പശ്ചിമ ബംഗാളിൽ ജൂൺ ഒന്നുമുതൽ സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കും. സൗജന്യ യാത്രാ പദ്ധതി ജൂൺ ഒന്നുമുതൽ നടപ്പാക്കുമെന്ന് സംസ്ഥാന ​ഗതാ​ഗത വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ അറിയിച്ചു. 

കൊൽക്കത്ത: കേരളത്തിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ച‍ർച്ചകൾ പുരോ​ഗമിക്കുന്നതിനിടെ, പശ്ചിമ ബംഗാളിൽ ജൂൺ ഒന്നുമുതൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപി സ‍ർക്കാ‍ർ അധികാരമേറ്റതിന് പിന്നാലെയാണ് പ്രകടന പത്രികയിലെ പ്രധാന വാ​ഗ്ദാനം നടപ്പിലാക്കുന്നത്. സ്ത്രീ ശാക്തീകരണം അടക്കം ലക്ഷ്യമിട്ടാണ് സ‍ർക്കാർ ബസുകളിലെ സൗജന്യ യാത്ര. സംസ്ഥാനത്തെ ഹ്രസ്വ, ദീർഘദൂര സർക്കാർ ബസുകളിലെല്ലാം സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കും.

Add Asianetnews as a Preferred SourcegooglePreferred

സ്ത്രീ ശാക്തീകരണം വർധിപ്പിക്കുന്നതിനും സ്ത്രീകൾക്ക് കൂടുതൽ ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമായി, ജൂൺ ഒന്നുമുതൽ എല്ലാ സർക്കാർ ബസുകളിലും സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി ഗതാഗത വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ അറിയിച്ചു. പൊതുജനങ്ങൾക്കായി സർവീസ് നടത്തുന്ന വിവിധ വിഭാഗങ്ങളിലുള്ള ഹ്രസ്വ, ദീർഘദൂര സർക്കാർ ബസുകൾക്കെല്ലാം ഉത്തരവ് ബാധകമായിരിക്കും.

സൗജന്യ ബസ് യാത്ര പദ്ധതിയുടെ ഭാ​ഗമായി സർക്കാർ ക്യൂആർ കോഡ് അടങ്ങിയ സ്മാ‍ർട്ട് കാർഡ് പുറത്തിറക്കും. ഗുണഭോക്താവിൻ്റെ ഫോട്ടോയും പേരും സ്മാർട്ട് കാർഡിൽ ഉണ്ടാകും. ഇതിനായി സംസ്ഥാനത്തെ സ്ത്രീകൾ ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫീസ‍ർക്കോ സബ് ഡിവിഷണൽ ഓഫീസർക്കോ അപേക്ഷ സമ‍ർപ്പിക്കണം. ​അപേക്ഷയ്ക്കൊപ്പം ഫോട്ടോയും ഒരു അം​ഗീകൃത തിരിച്ചറിയൽ രേഖയും സമ‍ർപ്പിക്കണം.

സ്മാർട്ട് കാർഡുകളുടെ വിതരണം വൈകുമെന്നതിനാൽ, പദ്ധതി ഉടനടി ആരംഭിക്കുന്നതിനായി, ഫോട്ടോയോട് കൂടിയ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് ജൂൺ ഒന്നുമുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടത്താമെന്ന് ഉത്തരവിൽ അറിയിച്ചു. യാത്രക്കാരായ സ്ത്രീകൾ തിരിച്ചറിയൽ രേഖ കാണിക്കുന്ന മുറയ്ക്കുന്ന ഡ്യൂട്ടിയിലുള്ള കണ്ടക്ട‍ർ 'സീറോ വാല്യൂ ടിക്കറ്റ്' (സൗജന്യ ടിക്കറ്റ്) അല്ലെങ്കിൽ തെർമൽ പേപ്പർ ടിക്കറ്റ് നൽകുമെന്ന് ഉത്തരവിൽ വ്യക്തമാക്കി.