കർണാടകത്തിലെ സ്വകാര്യ റിസോർട്ടിൽ സിപ്പ്ലൈനിൽനിന്ന് വീണ് വിനോദസഞ്ചാരിക്ക് ഗുരുതര പരിക്ക്. വിജയപുര സ്വദേശി കുബേർ സുർപൂരി (24) നാണ് പരിക്കേറ്റത്. ഇയാളുടെ കൈയ്ക്കും കാലിനും ഒന്നിലധികം പൊട്ടൽ ഉണ്ടായി. ഈ മാസം മൂന്നാം തീയതിയാണ് സംഭവം.
ദന്തേലി: സാഹസിക വിനോദമായ സിപ്പ്ലൈനിൽനിന്ന് വീണ് വിനോദസഞ്ചാരിക്ക് ഗുരുതര പരിക്ക്. കർണാടകത്തിലെ സ്വകാര്യ റിസോർട്ടിലാണ് സംഭവം. സിപ്പ്ലൈനിൽനിന്ന് 40 അടി താഴ്ചയിലേക്ക് വീണ വിജയപുര സ്വദേശി കുബേർ സുർപൂരി (24) നാണ് പരിക്കേറ്റത്. ഇയാളുടെ കൈയ്ക്കും കാലിനും ഒന്നിലധികം പൊട്ടലുകൾ ഉണ്ടാകുകയും നാഡിക്ക് തകരാർ സംഭവിക്കുകയും ചെയ്തു. അപകടത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സാഹസിക വിനോദങ്ങളുടെ സുരക്ഷ സംബന്ധിച്ചു ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.
ഉത്തര കന്നഡയിലെ ദന്തേലിയിലുള്ള സ്വകാര്യ റിസോർട്ടിൽ ജൂലൈ മൂന്നിനാണ് അപകടം ഉണ്ടായത്. റിസോർട്ടിലെ സിപ്പ്ലൈനിൽ കയറി സെക്കൻഡുകൾക്കകമാണ് സംഭവം. യുവാവ് സിപ്പ്ലൈനിൽനിന്ന് താഴെയുള്ള നടയിലേക്ക് ഇടിച്ചു വീഴുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ഉടൻതന്നെ ദന്തേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം യുവാവിനെ വിജയപുരയിലെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മിറാജിലേക്ക് കൊണ്ടുപോയി.
സിപ്പ്ലൈനിൻ്റെ സേഫ്റ്റി ലോക്ക് പൊട്ടിയാണ് അപകടം ഉണ്ടായതെന്നാണ് കുബേറിൻ്റെ കുടുംബം പറയുന്നത്. റിസോർട്ടുകാരുടെ ഭാഗത്തുനിന്ന് ഉണ്ടായ അനാസ്ഥയും സുരക്ഷാ വീഴ്ചയുമാണ് അപകടത്തിന് കാരണമെന്നും കുടുംബം പറഞ്ഞു. സിപ്പ്ലൈനിൽ തുരുമ്പ് പിടിച്ചിരുന്നതായും കുടുംബത്തിൻ്റെ ആരോപണമുണ്ട്. റിസോർട്ട് അധികൃതർ ചികിത്സാ ചെലവ് വഹിക്കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നും ആരോപണമുണ്ട്. അതേസമയം അനാസ്ഥയുണ്ടായെന്ന ആരോപണം തള്ളിയ റിസോർട്ട് അധികൃതർ, ദൗർഭാഗ്യകരമായ സംഭവമാണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നതായും അവകാശപ്പെട്ടു.


