2024-ലെ പൊതുതെരഞ്ഞെടുപ്പിനായി ഒരു എംപവർ കമ്മിറ്റിയെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല അറിയിച്ചു.
ദില്ലി: കോൺഗ്രസിൻ്റെ സംഘടനാ പ്രശ്നങ്ങളും ഭാവി രാഷ്ട്രീയ നീക്കങ്ങളും ചർച്ച ചെയ്യാനായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച ചിന്തിൻ ശിബിർ അടുത്ത മാസം രാജസ്ഥാനിൽ നടക്കും (Congress to hold three day chintan shibir in Udaipur). രാജസ്ഥാനിലെ ഉദയ്പൂരിൽ മെയ് 13,14,15 തീയതികളിലാണ് ചിന്തിൻ ശിബിർ. ഇന്ന് ചേർന്ന കോൺഗ്രസ് നേതൃയോഗമാണ് പരിപാടിക്ക് അന്തിമരൂപം നൽകിയത്. 2024-ലെ പൊതുതെരഞ്ഞെടുപ്പിനായി ഒരു എംപവർ കമ്മിറ്റിയെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല അറിയിച്ചു.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പാർട്ടിയുടെ പുനരുജ്ജീവനത്തിനായി സമർപ്പിച്ച പദ്ധതിയെക്കുറിച്ച് പഠിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഈ റിപ്പോർട്ടിൽ ഉന്നതതലയോഗം വിശദമായ ചർച്ച നടത്തിയെന്നും സുർജെവാല അറിയിച്ചു. എ.കെ.ആൻ്റണി, പി.ചിദംബരം, കെസി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. പ്രശാന്ത് കിഷോർ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിട്ടില്ല.
രാജസ്ഥാനിലെ ഉദയ്പൂരിൽ ചേരുന്ന ചിന്തൻ ശിവിറിന് പാർട്ടി ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ചിന്തിൻ ശിബിറിൽ ചർച്ച ചെയ്യേണ്ട വിവിധ വിഷയങ്ങൾ ക്രോഡീകരിക്കാൻ സോണിയാ ഗാന്ധി വിവിധ സമിതികൾക്ക് രൂപം നൽകിയിട്ടുണ്ട്. രാജസ്ഥാൻ പിസിസിയുടെ നേതൃത്വത്തിൽ ക്യാംപിനുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്. രാജസ്ഥാനിലെ ഉദയ്പൂരിലായിരിക്കും ചിന്തിൻ ശിബിർ നടക്കുക. കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, പാർട്ടി ദേശീയ ഭാരവാഹികൾ, സംസ്ഥാന അധ്യക്ഷൻമാർ, നിയമസഭാ കക്ഷി നേതാക്കൾ തുടങ്ങി രാജ്യത്തെ നാനൂറോളം നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.
സംഘടനാ പ്രശ്നങ്ങളും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വിഷയങ്ങൾ കൂടാതെ കർഷകരുടെയും യുവാക്കളുടെയും പ്രശ്നങ്ങളും ചിന്തിൻ ശിബിറിൽ ചർച്ചയാവും. കർഷകരുടെയും കർഷകരുടെയും പ്രശ്‌നത്തിൽ ഭൂപീന്ദർ സിംഗ് ഹൂഡയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചതായും യുവാക്കളുടെയും തൊഴിലില്ലായ്മയുടെയും വിഷയത്തിൽ പഞ്ചാബ് കോൺഗ്രസ് പുതിയ പ്രസിഡന്റ് രാജാ വാദിംഗിനെ സമിതിയുടെ തലവനായി നിയമിച്ചതായും എഐസിസി വൃത്തങ്ങൾ അറിയിച്ചു.
