ഉത്തർപ്രദേശിലെ ഹാപ്പൂർ ജില്ലാ സപ്ലൈ ഓഫീസർ സീമ ചൗധരിക്കെതിരെ സ്വന്തം അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. തന്റെ പേരിൽ രഹസ്യ ബാങ്ക് അക്കൗണ്ട് തുടങ്ങി കള്ളപ്പണം വെളുപ്പിച്ചെന്നും വ്യാജ ഒപ്പിട്ട് സ്വത്ത് വിൽക്കാൻ ശ്രമിച്ചെന്നും അമ്മ പരാതിയിൽ പറയുന്നു.

ഹാപ്പൂർ: ഉത്തർപ്രദേശിലെ ഹാപ്പൂർ ജില്ലയിൽ ജില്ലാ സപ്ലൈ ഓഫീസറായ സീമ ചൗധരി വലിയ നിയമക്കുരുക്കിൽ. സ്വന്തം അമ്മ നൽകിയ പരാതിയെത്തുടർന്ന് വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇവർക്കെതിരെ പോലീസ് ക്രിമിനൽ കേസെടുത്തു. സഹാരൻപൂരിലെ സർസാവ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന, മുനേഷ് റാണിയുടെ പരാതിയിലാണ് മകളായ സീമ ചൗധരിക്കെതിരെ പൊലീസ് ക്രമിനൽ കേസ് രജിസ്റ്റർ ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തന്റെ പേരിൽ സീമ രഹസ്യമായി ഒരു ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നുണ്ടെന്ന് മുനേഷ് റാണി അവകാശപ്പെടുന്നു. ഈ അക്കൗണ്ട് വഴിയാണ് ഉദ്യോഗസ്ഥ തന്റെ "അവിഹിത സമ്പാദ്യവും" കണക്കിൽപ്പെടാത്ത പണവും നിക്ഷേപിക്കുന്നതും കൈമാറ്റം ചെയ്യുന്നതും എന്നാണ് പരാതിയിലെ ആരോപണം. തന്റെ ഒപ്പ് വ്യാജമായി ഇട്ടുകൊണ്ട് മകൾ സീമയും മറ്റ് ചിലരും ചേർന്ന് സ്വത്ത് വകകൾ വിൽക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ ഭൂമി ഇടപാട് നടത്താൻ ശ്രമിച്ചതെന്നും അമ്മ ആരോപിക്കുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ സീമ ചൗധരിക്കെതിരെ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഭൂമി സംബന്ധമായ രേഖകളുടെ ഫോറൻസിക് പരിശോധനയും ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെ വിശദമായ പരിശോധനയും ഇപ്പോൾ നടന്നുവരികയാണ്. തനിക്കെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങളിൽ സീമ ചൗധരി ഇതുവരെ പ്രതികരിച്ചിട്ടില്ല.