നിലവിൽ അന്ന ഭാഗ്യ പദ്ധതി പ്രകാരം പൊതുവിതരണ സംവിധാനത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് അധികമായി നൽകുന്ന അഞ്ചു കിലോ അരിക്ക് പകരമായിട്ടാണ് ഇന്ദിര ഫുഡ് കിറ്റ് നൽകുന്നത് പരിഗണനയിലുള്ളത്

ബെംഗളൂരു: ഇന്ദിരാ കാന്‍റീൻ പദ്ധതിക്കുശേഷം ഇന്ദിരാ ഫു‍ഡ് കിറ്റ് പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍. പോഷക ഗുണമുള്ള ഭക്ഷ്യധാന്യങ്ങളും അവശ്യവസ്തുക്കളുമടങ്ങിയ കിറ്റ് ഗുണഭോക്താക്കള്‍ക്ക് നൽകുന്നതാണ് പദ്ധതി. നിലവിൽ അന്ന ഭാഗ്യ പദ്ധതി പ്രകാരം പൊതുവിതരണ സംവിധാനത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് അധികമായി നൽകുന്ന അഞ്ചു കിലോ അരിക്ക് പകരമായിട്ടാണ് ഇന്ദിര ഫുഡ് കിറ്റ് നൽകുന്നത് പരിഗണനയിലുള്ളത്. 

പൊതുവിതരണ സംവിധാനത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് അധികമായി നൽകുന്ന അരി കരിചന്തയിലും മറ്റും എത്തുന്നത് തടയാൻ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നത്. സര്‍ക്കാര്‍ പദ്ധതി പ്രകാരം ഒരോ മാസവും അധികമായി ഗുണഭോക്താക്കള്‍ക്ക് അനുവദിക്കുന്ന അരി വിപണിയിൽ കുറഞ്ഞ വിലയിൽ വിൽക്കുന്നത് അടക്കം തടയുന്നതിന് പുതിയ കിറ്റ് പദ്ധതി സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തൽ.ജുലൈ രണ്ടിന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പദ്ധതി അവതരിപ്പിക്കുമെന്നാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നുള്ള വിവരം.

 അന്ന ഭാഗ്യ പദ്ധതി പ്രകാരം മുൻഗണനാ റേഷൻ കാര്‍ഡുള്ളവര്‍ക്ക് ഒരോ മാസവും പത്തു കിലോ അരിയാണ് ലഭിക്കുക. ഇതിൽ അഞ്ചു കിലോ കേന്ദ്ര സര്‍ക്കാരും അഞ്ചു കിലോ സംസ്ഥാന സര്‍ക്കാരുമാണ് നൽകുന്നത്. എന്നാൽ, പല കുടുംബങ്ങള്‍ക്കും അവര്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ അരി ലഭിക്കുന്നുണ്ടെന്നും ഇത് അറി മറിച്ചുവിൽക്കുന്നതിലേക്ക് നയിക്കുന്നുണ്ടെന്നുമാണ് സര്‍ക്കാരിന്‍റെ വാദം.

ഈ പ്രശ്നം പരിഹരിക്കുന്നതിനായാണ് സംസ്ഥാന സര്‍ക്കാര്‍ നൽകുന്ന അഞ്ചുകിലോ അരിക്ക് പകരം ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ പോഷക കിറ്റ് നൽകാൻ തീരുമാനിച്ചത്. ഒരു കിലോ പഞ്ചസാര, ഒരു കിലോ ഉപ്പ്, ഒരു കിലോ പരിപ്പ്, ഒരു ലിറ്റര്‍ പാചക എണ്ണ, 100 ഗ്രാം ചായപ്പൊടി, 50 ഗ്രാം കാപ്പിപ്പൊടി, രണ്ടു കിലോ ഗോതമ്പ് തുടങ്ങിയ അവശ്യവസ്തുക്കളായിരിക്കും കിറ്റിലുണ്ടാകുക. 

90ശതമാനം ഗുണഭോക്താക്കളും അധികമുള്ള അ‍ഞ്ചു കിലോ അരിക്ക് പകരമായി ഇത്തരത്തിലുള്ള പലചരക്ക് കിറ്റ് ലഭിക്കുന്നതിലാണ് താത്പര്യമറിയിച്ചിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ നടത്തിയ സര്‍വേയിലൂടെ വ്യക്തമായത്. 1.28 കോടി ബിപിഎൽ ഗുണഭോക്താക്കളാണ് കര്‍ണാടകയിലുള്ളത്. ഒരു കുടുംബത്തിനുള്ള കിറ്റിന് 400 രൂപയാണ് സര്‍ക്കാര്‍ ചെലവായി കണക്കാക്കുന്നത്. 

ഇതിലൂടെ ഒരു മാസം 512 കോടിയുടെ ചെലവും വര്‍ഷത്തിൽ 6144 കോടിയുടെ ചെലവുമാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. നിലവിൽ അഞ്ചു കിലോ അരി നൽകുമ്പോഴുള്ള ചെലവിനേക്കാള്‍ കുറവാണിതെന്നും മാസം 60 കോടിയോളം ലാഭിക്കാനാകുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. അധാറുമായി ബന്ധിപ്പിച്ച റേഷൻ കാര്‍ഡുകളിലൂടെ നിലവിലുള്ള റേഷൻ വിതരണ സംവിധാനത്തിലൂടെ തന്നെ കിറ്റ് നൽകാനാണ് സര്‍ക്കാര്‍ തീരുമാനം.