ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ പൈലറ്റിന്റെ മുത്തച്ഛനും മുത്തശ്ശിയും അമ്മയും യാത്രക്കാരായിരുന്നു.
ചെന്നൈ: ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ഹൃദയസ്പർശിയായ രംഗങ്ങൾക്കാണ് അടുത്തിടെ യാത്രക്കാർ സാക്ഷ്യം വഹിച്ചത്. തന്റെ മുത്തച്ഛനും മുത്തശ്ശിയും അമ്മയും വിമാനത്തിലെ യാത്രക്കാരായി ഉണ്ടെന്ന് പൈലറ്റ് അനൗൺസ് ചെയ്തതോടെയാണ് ഈ മനോഹര നിമിഷങ്ങൾക്ക് തുടക്കമായത്.
ഇൻഡിഗോ പൈലറ്റായ പ്രദീപ് കൃഷ്ണൻ, തന്റെ ഏവിയേഷൻ യാത്രയുടെ വിശേഷങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ, ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ തന്റെ കുടുംബാംഗങ്ങളെ സ്വാഗതം ചെയ്യുന്ന ഹൃദയസ്പർശിയായ വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചത്.
വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ്, പ്രദീപ് യാത്രക്കാരെ അഭിസംബോധന ചെയ്തു. 'എന്റെ കുടുംബവും ഇന്ന് തന്നോടൊപ്പം യാത്ര ചെയ്യുന്നുണ്ടെന്ന് സന്തോഷത്തോടെ അറിയിക്കട്ടെ. താത്തയും പാട്ടിയും അമ്മയും 29-മത്തെ വരിയിൽ ഇരിക്കുന്നുണ്ട്. തന്റെ മുത്തച്ഛൻ തന്നോടൊപ്പം ഇന്ന് ആദ്യമായിട്ടാണ് വിമാനത്തിൽ യാത്ര ചെയ്യുന്നത്, അദ്ദേഹത്തിന്റെ ടിവിഎസ് 50-യുടെ പിന്നിൽ ഞാൻ ഒരുപാട് തവണ യാത്ര ചെയ്തിട്ടുണ്ട്, ഇപ്പോൾ അദ്ദേഹത്തെ യാത്ര കൊണ്ടുപോകാനുള്ള എന്റെ ഊഴമാണ്' എന്നും തമിഴും ഇംഗ്ലീഷും കലർന്ന ഭാഷയിൽ അദ്ദേഹം പറഞ്ഞു.
മകന്റെ വാക്കുൾ കേട്ട് പൈലറ്റിന്റെ അമ്മ കണ്ണുതുടയ്ക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മുത്തച്ഛനോട് ഒരു "ഹായ്" പറയാമോ എന്നും പൈലറ്റ് യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു. ഈ സമയം. മുത്തച്ഛൻ സീറ്റിൽ നിന്ന് എഴുന്നേറ്റുനിന്ന് എല്ലാവരെയും കൈകൂപ്പി അഭിവാദ്യം ചെയ്തു. ഹൃദയസ്പർശിയായ നിമിഷത്തിന് സാക്ഷികളായ യാത്രക്കാർ കയ്യടിച്ചാണ് കുടുംബത്തെ വരവേറ്റത്.

