ജിതേന്ദ്ര യാദവ് എന്ന ഡോക്ടർക്കാണ് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. 2021ൽ കൂട്ടബലാത്സംഗത്തിനിരയായ അതിജീവിതയുടെ വീട്ടിൽ വച്ചായിരുന്നു ആക്രമണം
ഗയ: കൂട്ടബലാത്സംഗ കേസിലെ അതിജീവിതയുടെ അമ്മയെ ചികിത്സിച്ച ഡോക്ടർക്കെതിരെ ആക്രമണം. ബിഹാറിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദമായി ഡോക്ടർക്കെതിരായ ആക്രമണ വീഡിയോ. താലിബാനേക്കാൾ മോശമായ അവസ്ഥയിലാണ് സംസ്ഥാനമെത്തി നിൽക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ചൊവ്വാഴ്ചയാണ് കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ അമ്മ ചികിത്സിച്ച ഡോക്ടർ ക്രൂരമായി ആക്രമിക്കപ്പെട്ടത്.
അതിജീവിതയുടെ വീട്ടിൽ നിന്ന് വലിച്ചിറക്കിയ ശേഷമാണ് ഡോക്ടർ ക്രൂരമായ ആക്രമണത്തിന് ഇരയായത്. വീട്ടിൽ നിന്ന് വലിച്ചിറക്കിയ ശേഷം മരത്തിൽ കെട്ടിയിട്ട് ഇരുമ്പ് ദണ്ഡുകൾകൊണ്ടും വടികൾ കൊണ്ടും ശരീരത്തിൽ നിന്നും രക്തം വരും വരെയായിരുന്നു ആക്രമണം. ജിതേന്ദ്ര യാദവ് എന്ന ഡോക്ടർക്കാണ് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. 2021ൽ കൂട്ടബലാത്സംഗത്തിനിരയായ അതിജീവിതയുടെ വീട്ടിൽ വച്ചായിരുന്നു ആക്രമണം.
കൂട്ടബലാത്സംഗത്തിന് പിന്നാലെ അതിജീവിത പരാതി നൽകുകയും കേസ് എടുക്കുയും ചെയ്തിരുന്നു. ഈ കേസിൽ ഗ്രാമവാസിയായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ മറ്റുള്ളവർ ഒളിവിൽ പോയിരുന്നു. മെയ് 30 ന് അതിജീവിത കേസിൽ കോടതിയിലെത്തി മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന്റെ ബന്ധുക്കൾ അതിജീവിതയേയും വീട്ടുകാരേയും ക്രൂരമായി ആക്രമിച്ചിരുന്നു. ഈ ആക്രമണത്തിൽ പരിക്കേറ്റ അതിജീവിതയുടെ അമ്മയെ ചികിത്സിക്കാനെത്തിയ ഡോക്ടറാണ് ആക്രമണത്തിനിരയായത്.
അതിജീവിതയുടെ അമ്മയ്ക്ക് മരുന്ന് നൽകുന്നതിനിടെ അഞ്ച് സ്ത്രീകളും മൂന്ന് പുരുഷൻമാരും വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. കുടുംബത്തിലുള്ളവരെ ആക്രമിച്ചതിന് ശേഷം അക്രമികൾ ഡോക്ടർക്കെതിരെ തിരിയുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ അതിജീവിതയുടെ ബന്ധു പരിക്കുമായി റോഡിലെത്തി സഹായം തേടിയതിന് പിന്നാലെയാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്. എന്നാൽ പൊലീസ് എത്തിയപ്പോഴേയ്ക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.
എന്നാൽ അക്രമത്തിന് കൂട്ടബലാത്സംഗ സംഭവവുമായി ബന്ധമില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. നേരത്തെ കുടുംബങ്ങൾക്കിടയിലുണ്ടായ സ്ഥല തർക്കമാണ് ആക്രമണത്തിന്റെ കാരണമെന്നാണ് പൊലീസ് വിശദമാക്കുന്നത്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്ന ഡോക്ടർ അപകട നില തരണം ചെയ്തിട്ടുണ്ടെന്നും പൊലീസ് വിശദമാക്കുന്നു. സംഭവത്തിൽ കൊലപാതക ശ്രമത്തിന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 10 പേർക്കെതിരെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഇതിനിടയിലാണ് ആക്രമണത്തിന്റെ വീഡിയോ ബിഹാറിൽ വലിയ രാഷ്ട്രീയ വിവാദമായിട്ടുണ്ട്. എൻഡിഎ സർക്കാർ സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ അവസാനിപ്പിക്കാനോ ക്രിമിനലുകളെ അറസ്റ്റ് ചെയ്യാനോ നീതി നടപ്പിലാക്കാനോ ശ്രമിക്കുന്നില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അരാജകത്വമാണ് സംസ്ഥാനത്തുള്ളത്.


