ആറിടങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നുവെന്നും പാക് സൈനിക വക്താവ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ 11 പാക് സൈനികര്‍ കൊല്ലപ്പെട്ടവെന്നാണ് പാക് സൈന്യം പറഞ്ഞിരുന്നത്

കറാച്ചി: ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തിന് പിന്നാലെ പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 13 സൈനികരെന്ന് പാകിസ്ഥാൻ. ആറിടങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നുവെന്നും പാക് സൈനിക വക്താവ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ 11 പാക് സൈനികര്‍ കൊല്ലപ്പെട്ടവെന്നാണ് പാക് സൈന്യം പറഞ്ഞിരുന്നത്. 40 പാക് പൗരന്മാരും കൊല്ലപ്പെട്ടുവെന്നും വാര്‍ത്താസമ്മേളനത്തിൽ പാക് സൈനിക വക്താവ് അവകാശപ്പെട്ടു.

ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ പാകിസ്ഥാനിലെ സാധാരണക്കാരെ ലക്ഷ്യമിട്ടില്ലെന്നും അവര്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നുമാണ് ഇന്ത്യ വ്യക്തമാക്കിയത്. ഓപ്പറേഷൻ സിന്ദൂരിൽ ഭീകരതാവളങ്ങളും പിന്നീടുണ്ടായ പ്രത്യാക്രമണത്തിൽ പാകിസ്ഥാനിലെ സൈനിക താവളങ്ങളുമാണ് ഇന്ത്യ ആക്രമിച്ചത്.

ഇതിനിടെ, ഓപറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന്‍ വ്യോമസേനയ്ക്ക് ഇന്ത്യന്‍ സൈന്യം കനത്ത പ്രഹരമേല്‍പ്പിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. പാക് വ്യോമസേനയുടെ അഞ്ചിലൊന്ന് സൗകര്യങ്ങൾ തകർത്തു. എഫ് പതിനാറ് അടക്കം നിരവധി യുദ്ധവിമാനങ്ങളും നിയന്ത്രണ രേഖയിലെ ബങ്കറുകളും ആക്രമണത്തില്‍ തകര്‍ന്നു. കൃത്യതയോടെ സേനകൾ സംയുക്തമായി നടത്തിയ ഓപ്പറേഷനാണെന്ന് 70 രാജ്യങ്ങളിലെ പ്രതിരോധ അറ്റാഷെമാരെ ഇന്ത്യ അറിയിച്ചു. അതേസമയം ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ പാകിസ്ഥാൻ പുറത്താക്കി. 

ഓപറേഷന്‍ സിന്ദൂറിന്‍റെ ഭാഗമായി പാക്കിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്‍റെ കൂടുതല്‍ വിവരങ്ങളാണ് ഔദ്യോഗികമായി പുറത്തുവന്നത്. പാക്കിസ്ഥാന്‍ വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളുടെ 20 ശതമാനവും ഒട്ടേറെ പോര്‍ വിമാനങ്ങളും ഇന്ത്യ തകര്‍ത്തു. വ്യോമതാവളങ്ങളിൽ വൻ നാശം വിതയ്ക്കാന്‍ ഇന്ത്യയ്ക്കായി. പാക് എയര്‍ഫോഴ്സിന്‍റെ എഫ് 16, ജെ എഫ് 17 പോര്‍വിമാനങ്ങള്‍ ഉണ്ടായിരുന്ന സര്‍ഗോധ, ബൊലാരി തുടങ്ങിയ വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു കനത്ത പ്രത്യാക്രമണം. ആക്രമണത്തില്‍ ഇവിടെ നിരവധി യുദ്ധവിമാനങ്ങള്‍ തകര്‍ത്തു. 50 സൈനികർ കൊല്ലപ്പെട്ടു.

ജാക്കോബബാദിലെ ഷഹബാസ് എയര്‍ബേസിന്‍റെ ആക്രമണത്തിന് മുന്‍പും ശേഷവുമുളള ഉപഗ്രഹ ചിത്രങ്ങള്‍ നാശനശഷ്ടത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്നു. മുഷാഫ് എയർബേസിനടുത്തുള്ള പാകിസ്ഥാൻ ആണവായുധ ശേഖരത്തിലേക്കുള്ള രണ്ട് കവാടങ്ങളും ഇന്ത്യ തകർത്തതായി ഓസ്ട്രിയയിലെ പ്രതിരോധ വിദഗ്ധൻ ടോം കൂപ്പർ അറിയിച്ചത് ചർച്ചയാവുകയാണ്. ആയുധശേഖരത്തിലേക്ക് എത്താനാവാത്ത വിധം കവാടം തകർത്തു എന്നാണ് ടോം കൂപ്പർ കുറിച്ചത്.

നിയന്ത്രണരേഖയിലും കനത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യയ്ക്കായി. ഭീകരരുടേയും പാക് റേഞ്ചേഴ്സിന്‍റേയും ബങ്കറുകളും പോസ്റ്റുകളും തകര്‍ത്തു. കൃത്യതയോടെ സേനകള്‍ സംയുക്തമായി നടത്തിയ ഓപറേഷനാണെന്ന് ഇന്ത്യ ലോകരാജ്യങ്ങളെ അറിയിച്ചു. 70 രാജ്യങ്ങളുടെ പ്രതിനിധികളോട് ഓപറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിച്ചു. ചാരപ്രവർത്തനം നടത്തിയതിന് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷൻ ഉദ്യോഗ്ഥനെ വിദേശകാര്യമന്ത്രാലയം പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്ലാമാബാദിലെ ഇന്ത്യൻ ഉദ്യോഗസ്ഥരെ കാരണം ഒന്നുമില്ലാതെ പാകിസ്ഥാൻ പുറത്താക്കിയത്.

YouTube video player