ഉത്തർ പ്രദേശിൽ രണ്ടു കുപ്രസിദ്ധ കുറ്റവാളികളെ പൊലീസ് വെടിവെച്ചു കൊന്നു. പോലീസ് വാഹനം തടഞ്ഞ് പരിശോധന നടത്തുന്നതിനിടെ ആണ് ഏറ്റുമുട്ടൽ ഉണ്ടായത്. സംഭവത്തിൽ രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. 

മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ കുപ്രസിദ്ധ കുറ്റവാളികളെ പൊലീസ് വെടിവെച്ചു കൊന്നു. കവർച്ചാ സംഘവും ഉത്തർ പ്രദേശ് പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സംഭവം. ധരംവീർ എന്ന ലമ്പു, രാജേന്ദ്ര എന്ന പപ്പു എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ രണ്ടു പൊലീസുകാർക്കും പരിക്കേറ്റു.

മഥുരയിലെ സുരീർ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സുരീർ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിതിചെയ്യുന്ന വീട്ടിൽ അഞ്ചംഗ സംഘം നടത്തിയ കവർച്ചാക്കേസിലെ അന്വേഷണമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. അന്വേഷണത്തിനിടെ, പ്രതികളെന്ന് സംശയിക്കുന്ന രണ്ടംഗ സംഘം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചു. പോലീസ് വാഹനം തടഞ്ഞതിനെ തുടർന്ന് ഇരുവരും യൂടേണെടുത്ത് രക്ഷപ്പെടാൻ ശ്രമം നടത്തി. അറസ്റ്റ് ഭയന്ന് പൊലീസിന് നേരെ വെടിയുതിർത്തതോടെ സ്വയംപ്രതിരോധത്തിനായി പൊലീസും തിരിച്ചു വെടിവെച്ചു. പരിക്കേറ്റ രണ്ടുപേരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.

കൊല്ലപ്പെട്ട രണ്ടുപേർക്കും ദീർഘനാളത്തെ ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മഥുര എസ്എസ്പി ശ്ലോക് കുമാർ വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി. നിരവധി കവർച്ച സംഭവങ്ങളിൽ സംഘത്തിന് പങ്കുണ്ട്. ഇവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിച്ച് വരികയാണ്. ടീം ഇൻചാർജും കോൺസ്റ്റബിളും അടക്കം രണ്ട് പൊലീസുകാർക്കാണ് പരിക്കേറ്റത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും എസ്എസ്പി അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ കവർച്ചാ പണവും അനധികൃതമായി കൈവശം വെച്ചിരുന്ന ആയുധങ്ങളും കണ്ടെടുത്തു. മറ്റ് തെളിവുകൾ പൊലീസ് ശേഖരിച്ചുവരികയാണ്.

അതിനിടെ, ഉത്തർ പ്രദേശിലെ മറ്റൊരിടത്ത് നടന്ന ഏറ്റുമുട്ടലിൽ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച കുറ്റവാളിയെ പൊലീസ് വെടിവെച്ച് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് ദേവർണിയ പാലത്തിന് സമീപത്തുവെച്ച് പൊലീസ് സംഘം പ്രതിയെ വളയുകയായിരുന്നു. ഇതിനിടെ, പ്രതി വെടിയുതിർത്തതോടെ പൊലീസ് പ്രതിരോധിച്ചു. കാലിന് പരിക്കേറ്റ പ്രതിയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കവർച്ച, കൊലപാതകം എന്നീ കേസുകളിൽ ഉൾപ്പെട്ടയാളാണ് പിടിയിലായത്.