രമുഖ കക്ഷികൾ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. ജാർഖണ്ഡിലെ രാജ്യസഭാ സീറ്റിലേക്ക് കോൺഗ്രസ് ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിലാണ് ജെഎംഎമ്മിന് അതൃപ്തി. എന്നാൽ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ നടത്തിയ വ്യക്തിപരമായ ആക്രമണങ്ങളിൽ സിപിഎം തങ്ങളുടെ കടുത്ത വിയോജിപ്പ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
കോൺഗ്രസിന് മാത്രമാണ് ബിജെപിയെ തോൽപ്പിക്കാൻ കഴിയുക എന്ന രീതിയിലുള്ള പ്രചാരണങ്ങൾ അവസാനിപ്പിച്ച്, എല്ലാ പ്രാദേശിക കക്ഷികളെയും ഒരുമിച്ച് കൊണ്ടുപോകാൻ കോൺഗ്രസ് തയ്യാറാകണമെന്ന് സമാജ്‌വാദി പാർട്ടിയിലെ മുതിർന്ന നേതാക്കൾ ആവശ്യപ്പെടുന്നു. വോട്ടർപട്ടിക പുതുക്കൽ, മണ്ഡല പുനർനിർണ്ണയ ബിൽ, ഒരൊറ്റ രാജ്യം ഒരൊറ്റ തെരഞ്ഞെടുപ്പ് ബിൽ, ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ എന്നിവയും തിങ്കളാഴ്ചത്തെ യോഗത്തിൽ പ്രധാന ചർച്ചാവിഷയങ്ങളാകും.


