കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ വിമതശല്യവും ശബരിമല സ്വർണക്കൊള്ള കേസിൽ കടകംപള്ളിയെ ചോദ്യം ചെയ്യുമോ എന്ന ആകാംഷയുമാണ് ഈ ആഴ്ചയിലെ പ്രധാന വാർത്തകൾ. പുതിയ തൊഴിൽ നിയമത്തിനെതിരായ പ്രതിഷേധങ്ങളും പ്രതീക്ഷിക്കാം, ഒറ്റനോട്ടത്തിൽ അറിയാം ഈ ആഴ്ചയിലെ വാർത്തകൾ
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ ആവേശം കൊട്ടിക്കയറുന്നത് തന്നെയാണ് ഈ ആഴ്ചയിലെ വാർത്താ കോളങ്ങളിലും നിറഞ്ഞുനിൽക്കുക. പ്രമുഖ മുന്നണികൾക്ക് വലിയ തലവേദന സൃഷ്ടിക്കുന്നത് വിമത ശല്യവും ഘടക കക്ഷികൾ ഉയർത്തുന്ന അസ്വാരസ്യവുമാണ്. എൽ ഡി എഫിൽ സി പി എം - സി പി ഐ പോരാണെങ്കിൽ യു ഡി എഫിൽ കോൺഗ്രസും ലീഗും തമ്മിലുള്ള സീറ്റ് തർക്കമാണ് പ്രധാന പ്രശ്നം. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തിയതിയായ 24 വരെ ഇക്കാര്യത്തിൽ സസ്പെൻസ് തുടരും. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം മുൻ പ്രസിഡന്‍റ് പത്മകുമാറിന്‍റെ അറസ്റ്റോടെ വലിയ ആകാംഷയാണ് നിറയുന്നത്. മുൻ ദേവസ്വം മന്ത്രിയും സി പി എമ്മിന്‍റെ ഉന്നതനായ നേതാവുമായ കടകംപള്ളി സുരേന്ദ്രനിലേക്കും ദേവസ്വം മന്ത്രി വി എൻ വാസവനിലേക്കും അന്വേഷണം എത്തുമോയെന്നതിലും ആകാംക്ഷ തുടരുകയാണ്. പത്മകുമാറിന്‍റെ മൊഴികളുടെ അടിസ്ഥാനത്തിൽ കടകംപള്ളിയെ ചോദ്യം ചെയ്യാൻ എസ് ഐ ടി വിളിപ്പിക്കുമോയെന്നതും കണ്ടറിയണം. കേരളത്തിൽ തുലാവർഷം ഈ ആഴ്ച കനക്കുമെന്നും പ്രവചനമുണ്ട്. വിനോദ ലോകത്തെ സംബന്ധിച്ചടുത്തോളം ഗോവയിലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയാണ് ഈ ആഴ്ചത്തെ പ്രധാന വിശേഷം. കായിക ലോകത്താണെങ്കിൽ ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. ഈ ആഴ്ച എന്തെല്ലാം സംഭവിക്കുമെന്ന് ഒറ്റ നോട്ടത്തിൽ അറിയാം
ഈ ആഴ്ചയിലെ പ്രധാനവാർത്തകൾ
തദ്ദേശ പോര് കനക്കുന്നു, വിമത ശല്യവും പാളയത്തിൽ പടയും രൂക്ഷം; നവംബർ 24 വരെ സസ്പെൻസ് തുടരും
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ ആവേശം കൊട്ടിക്കയറുകയാണ്. നാമനിർദ്ദേശ പത്രികയിലെ സൂസ്മ പരിശോധനയടക്കം കഴിഞ്ഞതോടെ പ്രമുഖ മുന്നണികൾക്ക് വലിയ തലവേദന സൃഷ്ടിക്കുന്നത് വിമത ശല്യവും ഘടക കക്ഷികൾ ഉയർത്തുന്ന അസ്വാരസ്യവുമാണ്. എൽ ഡി എഫിൽ സി പി എം - സി പി ഐ പോരാണെങ്കിൽ യു ഡി എഫിൽ കോൺഗ്രസും ലീഗും തമ്മിലുള്ള സീറ്റ് തർക്കമാണ് പ്രധാന പ്രശ്നം. കോർപ്പറേഷനിലേക്കും നഗരസഭയിലേക്കും പഞ്ചായത്തുകളിലേക്കും വിമതശല്യവും പാളയത്തിൽ പടയും ശക്തമായി തുടരുകയാണ്. അവസാന വട്ട ചർച്ചകൾക്കൊടുവിൽ മത്സരചിത്രം എന്താകുമെന്ന് നവംബർ 24 ന് വ്യക്തമാകും. അതുകൊണ്ടുതന്നെ നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തിയതിയായ 24 വരെ ഇക്കാര്യത്തിൽ സസ്പെൻസ് തുടരുമെന്ന് ഉറപ്പാണ്.
ശബരിമല സ്വർണക്കൊള്ളയിൽ കടകംപള്ളിയെ ചോദ്യം ചെയ്യുമോ?
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എ പത്മകുമാറിന്‍റെ അറസ്റ്റോടെ വലിയ ആകാംഷയാണ് നിറയുന്നത്. ദേവസ്വം മുൻ പ്രസിഡന്‍റും സി പി എം ജില്ലാ കമ്മിറ്റി അംഗവും മുൻ എം എൽ എയുമായ പത്മകുമാറിന്‍റെ അറസ്റ്റോടെ സി പി എം പ്രതിരോധത്തിലായിട്ടുണ്ട്. മുൻ ദേവസ്വം മന്ത്രിയും സി പി എമ്മിന്‍റെ ഉന്നതനായ നേതാവുമായ കടകംപള്ളി സുരേന്ദ്രന് കുരുക്കാകുന്ന മൊഴികൾ പത്മകുമാർ എസ് ഐ ടിക്ക് നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ദേവസ്വം മന്ത്രി വി എൻ വാസവനിലേക്കും അന്വേഷണം എത്തുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്തായാലും ഇക്കാര്യങ്ങളിൽ ആകാംക്ഷ തുടരുകയാണ്. പത്മകുമാറിന്‍റെ മൊഴികളുടെ അടിസ്ഥാനത്തിൽ കടകംപള്ളിയെ ചോദ്യം ചെയ്യാൻ എസ് ഐ ടി വിളിപ്പിക്കുമോയെന്നതടക്കം കണ്ടറിയണം. ശബരിമലയിൽ സ്പോൺസർ ആകാൻ സന്നദ്ധത പ്രകടിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അടക്കം സമീപിച്ചിരുന്നു എന്നടക്കം പത്മകുമാർ മൊഴി നൽകിയിട്ടുണ്ട്. അതേസമയം സ്വർണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയത്. ദേവസ്വം ബോർഡിന്റേത് സ്വതന്ത്ര തീരുമാനമാണ്. അത് സർക്കാർ അറിയണമെന്നില്ല. ഇതുസംബന്ധിച്ച ഒരു ഫയലും തന്റെ മുന്നിൽ വന്നിട്ടില്ലെന്നും വിവാദങ്ങൾക്കിടെ മുൻ മന്ത്രി പറഞ്ഞു.
എ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി
ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് എസ് ഐ ടി. ഇതിനായി അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകും. പത്മകുമാറിന് തിരിച്ചടിയായത് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നും പിടിച്ചെടുത്ത രേഖകളും ഉദ്യോഗസ്ഥ മൊഴിയുമാണ്. റിമാൻഡ് റിപ്പോർട്ടിലും പത്മകുമാറിൻ്റെ ഇടപെടൽ പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. നിർണായക തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. പത്മകുമാറിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറെടുക്കുന്നുവെന്നാണ് വിവരം. അങ്ങനെയെങ്കിൽ അന്വേഷണം ഉന്നതരിലേക്ക് നീളുമെന്ന് ഉറപ്പാണ്.
ശബരിമല സ്വർണക്കൊള്ള: ജയറാമിനെ സാക്ഷിയാക്കും
ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ മൊഴിയെടുക്കാൻ എസ്ഐടി തീരുമാനിച്ചു. ശബരിമലയിലെ ദ്വാരപാലക പാളികൾ ജയറാമിന്റെ വീട്ടിൽ പോറ്റി കൊണ്ട് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് എസ് ഐ ടിയുടെ നീക്കം. കേസിൽ ജയറാമിനെ സാക്ഷിയാക്കുമെന്നും മൊഴിയെടുക്കാൻ സമയം ചോദിച്ചിട്ടുണ്ടെന്നും എസ്ഐടി അറിയിച്ചു. ജയറാമിനെ പോലുള്ള പ്രമുഖരെ വരെ പോറ്റി കബളിപ്പിച്ചു എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
ശബരിമല തീര്‍ത്ഥാടനം തുടരുന്നു, തിരക്ക് നിയന്ത്രിക്കാൻ നടപടികൾ ഊർജ്ജിതം
ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിന്‍റെ ഭാഗമായി ദിവസേനയുള്ള സ്പോട്ട് ബുക്കിങ്ങിന്‍റെ എണ്ണം നിശ്ചയിക്കാൻ പ്രത്യേക കമ്മിറ്റി രൂപികരിച്ചു. പൊലീസ് കോഡിനേറ്റർ, എക്സിക്യൂട്ടീവ് ഓഫീസർ, സ്പെഷ്യൽ കമ്മീഷണർ എന്നിവരാണ് കമ്മറ്റി അംഗങ്ങൾ. ഒരു മിനിറ്റിൽ 18 -ാം പടി കയറുന്ന തീർത്ഥാടകരുടെ എണ്ണം 85 ആക്കി ഉയർത്താനാണ് തിരുമാനം. ഇതിനായി പരിചയ സമ്പന്നരായ കൂടുതൽ പൊലീസുകാരെ നിയോഗിക്കും. നിലയ്ക്കലിലെ പാർക്കിംഗ് സംവിധാനം വർദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. എല്ലാദിവസവും എ ഡി എമ്മിന്‍റെ നേതൃത്വത്തിൽ അവലോകന യോഗം ചേരാനും മന്ത്രി തലയോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പമ്പയിൽ അവലോകനയോഗം ചേർന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഉള്ളതിനാൽ മന്ത്രിമാർ അടക്കം പരസ്യമായി യോഗ തീരുമാനങ്ങൾ വിശദീകരിച്ചില്ല. ശബരിമലയിലെ സ്പോട്ട് ബുക്കിങിൽ ഹൈക്കോടതി ഇളവുവരുത്തിയിരുന്നു. സ്പോട്ട് ബുക്കിങ് എത്രപേര്‍ക്ക് നൽകണെന്നത് സാഹചര്യം പരിഗണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ശബരിമലയിലെ പൊലീസ് ചീഫ് കോര്‍ഡിനേറ്റര്‍ക്കും തീരുമാനിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
കേരളത്തിൽ തുലാവർഷം കനക്കുന്നു
സംസ്ഥാനത്ത് ഇടവേളക്ക് ശേഷം തുലാവർഷം കനക്കുന്നു. മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി പുതിയ ന്യുനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണ് കേരളത്തിൽ മഴ കനക്കുന്നത്. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 24-ഓടെ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യുനമർദ്ദമായി ശക്തിപ്പെടാൻ സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ 26 വരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്.
വീട്ടിലെ റെയ്ഡിന് പിന്നാലെ പി വി അൻവറിനെ ചോദ്യം ചെയ്യാൻ ഇ ഡി
മുൻ എം എൽ എ പി വി അൻവറിനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ ആഴ്ച കൊച്ചിയിലെ സോണൽ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഉടൻ നോട്ടീസ് അയക്കും. കളളപ്പണ നിരോധന നിയമപ്രകാരം അൻവറിന്റെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിന് പിന്നാലെയാണ് ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത്. പിവി അൻവറിന് ദുരൂഹ ബെനാമി സാമ്പത്തിക ഇടപാടുകളെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് കണ്ടെത്തൽ. സ്വത്തുവിവരങ്ങൾ സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ അൻവറിനായില്ലെന്നും കേരളാ ഫിനാൻഷ്യൽ കോർപറേഷനിൽ നിന്ന് വഴിവിട്ട ഇടപാടുകളിലൂടെയാണ് അൻവറിന് ലോൺ തരപ്പെടുത്തി നൽകിയെന്നും ആണ് എൻഫോഴ്സ്മെന്‍റ് നിലപാട്. കൊല്ലത്തെ വ്യവസായിയും പ്ലാന്‍ററുമായ മുരുഗേഷ് നരേന്ദ്രന്‍റെ പരാതിയില്‍ നേരത്തെ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. പാര്‍ക്ക് അടക്കമുള്ള പി വി അൻവറിന്‍റെ സ്ഥാപനങ്ങളില്‍ വിജിലൻസ് റെയ്ഡും നടത്തിയിരുന്നു. പിന്നാലെയാണ് ഇ ഡി അന്വേഷണം ശക്തമാക്കിയത്. കെ എഫ് സി ലോണുമായി ബന്ധപെട്ടാണ് വീട്ടില്‍ പരിശോധന നടത്തിയതെങ്കിലും പി വി അൻവറുമായി ബന്ധപെട്ട് മറ്റ് ചില സാമ്പത്തിക ഇടപാടുകളും ഇ ഡി അന്വേഷിക്കുന്നതായി സൂചനയുണ്ട്. രാഷ്ട്രീയ വിരോധത്തിലാണ് നടപടിയെന്നാണ് പി വി അൻവറിന്‍റെ പ്രതികരണം.
പുതിയ തൊഴിൽ നിയമത്തിനെതിരെ പ്രതിഷേധം
പുതിയ തൊഴിൽ നിയമം നടപ്പാക്കിക്കൊണ്ട് നാല് ലേബർ കോഡുകൾ പ്രാബല്യത്തിൽ കൊണ്ടുവന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. വരുന്ന ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് സംയുക്ത തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്തു. ഐ എൻ ടി യു സി, സി ഐ ടി യു, എ ഐ ടി യു സി എന്നിവയുൾപ്പെടെ പത്ത് തൊഴിലാളി യൂണിയനുകൾ സംയുക്തമായാണ് പ്രസ്താവനയിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ബിഹാർ തെരഞ്ഞെടുപ്പ് വിജയം നൽകിയ ഭ്രമത്തിൽ ആണ് കേന്ദ്ര സർക്കാർ പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നതെന്നും, തൊഴിലില്ലായ്മ കാരണം പൊറുതിമുട്ടുന്ന ജനതയെ കൂടുതൽ ദുരിതത്തിൽ ആക്കുന്നതാണ് ഇതെന്നുമാണ് തൊഴിലാളി സംഘടനകളുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നത്. ചങ്ങാത്ത മുതലാളിത്തത്തിന്‍റെ താല്പര്യം മാത്രം ആണ് കേന്ദ്രം പരിഗണിച്ചത് എന്നും പ്രസ്താവനയിൽ സംഘടനകൾ വിമർശിക്കുന്നു. സംയുക്ത കിസാൻ മോർച്ചയും പ്രതിഷേധത്തിൽ യൂണിയനുകൾക്കൊപ്പമുണ്ട്. എന്നാൽ ബി എം എസ് പുതിയ തൊഴിൽ നിയമത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
സുപ്രീംകോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്
ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് തിങ്കളാഴ്ച സ്ഥാനമേറ്റെടുക്കും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുക്കും. പ്രധാനമന്ത്രി അടക്കം ചടങ്ങിൽ പങ്കെടുക്കും എന്നാണ് വിവരം. ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. കേരളത്തിലെ എസ് ഐ ആർ കേസ് അടക്കം പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ കാലാവധി ഞായറാഴ്ച അവസാനിക്കും.
ചെങ്കോട്ട സ്ഫോടന കേസ് അന്വേഷണത്തിൽ നിർണായക വിവരങ്ങൾ
ചെങ്കോട്ട സ്ഫോടന കേസിൽ എൻ ഐ ഐ അന്വേഷണം നിർണായക ഘട്ടത്തിലാണ്. സ്ഫോടന കേസിൽ അറസ്റ്റിലായവർ രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടതായി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത് അന്വേഷണത്തിൽ നിർണായകമാണ്. രണ്ട് വർഷം നീണ്ട ഒരുക്കങ്ങൾ ഇതിനായി നടത്തിയെന്നും, സ്ഫോടക വസ്തുക്കളും എ കെ 47 തോക്കുകളുമടക്കം ഇതിനായി സംഘം സമാഹരിച്ചുവെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി. എൻ ഐ എ അറസ്റ്റ് ചെയ്ത 6 പേരെ ഒറ്റയ്ക്കൊറ്റയ്ക്കും ഒരുമിച്ചിരുത്തിയും നടത്തിയ ചോദ്യം ചെയ്യലിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. കേസിലെ പ്രധാന പ്രതികളിലൊരാളായ മുസമ്മിലാണ് രാജ്യത്തെ പ്രധാനപ്പെട്ട പല നഗരങ്ങളിലും സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. രണ്ട് വർഷം നീണ്ട ഒരുക്കമാണ് ഇതിനായി നടത്തിയത്. ഈ കാലയളവിൽ സ്ഫോടകവസ്തുക്കളും ആയുധങ്ങളും ശേഖരിച്ചു, ഇത് സൂക്ഷിക്കുന്നതിനും ബോംബുകൾ നിർമ്മിക്കുന്നതിനുമുള്ള സ്ഥലങ്ങൾ കണ്ടെത്തി. സ്ഫോടകവസ്തുക്കൾ വാങ്ങാനുള്ള പണമായി 26 ലക്ഷം രൂപ ഭീകര നെറ്റ്വർക്കിലുള്ളവർതന്നെ കണ്ടെത്തി. ചാവേറായി പൊട്ടിത്തെറിച്ച ഉമർ നബി 2 ലക്ഷം രൂപ നൽകിയെന്നും, മുസമ്മിൽ അഞ്ചും, ആദിൽ എട്ടും, മുസഫർ ആറും , വനിതാ ഡോക്ടർ ഷഹീൻ 5 ലക്ഷം രൂപയും സമാഹരിച്ചെന്നും വ്യക്തമായിട്ടുണ്ട്.
സ്ഫോടന ശേഷം ചെങ്കോട്ടയിൽ ആദ്യ പൊതുപരിപാടി, രാഷ്ട്രപതിയടക്കം പങ്കെടുക്കും
രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിന് ശേഷം ദില്ലിയിലെ ജനജീവിതം സാധാരണ ഗതിയിലായിട്ടുണ്ട്. സ്ഫോടനം നടന്ന ചെങ്കോട്ടയിലും സ്ഥിതി സമാനമാണ്. സ്ഫോടനത്തിന് ശേഷം ഇതാദ്യമായി ചെങ്കോട്ടയിൽ ഇന്ന് ആദ്യ പൊതുപരിപാടി നടക്കും. രാഷ്ട്രപതി ദ്രൗപദി മുർമു, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദില്ലി മുഖ്യമന്ത്രി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. സിഖ് ആത്മീയ നേതാവ് തേജ് ബഹാദൂറിന്റെ 350 -ാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയാണ് ഇന്ന് ചെങ്കോട്ടയിൽ നടക്കുക. അരലക്ഷം വിശ്വാസികൾ ചടങ്ങിന്‍റെ ഭാഗമാകും. ഈ സാഹചര്യത്തിലിൽ രാജ്യ തലസ്ഥാനവും ചെങ്കോട്ടയും അതീവ ജാഗ്രതയിലും കനത്ത സുരക്ഷയിലുമാണ്.
യുക്രൈൻ-റഷ്യ യുദ്ധത്തിൽ ട്രംപ് നൽകിയ സമയപരിധി 27 വരെ, സെലൻസ്കിയുടെ തീരുമാനമെന്താകും
അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാൻ യുക്രൈന് ഒരാഴ്ചത്തെ സമയപരിധി നൽകി യു എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. നവംബർ 27 നകം പദ്ധതി അംഗീകരിച്ചില്ലെങ്കിൽ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. റഷ്യ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ഡോണൾഡ് ട്രംപിന്റെ സമാധാന പദ്ധതിയെപ്പറ്റി യുക്രൈനും അമേരിക്കയും ചർച്ച നടത്താൻ തീരുമാനമായിട്ടിണ്ട്. സ്വിറ്റ്സർലൻഡിൽ ആയിരിക്കും ആദ്യ ഘട്ട ഉദ്യോഗസ്ഥ ചർച്ചകൾ. ട്രംപിന്റെ 28 ഇന സമാധാന പദ്ധതി എത്രയും വേഗം അംഗീകരിക്കാൻ യുക്രൈനുമേൽ അമേരിക്ക സമ്മർദ്ദം തുടരുകയാണ്. റഷ്യ നിയന്ത്രിക്കുന്ന ചില പ്രദേശങ്ങളുടെ മേലുള്ള അവകാശവാദം യുക്രൈൻ ഉപേക്ഷിക്കണം, ഡൊണെറ്റ്സ്ക് മേഖലയിലെ ചില ഭാഗങ്ങളിൽ നിന്ന് പിന്മാറണം, യുക്രൈൻ നാറ്റോയിൽ ചേരില്ലെന്ന് ഉറപ്പു നൽകണം തുടങ്ങിയ നിർദേശങ്ങൾ ട്രംപിന്റെ സമാധാന പദ്ധതിയിൽ ഉൾപ്പെടുന്നു എന്നാണു റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ ഏറെ കരുതലോടെ ആണ് യുക്രൈന്റെ പ്രതികരണം. റഷ്യ ഈ സമാധാന പദ്ധതിയോട് യോജിച്ചിട്ടുണ്ട്. എന്നാൽ യുക്രൈൻ പ്രസിഡന്‍റ് സെലൻസ്കിയുടെ തീരുമാനം എന്താണെന്നത് കണ്ടറിയണം.
വിനോദലോകത്തെ വാർത്തകൾ
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ( ഐ.എഫ്.എഫ്.ഐ)
അൻപത്തിയാറാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയ്ക്ക് തുടക്കമായി. നംവബർ 20 മുതൽ 28 വരെ ഗോവയിൽ വച്ചാണ് ചലച്ചിത്ര മേള അരങ്ങേറുന്നത്. മലയാളത്തിൽ നിന്നും ഇന്ത്യൻ പനോരമ വിഭാഗത്തിൽ മോഹൻലാൽ നായകനായ 'തുടരും', ടൊവിനോതോമസ് നായകനായ 'അജയന്റെ രണ്ടാം മോഷണം' എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. താമർ സംവിധാനം ചെയ്ത ആസിഫ് അലി ചിത്രം 'സർക്കീട്ട്' അന്താരാഷ്ട മത്സര വിഭാഗത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ബാലമുരളി കൃഷ്ണയുടെ ചരമവാർഷികം - നവംബർ 22
സംഗീതജ്ഞൻ ബാലമുരളികൃഷ്ണയുടെ ഒൻപതാം ചരമവാർഷികം. 1930 ജൂലയ് ആറിനാണ് ബാലമുരളികൃഷ്ണ ജനിച്ചത്. വളരെ ചെറിയ പ്രായത്തില്‍തന്നെ ബാലമുരളികൃഷ്ണ സംഗീതത്തില്‍ അഗാധ പാണ്ഡിത്യം നേടിയിരുന്നു. മംഗലപ്പള്ളി മുരളീകൃഷ്ണ എന്നായിരുന്നു മുഴുവന്‍ പേര്. രാജ്യം പദ്മവിഭൂഷന്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സ്വാതി സംഗീത പുരസ്കാരം നല്‍കി കേരളവും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. വളരെ ചെറു പ്രായത്തില്‍ തന്നെ കച്ചേരി നടത്തി പ്രസിദ്ധനായിരുന്നു. എട്ടാം വയസിലലായിരുന്നു അദ്യ കച്ചേരി. പതിനഞ്ചാം വയസില്‍ ബാലമുരളി കൃഷ്ണ 72 മേളകര്‍ത്താ രാഗങ്ങളിലും പ്രാവീണ്യം നേടി.
സ്റ്റാർ സിംഗർ സീസൺ 10 റീലോഡിംഗ് - നവംബർ 23
നവംബർ 23 ന് രാത്രി 7 മണി മുതലാണ് സ്റ്റാർ സിംഗർ സീസൺ 10 റീലോഡിംഗ് മെഗാ സ്റ്റേജ് ഇവന്‍റ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുക. പരിപാടിയില്‍ ദേശീയ അവാർഡ് ജേതാവായ പ്രശസ്ത അഭിനേത്രി ഉർവശി മുഖ്യാതിഥിയായി എത്തുന്നു. ഈ വേദിയിൽ വച്ച് 45 വർഷത്തെ അതുല്യ കലാജീവിതത്തിൽ നടി, ഡബ്ബിംഗ് ആർട്ടിസ്റ്റ്, അവതാരക, തിരക്കഥാകൃത്ത്, നിർമ്മാതാവ് തുടങ്ങി നിരവധി മേഖലകളിൽ തിളങ്ങിയ ഉർവശിയെ വിധികർത്താക്കളായ കെ എസ് ചിത്ര, വിധു പ്രതാപ്, സിതാര, നിഖില വിമൽ, ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാർ എന്നിവർ ചേർന്ന് ആദരിക്കും.
കായിക ലോകത്തെ വാർത്തകൾ
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ്
ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ഗുവാഹത്തിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും നാല് ദിവസങ്ങള്‍ ബാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ആദ്യ ദിനം അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുത്തു.
സയ്യിദ് മുഷ്താഖ് അലി ടി 20
സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിന് ബുധനാഴ്ച്ച തുടക്കമാവും. ആദ്യ മത്സരത്തില്‍ കേരളം, ഒഡീഷയെ നേരിടും. കേരളത്തിന് വേണ്ടി സഞ്ജു സാംസണ്‍ കളിച്ചേക്കും. രണ്ടാം മത്സരം വെള്ളിയാഴ്ച്ച റെയില്‍വേസിനെതിരെ.
അണ്ടര്‍ 17 ലോകകപ്പ്
അണ്ടര്‍ 17 ലോകകപ്പ് സെമി ഫൈനല്‍ തിങ്കളാഴ്ച്ച. ആദ്യ സെമിയില്‍ ഓസ്‌ട്രിയ ഇറ്റലിയെ നേരിടും. രണ്ടാം സെമിയില്‍ ബ്രസീല്‍ പോര്‍ച്ചുഗലിനെതിരെ കളിക്കും. ഫൈനല്‍ വ്യാഴാഴ്ച്ച നടക്കും.
ഓട്ടോ മൊബൈൽ ലോകത്തെ വാർത്തകൾ
നവംബർ 25 - പുതിയ ടാറ്റ സിയറ ലോഞ്ച്
ടാറ്റാ മോട്ടോഴ്സ് നവംബർ 25ന് പുതിയ സിയറ എസ്‍യുവി പുറത്തിറക്കും. 1990കളിലെ ഐക്കണിക്ക് മോഡലായിരുന്ന സിയറ പുതിയ രൂപത്തിൽ തിരികെ എത്തും
നവംബർ 27 - മഹീന്ദ്ര XEV 9S ലോഞ്ച്
മഹീന്ദ്ര ആൻഡ് മഹീന്ദ്ര XEV 9S ഇലക്ട്രിക് എസ്‌യുവി നവംബർ 27 ആഗോളതലത്തിൽ പുറത്തിറക്കും. XUV700 ന്റെ 7 സീറ്റർ ഇലക്ട്രിക് പതിപ്പാണ് ഇൻഗ്ലോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി എത്തുന്ന മഹീന്ദ്ര XEV 9S.
ടെക് ലോകത്തെ വാർത്തകൾ
ഐക്യു 15 ഇന്ത്യ ലോഞ്ച് നവംബർ 26 ന്
ചൈനീസ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ ഐക്യു 16 നവംബർ 26 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഫോണിന്റെ പ്രീ-ബുക്കിംഗ് ഇന്ത്യയിൽ തുടങ്ങി. ഫോണിന് വില കൂടും.


