അര മണിക്കൂർ കൊണ്ട് ഹോട്ടൽ ഏതാണ്ട് പൂർണമായി കത്തിയമർന്നു.

ഭോപ്പാൽ: അജ്മീരിലെ ഹോട്ടലിലുണ്ടായ വൻ തീപിടുത്തത്തിൽ നാല് പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ദിഗ്ഗി ബസാറിലെ ഹോട്ടൽ നാസിൽ വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. നിരവധിപ്പേർ പ്രാണരക്ഷാർത്ഥം ഹോട്ടലിന്റെ മുകളിലെ നിലകളിൽ നിന്ന് താഴേക്ക് ചാടി. മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് പൊള്ളലേറ്റും പുക ശ്വസിച്ചും മരിച്ചതെന്ന് അധികൃതർ അറിയിച്ചു.

തീപിടുത്തത്തിനിടെ സ്വന്തം കുഞ്ഞിനെ രക്ഷിക്കാനായി ഒരു യുവതി മൂന്നാം നിലയിലെ ജനലിലൂടെ കുഞ്ഞിനെ താഴേക്ക് ഇട്ടുകൊടുത്തു. താഴെ നിൽക്കുകയായിരുന്ന ആളുകൾ കുഞ്ഞിനെ പിടിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഈ കുഞ്ഞിന് ചെറിയ പൊള്ളലുകൾ മാത്രമേ ഏറ്റിട്ടുള്ളൂവെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ഹോട്ടലിൽ നിന്ന് കറുത്ത പുക ഉയരുന്നത് ദൃശ്യങ്ങളിൽ കാണാം. ഏതാനും പേർ ജനലുകളിലൂടെ രക്ഷപ്പെട്ട് താഴേക്ക് ഇറങ്ങുന്നതും തൊട്ടടുത്ത കെട്ടിടത്തിലേക്ക് ചാടി രക്ഷപ്പെടുന്നതുമൊക്കെ പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

പൊള്ളലേറ്റ എട്ട് പേരെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. പൊട്ടിത്തെറി ശബ്ദം കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇത് എ.സി പൊട്ടിത്തെറിച്ചതാവാമെന്നാണ് നിഗമനം. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകട സമയത്ത് ഹോട്ടലിൽ 18 പേർ താമസിക്കുന്നുണ്ടായിരുന്നു എന്നാണ് വിവരം. ഇടുങ്ങിയ റോഡിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിലേക്ക് അഗ്നിശമന സേനാ വാഹനങ്ങൾ എത്താൻ പ്രയാസപ്പെട്ടു. ആളുകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഏതാനും പൊലീസുകാർക്കും അഗ്നിശമന സേനാ ഉദ്യോഗസ്ഥർക്കും ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം