ദില്ലിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഒരു കാർ പൂർണ്ണമായി കത്തിനശിക്കുകയും നിരവധി വാഹനങ്ങൾക്ക് തീപിടിക്കുകയും ചെയ്തു. ഭൂമി കുലുങ്ങുന്നത് പോലെ തോന്നിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച് ദൃക്സാക്ഷി. ഭൂമി കുലുങ്ങുന്നത് പോലെ തോന്നിയെന്നും താൻ മരിച്ചുപോവുമെന്ന് വിചാരിച്ചുവെന്നും ഒരു ദൃക്‌സാക്ഷി പറഞ്ഞു. സ്ഫോടനം വളരെ ശക്തമായിരുന്നതിനാൽ തെരുവ് വിളക്കുകൾ തകരുകയും, കാർ കത്തിയതിനെ തുടർന്ന് സമീപത്തെ നിരവധി വാഹനങ്ങൾക്ക് തീ പടരുകയും ചെയ്തു. ദില്ലിയിലെ ചരിത്ര സ്മാരകമായ ചെങ്കോട്ടയുടെ മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 1-ന് സമീപം കാറിനടുത്താണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ കാർ പൂർണ്ണമായി കത്തിനശിച്ചു, സമീപത്തുണ്ടായിരുന്ന മറ്റ് പല കാറുകൾക്കും തീപിടിച്ചു. സ്ഫോടനത്തിന് പിന്നാലെ രാജ്യതലസ്ഥാനത്ത് ഉയർന്ന ജാഗ്രത പ്രഖ്യാപിച്ചു.

"സ്ഫോടനത്തിന് ശേഷം ഞാനും മറ്റു പലരും ഓടി. ഓടുന്നതിനിടയിൽ ഞാൻ മൂന്ന് തവണ വീണു. ഭൂമി കുലുങ്ങുന്നത് പോലെ തോന്നി, സ്ഫോടനം അത്രയ്ക്ക് ശക്തമായിരുന്നു. സുരക്ഷിത സ്ഥാനത്തേക്ക് ഓടുന്നതിനിടയിൽ ആളുകൾ പരസ്പരം തട്ടി വീണു. രണ്ടാമതും സ്ഫോടനമുണ്ടായാൽ ഞങ്ങളെല്ലാം മരിച്ചുപോവുമെന്ന് ഞങ്ങൾക്ക് തോന്നി," ഒരു ദൃക്‌സാക്ഷി പറഞ്ഞു. "ഞാൻ ഒരു വലിയ സ്ഫോടനം കേട്ടു. വീടിന്‍റെ മട്ടുപ്പാവിലായിരുന്ന ഞാൻ താഴെ വലിയ തീജ്വാലകൾ കണ്ടു. എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഞാൻ താഴേക്ക് ഓടി. എന്‍റെ വീടിന്‍റെ ജനലുകൾ ശക്തമായി കുലുങ്ങുന്ന അത്രയ്ക്ക് ശക്തിയുണ്ടായിരുന്നു സ്ഫോടനത്തിന്" മറ്റൊരു ദൃക്‌സാക്ഷി പറഞ്ഞു.

സ്ഫോടനം വൈകുന്നേരം 6:55ന്

വൈകുന്നേരം 6:55നാണ് സ്ഫോടനത്തെക്കുറിച്ച് കോൾ ലഭിച്ചതെന്ന് ദില്ലി ഫയർ ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു. ഉടൻ തന്നെ ഏഴ് അഗ്‌നിശമന സേനാ യൂണിറ്റുകളും 15 ക്യാറ്റ് ആംബുലൻസുകളും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. തീ സമീപത്തെ മറ്റ് വാഹനങ്ങളിലേക്കും പടർന്നു. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കിയപ്പോഴേക്കും അഞ്ചോ ആറോ വാഹനങ്ങൾ കത്തിനശിച്ചിരുന്നു.

സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവായ 2,900 കിലോഗ്രാമിലധികം അമോണിയം നൈട്രേറ്റ് പിടിച്ചെടുക്കുകയും നിരോധിത സംഘടനകളുമായി ബന്ധമുള്ള ഒരു സംസ്ഥാനാന്തര ഭീകര ശൃംഖലയെ പൊലീസ് തകർത്തതിനും മണിക്കൂറുകൾക്ക് ശേഷമാണ് ഈ സംഭവം. പിടിച്ചെടുത്ത വസ്തുക്കൾ ഉപയോഗിച്ച് നൂറുകണക്കിന് ശക്തമായ ഐഇഡികൾ നിർമ്മിച്ച് ദില്ലിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ഈ ശൃംഖല പദ്ധതിയിട്ടിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.