പൂളിൽ ഒഴുകി കിടക്കുന്ന തരത്തിലുള്ള കളിപ്പാട്ടത്തിൽ ബന്ധുവിന്റെ സഹായത്തോടെ കയറുന്നതിനിടെയാണ് ആറ് വയസുകാരൻ ബാലൻസ് തെറ്റി വെള്ളത്തിലേക്ക് വീണത്
ഫ്ലോറിഡ: സ്വിമ്മിംഗ് പൂളിൽ കളിക്കാനിറങ്ങിയ ആറുവയസുകാരൻ വെള്ളത്തിൽ മുങ്ങിത്താണു. തൊട്ടടുത്ത് ഒന്നും ചെയ്യാനാവാതെ പകച്ച് നിന്ന് ഉറ്റബന്ധു. പരിസരത്തുണ്ടായിരുന്ന ആളുടെ ഇടപെടലിൽ ആറ് വയസുകാരന് പുതുജീവൻ. ഫ്ലോറിഡയിലെ ഫോർട്ട് ലൌഡർഡേലിലെ ഒരു പൂളിലാണ് സംഭവം. പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സംഭവത്തിന്റെ ഭീകരത പുറത്ത് വന്നത്.
പൂളിൽ ഒഴുകി കിടക്കുന്ന തരത്തിലുള്ള കളിപ്പാട്ടത്തിൽ ബന്ധുവിന്റെ സഹായത്തോടെ കയറുന്നതിനിടെയാണ് ആറ് വയസുകാരൻ ബാലൻസ് തെറ്റി വെള്ളത്തിലേക്ക് വീണത്. നീന്തലറിയാത്ത ഉറ്റ ബന്ധു ഇതോടെ പകച്ചു നിൽക്കുകയായിരുന്നു. കുട്ടി സഹായത്തിനായി വിളിക്കുന്നത് കേട്ട് ബന്ധു ചില പരിശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലം കാണാതെ പോവുകയായിരുന്നു. ഇതിനിടെ ഇവിടേക്ക് എത്തിയ മറ്റൊരാൾ ആറ് വയസുകാരനെ വെള്ളത്തിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു.
ഓസ്കാർ എന്ന ആറുവയസുകാരനെയാണ് റോഖ് ഇവാൻ ഓകാമ്പോ എന്നയാൾ രക്ഷപ്പെടുത്തിയത്. അനക്കമറ്റ നിലയിലാണ് ആറ് വയസുകാരനെ പൂളിൽ നിന്ന് പുറത്തേക്ക് എടുത്തത്. പുറത്തെടുത്തതിന് പിന്നാലെ തന്നെ യുവാവ് സിപിആർ നൽകിയെങ്കിലും കുട്ടി അനങ്ങിയിരുന്നില്ല. നിരവധി തവണ ശ്രമിച്ചതിന് പിന്നാലെയാണ് കുട്ടി അനങ്ങാൻ തുടങ്ങിയത്. ഈ സമയം ആയപ്പോഴേയ്ക്കും മറ്റുള്ളവർ ഓടിയെത്തുകയും കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ കുട്ടിയുടെ രക്ഷിതാക്കൾ കുഞ്ഞിനെ അശ്രദ്ധമായി വിട്ടതിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.


